| Monday, 10th August 2020, 7:41 pm

ഇ.ഐ.എ 2020 കരട് വിജ്ഞാപനം; വിയോജിപ്പറിയിക്കാന്‍ കേരളം ഇനിയും വൈകുന്നതെന്തിന്?

കവിത രേണുക

കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം പുറപ്പെടുവിച്ച 2020ലെ പാരിസ്ഥിതികാഘാത പഠന വിജ്ഞാപനത്തിനെതിരെ ശക്തമായ പ്രതിഷേധമാണ് നടന്നുകൊണ്ടിരിക്കുന്നത്. വിജ്ഞാപനം നടപ്പാക്കുന്നതിനെതിരെ കേന്ദ്രത്തിന് മറുപടി നല്‍കേണ്ട അവസാന തീയതി ആഗസ്റ്റ് 11 ആണ്.

ജൂണ്‍ 30നകം നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കണമെന്നായിരുന്നു കേന്ദ്രസര്‍ക്കാരിന്റെ ഉത്തരവ്. പിന്നീട് കോടതി ഇടപെട്ടതിനെ തുടര്‍ന്നാണ് ആഗസ്റ്റ് 11ലേക്ക് തീയതി നീട്ടുകയായിരുന്നു.

കരട് വിജ്ഞാപനത്തിനെതിരെ നാനാതുറകളില്‍ നിന്നും വിമര്‍ശനങ്ങളും എതിര്‍പ്പുകളും ഉയരുമ്പോഴും വിജ്ഞാപനത്തിനെതിരെ കേരള സര്‍ക്കാര്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.

സി.പി.ഐ.എം കേന്ദ്രകമ്മിറ്റിയും കേരള ഘടകവും വിജ്ഞാപനത്തിനെതിരെ ശക്തമായ വിയോജിപ്പ് രേഖപ്പെടുത്തി രംഗത്തെത്തിയിട്ടും കേരളത്തിലെ ഇടതുപക്ഷം ഭരിക്കുന്ന സര്‍ക്കാര്‍ ഇതിനെതിരെ പ്രതികരിച്ചു കൊണ്ട് രംഗത്തെത്തിയിട്ടില്ല എന്നത് ശക്തമായ എതിര്‍പ്പുകള്‍ക്ക് കാരണമാകുന്നുണ്ട്.

2006 -ലെ പാരിസ്ഥിതികാഘാത പഠന വിജ്ഞാപനത്തിനു മാറ്റം വരുത്തിയാണ് കഴിഞ്ഞ മാര്‍ച്ച് 23 ന് പുതിയ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ മുന്നോട്ടു വയ്ക്കുന്ന കരടു വിജ്ഞാപനം കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയത്. എന്നാല്‍ 2006ലെ വിജ്ഞാപനത്തില്‍ വെള്ളം ചേര്‍ത്തുകൊണ്ടുള്ള വിജ്ഞാപനമാണ് ഇപ്പോഴത്തേതെന്നാണ് അഭിഭാഷകനായ ഹരീഷ് വാസുദേവന്‍ ഡൂള്‍ന്യൂസിനോട് പറഞ്ഞു.

‘2006ല്‍ ഉള്ള നിയമത്തില്‍ വെള്ളം ചേര്‍ത്താണ് 2020ല്‍ ഇത് അവതരിപ്പിക്കുന്നത്. ഇതിനെതിരെ ആളുകള്‍ക്ക് ഒബ്ജക്ഷന്‍ ഫയല്‍ ചെയ്യാനാണ് ആഗസ്റ്റ് 11 വരെ ദല്‍ഹി ഹൈക്കോടതി നീട്ടി നല്‍കിയത്. സംസ്ഥാന സര്‍ക്കാരുകള്‍, പഞ്ചായത്തുകള്‍, കോര്‍പറേഷനുകള്‍ തുടങ്ങിയവര്‍ക്കൊക്കെ തന്നെ അഭിപ്രായം പറയാം.

ഇവിടെ ഖനനം സംബന്ധിച്ച അനുമതിയാണെങ്കില്‍, നാലര ഏക്കര്‍ വരെയുള്ള ഖനനത്തിന് 30 ദിവസത്തിനുള്ളില്‍ അപേക്ഷിച്ചാല്‍ അനുമതി ലഭിക്കും. അതിന് പരിസ്ഥിതി ആഘാത പഠനമോ പബ്ലിക് കണ്‍സള്‍ട്ടന്‍സോ വേണ്ട. നാലര ഏക്കര്‍ വരെയുള്ള ഖനനത്തിന് ഒരാള്‍ക്ക് എത്ര അപേക്ഷകള്‍ വരെ നല്‍കാം എന്നതിനും നിയന്ത്രണമില്ല. കൃത്യമായി പറഞ്ഞാല്‍ സുപ്രീം കോടതിയും ഹരിത ട്രൈബ്യൂണലും പറഞ്ഞ നിബന്ധനകളും ഇത് വരുന്നതോട് കൂടി ഇല്ലാതാവും. അതായത് പരിസ്ഥിതിയില്‍ ലംഘനങ്ങള്‍ കൂടുതല്‍ നടത്താനുള്ള അനുമതി നല്‍കുകയാണ് ഈ ഉത്തരവ് നടപ്പാക്കുന്നതോടെ ചെയ്യുന്നത്,’ ഹരീഷ് വാസുദേവന്‍ പറയുന്നു.

ഇ.ഐ.എയും സ്വകാര്യമേഖലയും ബന്ധപ്പെട്ട് കിടക്കുന്നതെങ്ങനെ?

ഒറ്റനോട്ടത്തില്‍ പരിസ്ഥിതി ആഘാത പ്രശ്നം എന്നതിലേക്ക് മാത്രം വിരല്‍ ചൂണ്ടുമെങ്കിലും രാജ്യത്തെ മുഴുവന്‍ സ്വകാര്യ മേഖലയ്ക്ക് തീറെഴുതി കൊടുക്കാനുള്ള നീക്കമാണ് ഇത് വഴി നടക്കുന്നതെന്ന് സി.പി.ഐ.എമ്മിന്റെ കേന്ദ്ര കമ്മിറ്റിയംഗമായ എ.ആര്‍ സിന്ധു ഡൂള്‍ന്യൂസിനോട് പ്രതികരിച്ചു.

‘ഒറ്റനോട്ടത്തില്‍ പാരിസ്ഥിതിക പ്രശ്നമെന്ന് പറഞ്ഞാലും അതിലൊതുങ്ങുന്ന ഒന്നല്ല ഇത്. വലിയതോതിലുള്ള ആഘാതമാണ് ഇത് നടപ്പാക്കുക വഴി സംഭവിക്കുക. ഇത് ഭൂമിയുമായി മാത്രം ബന്ധപ്പെട്ട, അല്ലെങ്കില്‍ ആദിവാസികളുടെയോ, കാടും സ്ഥലങ്ങളും നിശിപ്പിക്കപ്പെടാന്‍ പോകുകയാണെന്ന് പറയുന്നതിന്റെയോ മാത്രം പ്രശ്നമല്ല. കോള്‍ മൈനിംഗ് ഉള്‍പ്പെടെയുള്ള ഖനന മേഖലയെ സ്വകാര്യ വത്കരിക്കുന്നതുമായി ബന്ധപ്പെട്ടാണ് അവര്‍ തിരക്ക് പിടിച്ച് ഈ കരട് നടപ്പാക്കാനൊരുങ്ങുന്നത്. പാരിസ്ഥിതികാഘാത കരട് വിജ്ഞാപനത്തെക്കുറിച്ച് പറയുമ്പോള്‍ ഇത്തരമൊരു ചര്‍ച്ച നടക്കുന്നില്ല.

രാജ്യത്തെ കല്‍ക്കരി ഖനികളുള്‍പ്പെടെയുള്ള ഖനികളെ സ്വകാര്യ വത്കരിക്കുന്നതിനായാണ് അവര്‍ ഇത് ഒന്നാമതായി നടപ്പാക്കുന്നത്. ഒന്നാമത്തെ കാര്യം കേന്ദ്രസര്‍ക്കാര്‍ രാജ്യത്തെ 41 പ്രധാന ഖനികളെ ലേലം ചെയ്യാനുള്ള നടപടികള്‍ നടത്തുന്നുണ്ട്. അവര്‍ കണ്ട് വെച്ച പല മേഖലകളിലേയും ഖനികള്‍ക്ക് പ്രാദേശിക തലത്തില്‍ നിലവിലെ സാഹചര്യത്തില്‍ അനുമതി ലഭിക്കില്ല. പക്ഷെ ഇ.ഐ.എ നടപ്പാക്കി കഴിഞ്ഞാല്‍ അനുമതിയുടെ ആവശ്യം പല ഘട്ടങ്ങളിലും വരില്ല. അല്ലെങ്കില്‍ ഇതെല്ലാം പെട്ടെന്ന് നടക്കും. ഖനികളുടെ സ്വകാര്യ വത്കരണം നടത്താനുദ്ദേശിക്കുന്നതും ഇത് കൊണ്ട് തന്നെയാണ്.

ഒട്ടുമുക്കാല്‍ തെര്‍മല്‍ പ്ലാന്റുകളിലുമായി ഊര്‍ജോത്പാദനത്തിന് ഉപയോഗിക്കുന്നത് കല്‍ക്കരിയാണ്. എല്ലാവര്‍ക്കും അത് ആവശ്യവുമായിരിക്കും. അപ്പോള്‍ ഇത് ബാധിക്കുക രാജ്യത്തെ ഊര്‍ജ സംരക്ഷണത്തെ കൂടിയാണ്. കല്‍ക്കരി മേഖലയെ സ്വകാര്യ വത്കരിക്കുക വഴി ഊര്‍ജ സംരക്ഷണം കൂടി സ്വകാര്യ വ്യക്തികളുടെ കൈകളിലെത്തും.

മറ്റൊന്ന് ഫാം ട്രേഡ് ഓര്‍ഡിനന്‍സ് ആണ്. ജൂണ്‍ അഞ്ചിന് നടപ്പാക്കിയ ഓര്‍ഡിനന്‍സാണ്. അതില്‍ പ്രധാനമായും ഭൂമി ഏറ്റെടുക്കലും വരും. ഇതുകൊണ്ടാണ് അവര്‍ ധൃതി പിടിച്ച് വിജ്ഞാപനം നടപ്പാക്കുന്നതിന് പിന്നിലെ ഉദ്ദേശം. ഭൂമിയെന്ന് പറയുമ്പോള്‍ ആദിവാസികളുമായി ബന്ധപ്പെട്ട് കിടക്കുന്ന കാട് മാത്രമല്ല, എല്ലാ തരത്തിലുള്ള ഭൂമിയും ഇഐഎ 2020 നടപ്പാക്കുന്നതോട് കൂടി ഏത് രീതിയിലും ഉപയോഗിക്കപ്പെടാം എന്ന സ്ഥിതിയിലെത്തും,’ എ. ആര്‍ സിന്ധു പറഞ്ഞു.

കാര്‍ഷികമേഖലയും ഊര്‍ജ മേഖലും മൊത്തമായി സ്വകാര്യമേഖലയ്ക്ക് തീറെഴുതിക്കൊടുക്കുക മാത്രമല്ല ഇത് വഴി ചെയ്യുന്നത്, എല്ലാ മേഖലകളെയും സ്വകാര്യ വത്കരിക്കാനുള്ള നീക്കംകൂടിയാണെന്നും സിന്ധു പറയുന്നു.

ഇ.ഐ.എ 2020 കരട് വിജ്ഞാപനത്തോട് സി.പി.ഐ.എം നിലപാട്

ഇ.ഐ.എ 2020 കരട് വിജ്ഞാപനത്തോട് സി.പി.ഐ.എം കേന്ദ്രകമ്മിറ്റിയും സി.പി.ഐ.എം കേരള ഘടകവും ശക്തമായ വിയോജിപ്പ് രേഖപ്പെടുത്തിയിരുന്നു.

പുതുക്കിയ കരട് വിജ്ഞാപനം നടപ്പാക്കുന്നതിനെതിരെ സി.പി.ഐ.എം പൊളിറ്റ്ബ്യൂറോ അംഗം വൃന്ദകാരാട്ട് കേന്ദ്ര വനം പരിസ്ഥിതി മന്ത്രി പ്രകാശ് ജാവദേക്കറിന് കത്തയിച്ചിരുന്നു.

പുതിയ വ്യവസ്ഥകള്‍ വികസനമെന്ന പേരില്‍ ബിസിനസ് അനുകൂല അജണ്ട നടപ്പാക്കാനും സുപ്രീം കോടതിയുടെയും ഹരിത ട്രിബ്യൂണലിന്റെയും വിധികള്‍ക്ക് എതിരാണെന്നും അവര്‍ കത്തില്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. വ്യവസ്ഥകള്‍ കൂടുതല്‍ ബാധിക്കുന്നത് ആദിവാസികളെയാണെങ്കിലും ആദിവാസി, വനാവകാശ നിയമം തുടങ്ങിയ വാക്കുകള്‍ പോലും കരടിലില്ലെന്നും ണമുണ്ടാക്കുന്ന പല വ്യവസായങ്ങളെയും മുന്‍ കൂര്‍ പരിസ്ഥിതി അനുമതി ആവശ്യമില്ലാത്ത ഗണത്തില്‍പ്പെടുത്തിയത് നിലവിലെ നിയമങ്ങള്‍ അട്ടിമറിക്കാനാണെന്നും അവര്‍ കത്തില്‍ പരാമര്‍ശിക്കുന്നുണ്ട്.

പാരിസ്ഥിതിക ആഘാത നിര്‍ണയ കരട് വഴി കേന്ദ്രം കോര്‍പ്പറേറ്റ് വത്കരണ നയം ശക്തമാക്കുകയാണെന്നാണ് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ കഴിഞ്ഞ ദിവസം പറഞ്ഞത്.

ഓരോ നിര്‍മാണ പ്രവര്‍ത്തനത്തിനും പരിസ്ഥിതി ആഘാതം എത്രത്തോളം ഉണ്ടെന്ന് ഇനി പരിശോധിക്കേണ്ട എന്നാണ് കേന്ദ്രസര്‍ക്കാര്‍ ഈ ഉത്തരവില്‍ വ്യക്തമാക്കിയിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു.

കേന്ദ്രത്തിന്റെ ഈ ഉത്തരവ് തിരുത്തണം. അതിന് സംസ്ഥാന സര്‍ക്കാര്‍ ഇടപെടണം. കേരളത്തിന്റെ വ്യത്യസ്ത അഭിപ്രായം സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രസര്‍ക്കാരിനെ അറിയിക്കണം എന്നുള്ളതാണ് പാര്‍ട്ടി സംസ്ഥാന കമ്മറ്റി നിര്‍ദേശിക്കുന്നതെന്ന് കോടിയേരി വ്യക്തമാക്കി.

പാരിസ്ഥിതിക ആഘാത പഠനത്തിന്റെ ആരംഭവും ആവശ്യകതയും

സ്റ്റോക്ക് ഹോം കണ്‍വെന്‍ഷന്‍ അനുസരിച്ചാണ് എല്ലാ രാജ്യങ്ങളും എന്‍വയോണ്‍മെന്റ് ഇംപാക്ട് അസസ്മെന്റ് ആരംഭിക്കുന്നത്. ഇതിന്റെ പ്രധാന ചുമതലയെന്ന് പറയുന്നത് പാരിസ്ഥിതികാ ആഘാതപഠനവും അതില്‍ പൊതുജനത്തെയും കണ്‍സള്‍ട്ട് ചെയ്യുക എന്നുള്ളതാണ്.

1994ലാണ് ആദ്യത്തെ വിജ്ഞാപനം പുറത്തിറങ്ങുന്നത്. അത് കഴിഞ്ഞ് 2006ല്‍ രണ്ടാമത്തെ വിജ്ഞാപനവും കൊണ്ട് വന്നു. പരിസ്ഥിതിക്ക് ആഘാതമുണ്ടാകാന്‍ സാധ്യതയുള്ള പദ്ധതികളുടെ അല്ലെങ്കില്‍ പ്രവര്‍ത്തനങ്ങളുടെ പാരിസ്ഥിതിക അനുമതി നല്‍കുക എന്നതാണ് ഈ പഠനം കൊണ്ട് ഉദ്ദേശിക്കുന്നത്.

പഠനം എത്രമാത്രം വസ്തുതാപരമാണ് എന്ന് കണ്ടെത്താനാണ് ഇവിടെ പബ്ലിക് കണ്‍സള്‍ട്ടേഷന്‍. ഖനനം റോഡ്നിര്‍മാണം, ഷോപ്പിംഗ് കോംപ്ലക്സുകള്‍, വന്‍കിട കെട്ടിടങ്ങള്‍, താപ വൈദ്യുത നിലയങ്ങള്‍, ഡാമുകള്‍, ഫാക്ടറികള്‍, പെയിന്റ് നിര്‍മാണ ഫാക്ടറികള്‍ കെമിക്കല്‍ ഫാക്ടറികള്‍, വിമാനത്താവളങ്ങള്‍, കപ്പല്‍ നിര്‍മാണ ശാലകള്‍, തുടങ്ങി വലിയൊരു ലിസ്റ്റ് ഇതിനകത്തുണ്ട്. ഇതില്‍ ഏതിനും പാരിസ്ഥിതാനുമതി ആവശ്യമുണ്ട്. ഈ പ്രക്രിയകളിലൂടെയൊക്കെ കടന്ന് പോകേണ്ടതുണ്ട്.

എന്നാല്‍ ഇ.ഐ.എ2020 നടപ്പാകുന്നതോട് കൂടി ഇതിന് പലതിനും അനുമതി ആവശ്യമില്ലാതായി തീരുമെന്നും ഹരീഷ് വാസുദേവന്‍ വ്യക്തമാക്കുന്നു.

സാമൂഹ്യ പ്രവര്‍ത്തകര്‍, പരിസ്ഥിതി പ്രവര്‍ത്തകര്‍, രാഷ്ട്രീയക്കാര്‍ തുടങ്ങി നിലവില്‍ ഈ നയത്തിനെതിരെ വിവിധ കോണുകളില്‍ നിന്ന് നിരവധി പ്രതിഷേധങ്ങള്‍ നേരത്തെ ഉയരുന്നുണ്ട്. എന്നാല്‍ അവസാന നിമിഷം മാത്രമാണ് കേരളം പ്രതികരണം രേഖപ്പെടുത്തുമെന്ന് വ്യക്തമാക്കുന്നത്.

പരിസ്ഥിതി ആഘാത നിര്‍ണയ അതോറിറ്റി വ്യവസ്ഥകളില്‍ വരുത്തേണ്ട മാറ്റങ്ങളെക്കുറിച്ചുള്ള ശുപാര്‍ശകള്‍ സംസ്ഥാനത്തിന് മെയ് മാസം തന്നെ നല്‍കിയിരുന്നെങ്കിലും കേരളം ഇതുവരെയും അതിനെ അംഗീകരിക്കുകയോ കേന്ദ്ര സര്‍ക്കാരിന് കൈമാറുകയോ ചെയ്തിട്ടില്ല.

അതേസമയം പരിസ്ഥിതി പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ കേന്ദ്രസര്‍ക്കാരിനെ എതിര്‍പ്പ് അറിയിക്കാനുള്ള കൂട്ടായ ശ്രമങ്ങള്‍ നടക്കുന്ന സാഹചര്യത്തില്‍ ഈ വിഷയത്തില്‍ കേരളം കൈക്കൊള്ളുന്ന നിലപാട് നിര്‍ണായകമാണ്.

നിശ്ചിതസമയത്തിനുള്ളില്‍ കേരളം വിയോജിപ്പ് അറിയിക്കുമെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ തിങ്കളാഴ്ച വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞത്. വിജ്ഞാപനത്തില്‍ യോജിപ്പില്ലെന്നും അദ്ദേഹം പറഞ്ഞു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

കവിത രേണുക

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. ജേര്‍ണലിസത്തില്‍ പി.ജി ഡിപ്ലോമ

Latest Stories

We use cookies to give you the best possible experience. Learn more