മോദി സര്‍ക്കാറിന്റെ പരിസ്ഥിതി നിയമഭേദഗതിയോട് കേരളത്തിന് പറയാനുള്ളത്
രോഷ്‌നി രാജന്‍.എ

കേന്ദ്രസര്‍ക്കാരിന്റെ പരിസ്ഥിതി ആഘാത വിലയിരുത്തല്‍ വിജ്ഞാപനം അഥവാ ഇ.ഐ.എ നോട്ടിഫിക്കേഷന്‍ 2020 ക്കെതിരെ ശക്തമായ എതിര്‍പ്പുകളാണ് വിവിധ മേഖലകളില്‍ നിന്നുയര്‍ന്നുകൊണ്ടിരിക്കുന്നത്. പുതിയ വിജ്ഞാപനത്തിലൂടെ കേന്ദ്രഭരണകൂടം വന്‍കിട വ്യവസായക്കുത്തകകള്‍ക്ക് രാജ്യത്തിന്റെ വിഭവങ്ങള്‍ മുഴുവന്‍ വിറ്റഴിക്കുകയാണെന്ന രൂക്ഷവിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു.

ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ച ഈ നിയമ ഭേദഗതി എങ്ങിനെയാണ് സമൂഹത്തെ ബാധിക്കാന്‍ പോകുന്നത് എന്നതിനെ കേരളത്തിലെ പാരിസ്ഥിതിക പ്രശ്നങ്ങളുടെ പശ്ചാത്തലത്തില്‍ പരിശോധിക്കുകയാണിവിടെ.

പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ കേരളത്തില്‍ ആദ്യമായി നടക്കുന്നത് എഴുപതു്കളിലാണ്. സൈലന്റ് വാലി അണക്കെട്ട് പദ്ധതിക്കെതിരായി നടന്ന ജനകീയ ചെറുത്തുനില്‍പ്പില്‍ നിന്നാരംഭിച്ച കേരളത്തിലെ പരിസ്ഥിതി മുന്നേറ്റം വിഭവാധികാരത്തിന്റെയും പാരിസ്ഥിതിക നീതിയുടെയും മനുഷ്യ-ആവാസവ്യവസ്ഥാ ബന്ധങ്ങളുടെയും രാഷ്ട്രീയം ഉയര്‍ത്തിയ ഒട്ടനേകം ജനകീയ സമരങ്ങള്‍ക്കാണ് പിന്നീട് വഴിതെളിയിച്ചത്.

ചാലിയാറിന്റെ തീരങ്ങളെ ക്യാന്‍സര്‍ ഗ്രാമങ്ങളാക്കി മാറ്റിയ മാവൂര്‍ ഗ്വാളിയോര്‍ റയോണ്‍സ് കമ്പനി അടച്ചുപൂട്ടുന്നത് വരെ പ്രദേശവാസികള്‍ നടത്തിയ ഐതിഹാസികമായ പോരാട്ടങ്ങള്‍, കേരളത്തിന്റെ അതിര്‍ത്ഥി ഗ്രാമമായ പ്ലാച്ചിമടയിലെ മണ്ണില്‍ വിഷം കലര്‍ത്തി പ്രദേശവാസികളുടെ ജീവജലം ഊറ്റിയെടുത്ത ബഹുരാഷ്ട്ര ഭീമന്‍ കൊക്കക്കോളക്കെതിരെ ആദിവാസി ദളിത് കര്‍ഷക ജനത നടത്തിയ സന്ധിയില്ലാത്ത സമരങ്ങള്‍, കാസര്‍ഗോട്ടെ ഗ്രാമങ്ങളില്‍ ജനിച്ചുവളര്‍ന്ന കുഞ്ഞുങ്ങളുടെ ജീവിതങ്ങളെ വിഷലിപ്തമാക്കിയ എന്‍ഡോസള്‍ഫാന്‍ എന്ന മാരകകീടനനാശിനിക്കെതിരായി നടന്ന പ്രക്ഷോഭങ്ങള്‍, നഗര വികസനങ്ങളുടെ മറവില്‍ മാലിന്യക്കൂമ്പാരങ്ങളായി മാറാന്‍ വിധിക്കപ്പെട്ട വിളപ്പില്‍ശാലയിലെയും ലാലൂരിലെയും സാധാരക്കാരണായ മനുഷ്യര്‍ നടത്തിയ അതിജീവന സമരങ്ങള്‍, വികസനത്തിന്റെ പേരില്‍ ജന്മനാടുകളില്‍ കുടിയൊഴിപ്പിക്കപ്പെട്ട
പാര്‍ശ്വവകത്കൃത ജനത നടത്തിയ ഒട്ടനേകം ചെറുത്തുനില്‍പുകള്‍ എന്നിങ്ങനെ കേരള രാഷ്ട്രീയ ചരിത്രത്തില്‍ അടയാളപ്പെടുത്തപ്പെട്ട നിരവധി സമരങ്ങളിലൂടെയാണ് ഈ നാട് ഭാവി തലമുറയ്ക്കായി ഇവിടുത്തെ വിഭവങ്ങള്‍ക്ക് കാവല്‍ നിന്നത്.

തെരുവുകളിലും കോടതിമുറികളിലും ഒരേ പോലെ മുന്നേറിയ ഈ ഐതിഹാസിക ജനകീയ പ്രക്ഷോഭങ്ങള്‍ക്കെല്ലാം വലിയ രീതിയില്‍ പിന്തുണയായത് രാജ്യത്തെ ശക്തമായ പരിസ്ഥിതി നിയമങ്ങള്‍ കൂടിയായിരുന്നു. ഒരു പ്രദേശത്ത് ഒരു് ്വികസനപദ്ധതി നടപ്പിലാക്കുമ്പോള്‍ പ്രദേശത്തെ പരിസ്ഥിതിയെ സംബന്ധിച്ച ആഘാത പഠനങ്ങള്‍ നടത്തണമെന്നും ജനാഭിലാഷം കണക്കിലെടുക്കുന്നതായി ജനകീയ അഭിപ്രായ സ്വരൂപീകരണം ടത്തണമെന്നതുമെല്ലാം നിലവിലെ പരിസ്ഥിതി നിയമങ്ങള്‍ കര്‍ശനമായി നിഷ്‌കര്‍ഷിക്കുന്നുണ്ടായിരുന്നു.

എന്നാല്‍ നരേന്ദ്രമോദി സര്‍ക്കാര്‍ ഇപ്പോള്‍ കൊണ്ടുവന്നിരിക്കുന്ന നിയമഭേദഗതി നടപ്പിലാകുന്നതോടെ പരിസ്ഥിതി നിയമങ്ങളെല്ലാം ദുര്‍ബലപ്പെടുന്നതുവഴി രാജ്യത്തെ വിഭവങ്ങളിലേക്കുള്ള അനിയന്ത്രിതമായ കടന്നുകയറ്റമാകും വന്‍കിട കോര്‍പ്പറേറ്റുകള്‍ നടത്തുക.

കാസര്‍ഗോട്ടെ മലയോര ഗ്രാമങ്ങളില്‍ നടക്കുന്ന ഖനനവിരുദ്ധ സമരങ്ങള്‍ മുതല്‍ തിരുവനന്തപുരം വിഴിഞ്ഞത്തെ തീരജനത നടത്തിവരുന്ന പ്രക്ഷോഭങ്ങളടക്കം എണ്ണിയാലൊടുങ്ങാത്ത ജനകീയ സമരങ്ങള്‍ ഇന്നും കേരളത്തില്‍ നടന്നുവരുന്നുണ്ട്. എങ്ങിനെയായിരിക്കും ഇ.ഐ.എ ഭേദഗതി ഈ സമരങ്ങളെയും കേരളീയ സമൂഹത്തെയും ബാധിക്കാന്‍ പോകുന്നത്. നമുക്ക് പരിശോധിക്കാം.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം,പേജുകളിലൂടെയും വാട്സാപ്പിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

രോഷ്‌നി രാജന്‍.എ
മഹാരാജാസ് കോളജില്‍ നിന്നും കെമിസ്ട്രിയില്‍ ബിരുദാനന്തര ബിരുദം, കോഴിക്കോട് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷന്‍ ആന്റ് ജേണലിസത്തില്‍ നിന്നും പി.ജി ഡിപ്ലോമ. ഇപ്പോള്‍ ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി.