ന്യൂദല്‍ഹി: കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം പുറപ്പെടുവിച്ച 2020ലെ പാരിസ്ഥിതികാഘാത പഠന വിജ്ഞാപനം പ്രാദേശിക ഭാഷയില്‍ പ്രസിദീകരിക്കണമെന്ന് കോടതി നിര്‍ദ്ദേശം പാലിക്കാത്തതിനെ തുടര്‍ന്ന് കേന്ദ്രസര്‍ക്കാരിനെതിരെ കോടതിയലക്ഷ്യ നോട്ടീസ് അയച്ചു.
നേരത്തെ ഭരണഘടന അംഗീകരിച്ച 22 ഭാഷകളില്‍ വിജ്ഞാപനം പ്രസിദ്ധീകരിക്കണമെന്ന് ദല്‍ഹി ഹൈക്കോടതി വിധി പുറപ്പെടുവിച്ചിരുന്നു. എന്നാല്‍ ഇംഗ്ലീഷിലും ഹിന്ദിയിലും മാത്രമായിരുന്നു പരിസ്ഥിതി മന്ത്രാലയം വിജ്ഞാപനം പ്രസിദ്ധീകരിച്ചത്.
ജൂണ്‍ 30 മുതല്‍ 10 ദിവസത്തിനകം ഈ നടപടി പൂര്‍ത്തിയാക്കണമെന്നായിരുന്നു നിര്‍ദേശം. ഇതിനെ തുടര്‍ന്ന് പരിസ്ഥിതി പ്രവര്‍ത്തകന്‍ വിക്രാന്ത് തോംഗഡ് നല്‍കിയ പരാതിയിലാണ് ദല്‍ഹി ഹൈക്കോടതി പരിസ്ഥിതി വകുപ്പ് സെക്രട്ടറിക്ക് നോട്ടീസ് അയച്ചത് കേസ് അടുത്തയാഴ്ച പരിഗണിക്കും.
ഓഗസ്റ്റ് 17ന് കേസ് വീണ്ടും പരിഗണിക്കുമ്പോള്‍ മറുപടി നല്‍കണമെന്നാണ് കോടതി നിര്‍ദ്ദേശിച്ചിരിക്കുന്നത്.ഹരജിക്കാരന് വേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ ഗോപാല്‍ ശങ്കരനാരായണനാണ് ഹാജരായത്.
അതേസമയം വിജ്ഞാപനത്തിനെ കുറിച്ച് പൊതുജനങ്ങള്‍ക്കുള്ള അഭിപ്രായം അറിയിക്കാനുള്ള അവസാന ദിനം ഇന്നാണ്. ചൊവ്വാഴ്ച വൈകുന്നേരം വരെ ലഭിക്കുന്ന അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും പരിശോധിച്ച ശേഷമായിരിക്കും അന്തിമ വിജ്ഞാപനം പുറത്തിറക്കുകയെന്നാണ് സര്‍ക്കാര്‍ അറിയിച്ചിരിക്കുന്നത്.
നിലവില്‍ നാലര ലക്ഷത്തിലധികം കത്തുകളാണ് ഇ.ഐ.എയില്‍ ഇതുവരെ മന്ത്രാലയത്തിന് ലഭിച്ചിരിക്കുന്നത്. മാര്‍ച്ച് 23നാണ് പരിസ്ഥിതി ആഘാത പഠനത്തിനുള്ള നിര്‍ദ്ദേശങ്ങളിലെ ഭേദഗതിക്കായുള്ള കരട് വിജ്ഞാപനം തയ്യാറാക്കിയത്. ഏപ്രില്‍ 11നാണ് കരട് വിജ്ഞാപനം പൊതുജനങ്ങളുടെ അഭിപ്രായത്തിനായി പ്രസിദ്ധീകരിച്ചത്.
അതേസമയം കേരളം വിജ്ഞാപനത്തില്‍ ഇന്ന് വിയോജിപ്പ് അറിയിക്കുമെന്നാണ് മുഖ്യമന്ത്രി അറിയിച്ചത്. അവസാന ദിവസം വരെ കേരളത്തിന്റെ നിലപാട് അറിയിക്കാന്‍ എടുത്തതിനെതിരെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു.