ഈജിപ്തില്‍ രണ്ടാംഘട്ട ഹിത പരിശോധന ഇന്ന്
World
ഈജിപ്തില്‍ രണ്ടാംഘട്ട ഹിത പരിശോധന ഇന്ന്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 22nd December 2012, 12:30 am

കെയ്‌റോ: ഈജിപ്തിലെ പുതിയ ഭരണഘടനയുടെ അംഗീകാരത്തിനായുള്ള രണ്ടാംഘട്ട ജനഹിത പരിശോധന ഇന്ന്. ഇന്ന് വോട്ടെടുപ്പ് നടക്കാനിരിക്കെ രാജ്യത്ത് ബ്രദര്‍ബഹുഡ് പ്രവര്‍ത്തകരും പ്രക്ഷോഭകാരികളും തമ്മില്‍ ഏറ്റുമുട്ടല്‍ രൂക്ഷമായി.[]

തലസ്ഥാന നഗരിയായ കെയ്‌റോയിലും അലക്‌സാണ്ട്രിയയിലുമാണ് ഏറ്റവും കൂടുതല്‍ പ്രക്ഷോഭം നടന്നത്. ആയിരക്കണക്കിനാളുകളാണ് ഏറ്റുമുട്ടിയത്. സംഘര്‍ഷത്തില്‍ നിരവധിപേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

സംഘര്‍ഷത്തെ നേരിടാന്‍ പോലീസും സൈന്യവും എത്തിയതോടെ സ്ഥിതി കൂടുതല്‍ വഷളായി. പ്രക്ഷോഭകാരികള്‍ക്ക് നേരെ പോലീസ് കണ്ണീര്‍ വാതകം പ്രയോഗിച്ചു. ലാത്തി പ്രയോഗത്തിലും  നിരവധിപേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

പുതിയ ഭരണഘടനയില്‍ രാജ്യത്തെ നീതിന്യായ വ്യവസ്ഥ താറുമാറാകുമെന്നും പ്രസിഡന്റിന്് കൂടുതല്‍ അധികാരം നല്‍കുന്നതാണ് ഭരണഘടനയെന്നുമാണ് പ്രക്ഷോഭകര്‍ ആരോപിക്കുന്നത്.

ഭരണഘടനയില്‍ മുസ്‌ലിം ശരീഅത് നിയമത്തിന് കൂടുതല്‍ പ്രാധാന്യം നല്‍കുന്നുണ്ടെന്നും സ്ത്രീകളുടെ സ്വാതന്ത്ര്യം ഹനിക്കുന്നതാണെന്നും പ്രക്ഷോഭകര്‍ പറയുന്നു. പ്രതിഷേധത്തിനിടെ കഴിഞ്ഞാഴ്ച ഒന്നാംഘട്ട ഹിത പരിശോധന നടന്നിരുന്നു.

ഇന്ന് നടക്കുന്ന പരിശോധനയില്‍ നിന്ന് പ്രതിപക്ഷം വിട്ടുനില്‍ക്കുമെന്നും അറിയിച്ചിട്ടുണ്ട്. ആദ്യഘട്ടത്തില്‍ മുര്‍സിക്ക് മുന്‍തൂക്കം ലഭിച്ചതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

ഈജിപ്തിലെ 27 പ്രവിശ്യകളില്‍ 17 ഇടങ്ങളിലായാണ് ഹിതപരിശോധന നടക്കുന്നത്. 25 മില്യണ്‍ ജനങ്ങളാണ് ഹിത പരിശോധനയില്‍ പങ്കാളികളാവുന്നത്. ഇന്ന് വൈകുന്നേരത്തോടെ ഫലങ്ങള്‍ ലഭ്യമാകും.