കെയ്‌റോ: ഈജിപ്ത് മുന്‍ പ്രസിഡന്റും മുസ്‌ലിം ബ്രദര്‍ഹുഡ് നേതാവുമായ മുഹമ്മദ് മുര്‍സിക്ക് 20 വര്‍ഷത്തെ തടവ് ശിക്ഷ. പ്രസിഡന്റായിരിക്കെ തന്റെ വസതിക്ക് മുമ്പില്‍ പ്രതിഷേധം നടത്തിയവര്‍ കൊല്ലപ്പെട്ട കേസിലാണ് ശിക്ഷ. 2012 ഡിസംബറില്‍ നടന്ന പ്രതിഷേധ പ്രകടനത്തില്‍ 10 പേരായിരുന്നു കൊല്ലപ്പെട്ടിരുന്നത്.
പ്രസിഡന്റ് സ്ഥാനത്ത് നിന്നും അധികാര ഭ്രഷ്ടനായതിന് ശേഷം നിരവധി കേസുകളാണ് മുര്‍സിക്കെതിരെ ഈജിപ്ത് സര്‍ക്കാര്‍ ചുമത്തിയിരുന്നത്. ഇതിലാദ്യത്തെ വിധിയാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. മൂന്നോളം കേസുകളാണ് അദ്ദേഹത്തിനെതിരെ നിലവിലുള്ളത്. കേസില്‍ മറ്റ് പ്രതികള്‍ക്കും തുല്യമായ ശിക്ഷയാണ് കോടതി വിധിച്ചിരിക്കുന്നത്.
ഈജ്പ്തില്‍ വിപഌവാനന്തരം അധികാരത്തിലേറിയ മുഹമ്മദ് മുര്‍സിയെ പുറത്താക്കിക്കൊണ്ട് 2013ലായിരുന്നു അബ്ദുല്‍ ഫത്തേഹ് അല്‍ സിസിയുടെ നേതൃത്വത്തില്‍ സൈന്യം അധികാരം പിടിച്ചെടുത്തിരുന്നത്. ഇതിനെതിരെ ബ്രദര്‍ഹുഡ് പ്രവര്‍ത്തകര്‍ കടുത്ത പ്രക്ഷോഭമാണ് നടത്തിയിരുന്നത്.
കൈറോയിലെ റാബിയ അദവിയ്യ ചത്വരത്തില്‍ പ്രതിഷേധ പ്രകടനം നടത്തിയ 817ാളം ബ്രദര്‍ഹുഡ് പ്രവര്‍ത്തകര്‍ വെടി വെയ്പില്‍ കൊല്ലപ്പെട്ടിരുന്നു.നിരവധി പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്യുകയും വധശിക്ഷക്ക് വിധിക്കുകയും ചെയ്തിരുന്നു.2014 മുതല്‍ മുതല്‍ 1,212 പ്രവര്‍ത്തകരെയാണ് ഈജിപ്ത് ഭരണകൂടം വധശിക്ഷക്ക് വിധിച്ചിരുന്നത്.