| Sunday, 9th December 2012, 9:36 am

മുര്‍സി മുട്ടുമടക്കി; അമിതാധികാരം പിന്‍വലിച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

കയ്‌റോ: പ്രസിഡന്റിന്റെ അമിതാധികാര ഉത്തരവിനെതിരെ ജനരോഷം ഉയരുന്ന സാഹചര്യത്തില്‍ പ്രക്ഷോഭകര്‍ക്ക് മുന്നില്‍ മുഹമ്മദ് മുര്‍സി മുട്ടുമടക്കി. പ്രസിഡന്റിന്റെ അമിതാധികാരം ചോദ്യം ചെയ്യാന്‍ നീതിപീഠത്തിന് അധികാരമുണ്ടാകില്ലെന്ന വിവാദ ഉത്തരവ് മുര്‍സി പിന്‍വലിച്ചു.[]

അതേസമയം, അടുത്ത ആഴ്ച നടക്കാനിരിക്കുന്ന കരട് ഭരണഘടന സംബന്ധിച്ചുള്ള ജനഹിത പരിശോധനയില്‍ മാറ്റമുണ്ടാകില്ലെന്നും മുര്‍സി അറിയിച്ചു. നേരത്തേ പ്രധാന മന്ത്രി ഹിഷാം കന്തില്‍ മുഖേന ഉത്തരവ് പിന്‍വലിക്കുമെന്ന സൂചന മുര്‍സി നല്‍കിയിരുന്നു.

നിയമപരമായി ജനഹിത പരിശോധന നിര്‍ത്തിവെക്കാന്‍ പ്രസിഡന്റിന് അധികാരമില്ലാത്തതിനാലാണ് ജനഹിത പരിശോധന മുര്‍സി മാറ്റിവെക്കാത്തത്. മുര്‍സിക്കെതിരെ പ്രതിഷേധം ശക്തമാക്കിയ പ്രക്ഷോഭകര്‍ അദ്ദേഹത്തിന്റെ കൊട്ടാരത്തിന് മുന്നിലും പ്രകടനവുമായി എത്തിയിരുന്നു.

ഇതിനെ തുടര്‍ന്ന് പ്രശ്‌നപരിഹാരത്തിനായി സൈന്യത്തെ ഇറക്കുകയായിരുന്നു. രാജ്യത്തെ പുതിയ പ്രതിസന്ധി ചര്‍ച്ചകളിലൂടെ പരിഹരിച്ചില്ലെങ്കില്‍ കടുത്ത പ്രത്യാഘാതങ്ങള്‍ ഉണ്ടാകുമെന്ന മുന്നറിയിപ്പാണ് ഉത്തരവ് പിന്‍വലിക്കാന്‍ മുര്‍സിയെ പ്രേരിപ്പിച്ചത്.

രാജ്യം ഇരുട്ടിലേക്ക് തള്ളിവിടപ്പെടുന്നത് തടയാന്‍ പ്രസിഡന്റ് കാര്യക്ഷമമായി ഇടപെടണമെന്നും സൈന്യം ആവശ്യപ്പെട്ടിരുന്നു. മുര്‍സിക്കെതിരേ പ്രക്ഷോഭം ശക്തമായശേഷം ഇതാദ്യമായാണ് സൈന്യം പ്രസ്താവനയിറക്കുന്നത്.

ഈജിപ്തിലെ മുന്‍ പ്രസിഡന്റുമാര്‍ക്കെല്ലാം സൈന്യത്തിന്റെ ശക്തമായ പിന്തുണ ലഭിച്ചിരുന്നെങ്കിലും മുര്‍സി സൈന്യത്തെ ഭരണകാര്യങ്ങളില്‍നിന്ന് അകറ്റിനിര്‍ത്തിയിരുന്നു.

പുറത്താക്കപ്പെട്ട മുബാറക്കിന്റെ അനുയായികളാണ് മുര്‍സിക്കെതിരേയുള്ള സമരത്തിനു നേതൃത്വം നല്‍കുന്നതെന്നായിരുന്നു മുസ്‌ലിം ബ്രദര്‍ഹുഡിന്റെ ആരോപണം.

അതേസമയം, വിവാദ ഉത്തരവ് പിന്‍വലിച്ച നടപടി അര്‍ത്ഥശൂന്യമാണെന്നാണ് പ്രതിപക്ഷത്തിന്റെ നിലപാട്. പുതിയ നിയമത്തിനുള്ള എല്ലാ സാധ്യതകളും  ഉറപ്പ് വരുത്തിയതിന് ശേഷമാണ് ഉത്തരവ് പിന്‍വലിക്കാന്‍ മുര്‍സി തയ്യാറായതെന്നും പ്രതിപക്ഷം ആരോപിക്കുന്നു.

രാജ്യത്തെ 51.7 ശതമാനം ആളുകളും മുര്‍സിക്കനുകനൂലമായി വോട്ട് ചെയ്തിരുന്നെങ്കിലും 48 ശതമാനം ആളുകള്‍ അദ്ദേഹത്തിന് എതിരായാണ് വോട്ട് ചെയ്തതെന്നും അതിനര്‍ത്ഥം അദ്ദേഹം അല്‍പ്പം സഹകരിക്കണമെന്നുമാണെന്നും പ്രതിപക്ഷം ചൂണ്ടിക്കാട്ടുന്നു.

We use cookies to give you the best possible experience. Learn more