| Friday, 9th April 2021, 4:57 pm

കാലങ്ങളോളം ഗവേഷകര്‍ തേടി നടന്ന നഗരത്തെ ഒടുവില്‍ കണ്ടെത്തി; മൂവായിരം വര്‍ഷം മുന്‍പുള്ള രാജകീയ പട്ടണം ഈജിപ്തില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലക്‌സര്‍: മൂവായിരം വര്‍ഷങ്ങള്‍ പഴക്കമുള്ള ഈജിപ്തിലെ അതിപുരാതന നഗരം കണ്ടെത്തിയതായി പുരാവസ്തു ഗവേഷകര്‍. ഫറവോമാരുടെ സുവര്‍ണ്ണ കാലഘട്ടത്തിലുണ്ടായിരുന്ന നഗരമാണ് ലക്‌സറില്‍ ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.

തൂത്താന്‍ഖാമുന്റെ കല്ലറ കണ്ടെത്തിയതിന് ശേഷമുള്ള ഏറ്റവും വലിയ കണ്ടെത്തലായാണ് ഈ നഗരത്തെ പുരാവസ്തു ഗവേഷകര്‍ വിശേഷിപ്പിക്കുന്നത്. പ്രശസ്ത ഗവേഷകനായ ഡോ. സാഹി ഹവാസാണ് നഗരം കണ്ടെത്തിയതായി വ്യാഴാഴ്ച സ്ഥിരീകരിച്ചത്. രാജാക്കന്മാരുടെ താഴ്‌വര എന്നറിയപ്പെടുന്ന ലക്‌സറിലാണ് പുരാതന നഗരത്തെ കണ്ടെത്തിയിട്ടുള്ളതെന്നും അദ്ദേഹം അറിയിച്ചു.

‘ഡോ. സാഹി ഹവാസ് നേതൃത്വം നല്‍കിയ ഈജിപ്ഷ്യന്‍ മിഷനിലാണ് ശതാബ്ദങ്ങളായി മണ്ണിനടയില്‍ മറഞ്ഞുകിടന്ന നഗരത്തെ കണ്ടെത്തിയത്. 3000 വര്‍ഷം പഴക്കമുള്ള നഗരമാണിത്. അമേന്‍ഹൊതേപ് മൂന്നാമന്റെ കാലത്ത് രൂപകല്‍പന ചെയ്യപ്പെട്ട നഗരം തൂത്തന്‍ഖാമുന്റെയും അയ്‌യുടെയും കാലഘട്ടത്തിലും ഉപയോഗിച്ചുവന്നു,’ പുരാവസ്തു ഗവേഷണ വിഭാഗം പുറത്തുവിട്ട ഔദ്യോഗിക പ്രസ്താവനയില്‍ പറയുന്നു.

മോതിരങ്ങള്‍, മറ്റു ആഭരണങ്ങള്‍, മണ്‍പാത്രങ്ങള്‍, ഇഷ്ടിക തുടങ്ങിയവ വിവിധ വസ്തുക്കള്‍ ഖനനം ചെയ്തപ്പോള്‍ കണ്ടെത്തിയിട്ടുണ്ട്. അമേന്‍ഹൊതേപ് മൂന്നാമന്റെ മുദ്ര പതിപ്പിച്ചവയാണ് ഇവയെല്ലാം.

നേരത്തെ നിരവധി വിദേശ ഗവേഷകര്‍ ഇത് കണ്ടെത്താന്‍ ശ്രമിച്ചിരുന്നില്ലെങ്കിലും സാധിച്ചിരുന്നില്ലെന്ന് ഡോ.ഹവാസ് പറഞ്ഞു. സെപ്റ്റംബര്‍ 20നാണ് ലക്‌സറിലെ ഈ പ്രദേശത്ത് ഖനനം ആരംഭിച്ചത്. രാംസെസ് മൂന്നാമന്റെയും അമേന്‍ഹൊതേപ് മൂന്നാമന്റെയും ക്ഷേത്രങ്ങള്‍ക്കിടയിലായിരുന്നു ഈ പ്രദേശം.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ


Content Highlight: Egyptologists uncover lost golden city in luxor

Latest Stories

We use cookies to give you the best possible experience. Learn more