| Saturday, 30th January 2016, 10:47 am

ബക്രീദിനെ വിമര്‍ശിച്ച ഈജിപ്ഷ്യന്‍ എഴുത്തുകാരിക്ക് മൂന്നുവര്‍ഷം തടവ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കെയ്‌റോ: ഇസ്‌ലാമിനെ നിന്ദിച്ചു എന്ന കുറ്റത്തിന് ഈജിപ്ഷ്യന്‍ എഴുത്തുകാരി ഫാത്തിമ നൗട്ടിന് മൂന്നുവര്‍ഷത്തെ തടവും 1.7ലക്ഷം രൂപ പിഴയും. വിധിയ്‌ക്കെതിരെ ഫാത്തിമ അപ്പീല്‍ നല്‍കിയിട്ടുണ്ടെങ്കില്‍ ശിക്ഷ പെട്ടെന്നു തന്നെ നടപ്പിലാക്കണമെന്നാണ് നിര്‍ദേശം.

ഒക്ടോബറില്‍ ബക്രീദിനെ വിമര്‍ശിച്ച് ഫാത്തിമ ഇട്ട ഫേസ്ബുക്ക് പോസ്റ്റാണ് നടപടിക്കാധാരം. ബക്രീദിന്റെ ഭാഗമായി ചെമ്മരിയാടിനെ അറക്കുന്നത് മനുഷ്യന്‍ ചെയ്യുന്ന ഏറ്റവും വലിയ കൂട്ടക്കൊലയാണ് എന്നാണ് ഫാത്തിമ അഭിപ്രായപ്പെട്ടത്.

ഈദ് വേളയില്‍ ആടിനെ അറക്കുന്നത് വിമര്‍ശിച്ച് ഈജിപ്ഷ്യന്‍ ദിനപത്രമായ എല്‍ മസ്രി എല്‍ യൗമിലും നൗട്ട് ലേഖനമെഴുതിയിരുന്നു.

ചോദ്യം ചെയ്യലില്‍ ഇത്തരമൊരു ഫേസ്ബുക്ക് ഇട്ടെന്നു സമ്മതിച്ച നൗട്ട് ഇസ്‌ലാമിനെ വിമര്‍ശിക്കുകയല്ലായിരുന്നു തന്റെ ലക്ഷ്യമെന്നും വ്യക്തമാക്കി. തങ്ങളുടെ പ്രവൃത്തിക്ക് ദൈവികമായ ഒരു അര്‍ത്ഥം നല്‍കി മനുഷ്യര്‍ കൊലപാതകത്തെയും പാചകഗന്ധം ആസ്വദിക്കുന്നതിനെയും ന്യായീകരിക്കുകയാണെന്ന് ഫാത്തിമ വാദിച്ചു.

ഒരുമാസത്തിനുള്ളില്‍ ഈജിപ്തില്‍ മതനിന്ദയുടെ പേരില്‍ ജയിലില്‍ പോകുന്ന രണ്ടാമത്തെ പ്രമുഖ വ്യക്തിത്വമാണ് ഫാത്തിമ. അടുത്തിടെ മതനിന്ദ കുറ്റത്തിന്റെ പേരില്‍ ടെലിവിഷന്‍ അവതാരകനായ ഇസ്‌ലാം ബെഹറിയെ ഒരു വര്‍ഷത്തെ തടവിനു ശിക്ഷിച്ചിരുന്നു.

We use cookies to give you the best possible experience. Learn more