കെയ്‌റോ: ചാനല്‍ പരിപാടിയ്ക്കിടെ വിവാഹേതര ഗര്‍ഭത്തെക്കുറിച്ചു പറഞ്ഞതിന് ചാനല്‍ അവതാരകയ്ക്ക് മൂന്നുവര്‍ഷം തടവ്. ഈജിപ്ഷ്യന്‍ കോടതിയാണ് ശിക്ഷ വിധിച്ചത്.
ദോ സാലാ എന്ന യുവതിയെയാണ് ശിക്ഷിച്ചത്. “പൊതുമര്യാദയുടെ ലംഘനം” നടത്തിയെന്നാരോപിച്ചാണ് യുവതിയെ ശിക്ഷിച്ചത്.
അപ്പീലിനായി ജാമ്യം ലഭിക്കണമെങ്കില്‍ 10,000 ഈജിപ്ഷ്യന്‍ പൗണ്ട് ബോണ്ടായി നല്‍കണമെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്.
ജൂലൈയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. അന്‍ നഹര്‍ എന്ന സ്വകാര്യ ടെലിവിഷന്‍ ചാനലിലെ പരിപാടിയ്ക്കിടെ സാല നടത്തിയ പരാമര്‍ശത്തിനെതിരെ ഒരു അഭിഭാഷകന്‍ പരാതി നല്‍കുകയായിരുന്നു.
ഒരു സ്ത്രീ സിംഗിള്‍ മദര്‍ ആവാനുള്ള സാധ്യതയെക്കുറിച്ചായിരുന്നു ഷോയില്‍ സാല ചര്‍ച്ച ചെയ്തത്. ഇതില്‍ ഗര്‍ഭിണിയാവാനായി മാത്രം വിവാഹവും അതിനുശേഷം വിവാഹമോചനം എന്നൊരു നിര്‍ദേശവും മുന്നോട്ടുവെച്ചിരുന്നു.
തുടര്‍ന്ന് പ്രേക്ഷകരില്‍ നിന്നും അഭിപ്രായങ്ങള്‍ ആരായുകയും ചെയ്തിരുന്നു. “വിവാഹേതര ഗര്‍ഭം എന്ന ആശയത്തെ എല്ലാവരും തള്ളിക്കളയുകയാണുണ്ടായത്. വിദേശങ്ങളില്‍ സംഭവിക്കുന്ന എല്ലാ കാര്യങ്ങളും നമ്മുടെ സമൂഹത്തില്‍ സംഭവിക്കുന്നില്ല.” എന്നു പറഞ്ഞാണ് അവര്‍ പരിപാടി അവസാനിപ്പിക്കുന്നത്.