ഹമാസുമായുള്ള വെടിനിർത്തൽ ചർച്ചകൾക്ക് ഇസ്രഈൽ മധ്യസ്ഥത തേടിയതായി റിപ്പോർട്ട്; തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമമെന്ന് ഹമാസ്
World News
ഹമാസുമായുള്ള വെടിനിർത്തൽ ചർച്ചകൾക്ക് ഇസ്രഈൽ മധ്യസ്ഥത തേടിയതായി റിപ്പോർട്ട്; തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമമെന്ന് ഹമാസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 12th December 2023, 1:22 pm

ഗസ: ഹമാസുമായി മറ്റൊരു വെടിനിർത്തൽ ഉടമ്പടിക്ക് മധ്യസ്ഥത വഹിക്കണമെന്ന് ഈജിപ്തിനോടും ഖത്തറിനോടും ഇസ്രഈൽ ആവശ്യപ്പെട്ടതായി റിപ്പോർട്ട്.

ഈജിപ്ഷ്യൻ വൃത്തങ്ങളെ ഉദ്ധരിച്ചുകൊണ്ട് സ്കൈ ന്യൂസ്‌ അറേബ്യ നൽകിയ വാർത്ത ഇസ്രഈലിലെ പ്രമുഖ പത്രമായ ഹാരറ്റ്സ് ഉൾപ്പെടെ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

ഉടമ്പടിയിലൂടെ ഹമാസ് ബന്ദികളാക്കിയ കൂടുതൽ പേരെ വിട്ടയക്കണമെന്നാണ് ഇസ്രഈലിന്റെ ആവശ്യം. അമേരിക്കയുടെ സ്പോൺസർഷിപ്പിൽ ഇസ്രഈൽ, ഈജിപ്‌ത്, ഖത്തർ എന്നീ രാജ്യങ്ങളുടെ കൂടിക്കാഴ്ച ഉടൻ നടക്കുമെന്നാണ് റിപ്പോർട്ട്.

അതേസമയം ഇസ്രഈലോ ഹമാസോ വെടിനിർത്തലിനായി പുതിയ നിർദേശം അവതരിപ്പിച്ചിട്ടില്ല എന്നും ഇസ്രഈലി ഭരണകൂടത്തിനെതിരെ ജനങ്ങളുടെ രോഷം വർധിച്ചുവരുന്ന സാഹചര്യത്തിൽ തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണ് ഇത്തരം റിപ്പോർട്ടുകളെന്നും ഹമാസ് അറിയിച്ചു.

ഇസ്രഈലി ജയിലുകളിൽ കഴിയുന്ന മുഴുവൻ ഫലസ്തീനികളെയും മോചിപ്പിക്കാതെ ഇനി ഇസ്രഈലുമായി ഉടമ്പടി ഉണ്ടാകില്ല എന്നായിരുന്നു ഹമാസ് നേരത്തെ അറിയിച്ചിരുന്നത്.

ഹമാസിനെ പൂർണമായി ഇല്ലാതാക്കിയ ശേഷമേ യുദ്ധം അവസാനിപ്പിക്കൂ എന്നായിരുന്നു ഇസ്രഈൽ നിലപാട്.

ഖത്തറിന്റെയും ഈജിപ്തിന്റെയും മധ്യസ്ഥതയിൽ പ്രഖ്യാപിച്ച ഏഴ് ദിവസത്തെ വെടിനിർത്തൽ ഉടമ്പടിയെ തുടർന്ന് 70 ഇസ്രയേലികളെയും 210 ഫലസ്തീനി തടവുകാരെയും മോചിപ്പിച്ചിരുന്നു.

നാല് ദിവസത്തെ വെടിനിർത്തൽ ആയിരുന്നു ആദ്യം പ്രഖ്യാപിച്ചിരുന്നതെങ്കിലും രണ്ടു തവണയായി ചർച്ചകൾക്കു ശേഷം വെടിനിർത്തൽ ദീർഘിപ്പിക്കുകയായിരുന്നു.

സ്ത്രീകളുടെയും കുട്ടികളുടെയും മോചനത്തിനാണ് പ്രാധാന്യം നൽകിയിരുന്നത്. ഹമാസ് ബന്ദികളാക്കിയ ഇസ്രഈലി സൈനികരാണ് ഇനി ഗസയിലുള്ളത് എന്നാണ് റിപ്പോർട്ടുകൾ പുറത്തുവന്നത്.

Content Highlight: Egyptian sources: Israel asks Egypt, Qatar to mediate another cease-fire with Hamas