വിപ്‌ളവത്തിന് ഇന്നേക്ക് മൂന്നാണ്ട്: ഈജിപ്തില്‍ വിലക്ക് ലംഘിച്ച് റാലികള്‍
World
വിപ്‌ളവത്തിന് ഇന്നേക്ക് മൂന്നാണ്ട്: ഈജിപ്തില്‍ വിലക്ക് ലംഘിച്ച് റാലികള്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 26th January 2014, 9:04 am

egypt

[]കെയ്‌റോ: ഈജിപ്തില്‍ ഏകാധിപതിയായിരുന്ന ഹുസ്‌നി മുബാറക്കിനെ അധികാരത്തില്‍നിന്ന് പടിയിറക്കിയ ജനകീയ വിപ്‌ളവത്തിന് തുടക്കം കുറിച്ചതിന്റെ മൂന്നാം വാര്‍ഷികത്തില്‍ വിലക്ക് ലംഘിച്ച് രാജ്യത്തുടനീളം പ്രകടനങ്ങള്‍ അരങ്ങേറി.

എന്നാല്‍ ബ്രദര്‍ഹുഡ് സംഘടിപ്പിച്ച റാലിയെ സൈന്യം കണ്ണീര്‍വാതകവും തോക്കുകളും ഉപയോഗിച്ചാണ് നേരിട്ടത്. സൈനിക നടപടിയെതുടര്‍ന്ന് ഇതുവരെയായി ഏഴുപേര്‍ കൊല്ലപ്പെട്ടു.

2011 ജനുവരി 25ന് ജനങ്ങള്‍ കെയ്‌റോ നഗരത്തില്‍ ആരംഭിച്ച പ്രക്ഷോഭം ലോകത്താകമാനം അലയൊലികള്‍ ഉണ്ടാക്കിയിരുന്നു. ഇത് രാജ്യവ്യാപക പ്രക്ഷോപമായി ജനങ്ങള്‍ ഏറ്റെടുത്തിതിനെതുടര്‍ന്ന് ഫെബ്രുവരി 11ന് അധികാരമൊഴിയാന്‍ മുബാറക് നിര്‍ബന്ധിതനാവുകയായിരുന്നു.

ജനാധിപത്യ രീതിയില്‍ നടന്ന പ്രഥമ തെരഞ്ഞെടുപ്പില്‍ ഡോ. മുഹമ്മദ് മുര്‍സി പ്രസിഡന്റായി വിജയിച്ചെങ്കിലും അധികാരത്തില്‍ ഒരുവര്‍ഷം പൂര്‍ത്തീകരിച്ച മുര്‍സി സര്‍ക്കാറിനെ 2013 ജൂലൈ 13ന് അട്ടിമറിച്ചതോടെ ഈജിപ്ത് വീണ്ടും രക്തരൂഷിത പ്രക്ഷോഭങ്ങളുടെ സംഘര്‍ഷഭൂമിയായി മാറി.

ശനിയാഴ്ച രണ്ടു സ്‌ഫോടനങ്ങള്‍ അരങ്ങേറിയതായി അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്തു. വെള്ളിയാഴ്ചത്തെ നാലു സ്‌ഫോടനങ്ങളില്‍ ആറുപേര്‍ കൊല്ലപ്പെട്ടിരുന്നു. അതിനിടെ, സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം അന്‍സാര്‍ അല്‍ ബൈതുല്‍ മുഖദ്ദിസ് എന്ന സംഘടന ഏറ്റെടുത്തിട്ടുണ്ട്.

അതേസമയം, തഹ്‌രീര്‍ സ്‌ക്വയറില്‍ പ്രതിരോധമന്ത്രി അല്‍സീസിയെ അനുകൂലിക്കുന്നവരുടെ റാലിക്ക് സൈന്യം പൂര്‍ണാനുമതി പ്രഖ്യാപിച്ചിരുന്നു.