ഗ്ലാഡിയേറ്റര്‍ 2; ഈജിപ്ഷ്യന്‍-ഫലസ്തീനിയന്‍ അഭിനേത്രിയുടെ രംഗങ്ങള്‍ വെട്ടിക്കളഞ്ഞ് നിര്‍മാതാക്കള്‍, പ്രതിഷേധം
World News
ഗ്ലാഡിയേറ്റര്‍ 2; ഈജിപ്ഷ്യന്‍-ഫലസ്തീനിയന്‍ അഭിനേത്രിയുടെ രംഗങ്ങള്‍ വെട്ടിക്കളഞ്ഞ് നിര്‍മാതാക്കള്‍, പ്രതിഷേധം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 17th November 2024, 2:05 pm

വാഷിങ്ടണ്‍: ഓസ്‌കര്‍ നേടിയ ഗ്ലാഡിയേറ്റര്‍ രണ്ടാം ഭാഗത്തില്‍ നിന്ന് ഈജിപ്ഷ്യന്‍-ഫലസ്തീനിയന്‍ അഭിനേത്രിയുടെ രംഗങ്ങള്‍ വെട്ടിമാറ്റിയതില്‍ വ്യാപക പ്രതിഷേധം. മെയ് കാലാമാവി അവതരിപ്പിച്ച ഭാഗങ്ങളാണ് സിനിമയില്‍ നിന്ന് നിര്‍മാതാക്കള്‍ മുറിച്ചു മാറ്റിയത്.

സംഭവം ചര്‍ച്ചയായതോടെ നിരവധി ആളുകളാണ് സിനിമയുടെ നിര്‍മാതാക്കളോട് സമൂഹ മാധ്യമങ്ങളിലൂടെ ചോദ്യം ഉന്നയിക്കുന്നത്. ഫലസ്തീന്‍ വംശജയാണെന്ന കാരണത്താലാണ് കാലാമാവിയെ സിനിമയില്‍ നിന്ന് ഒഴിവാക്കിയതെന്ന് വിമര്‍ശകര്‍ ചൂണ്ടിക്കാട്ടി.

ഗസയിലെ ഫലസ്തീനികള്‍ക്ക് ലഭിക്കുന്ന പൊതുവായ പിന്തുണയാണോ കാലാമാവിയുടെ രംഗങ്ങള്‍ വെട്ടിമാറ്റിയതിന് കാരണമായതെന്നും സോഷ്യല്‍ മീഡിയ ചോദിക്കുന്നു. അതേസമയം സിനിമയുടെ ദൈര്‍ഘ്യം കുറയ്ക്കുന്നതിനായാണ് വെട്ടിച്ചുരുക്കല്‍ നടന്നതെന്നും ഒരു വിഭാഗം പറയുന്നു.

2023 ഒക്ടോബര്‍ ഏഴിന് ഫലസ്തീന്‍ സായുധ സംഘടനയായ ഹമാസ് തെക്കന്‍ ഇസ്രഈലില്‍ പ്രത്യാക്രമണം നടത്തിയതിന് പിന്നാലെയാണ് ഫലസ്തീനിലെ സംഘര്‍ഷം രൂക്ഷമായത്. ഈ കാലയളവില്‍ ഇസ്രഈലിനെതിരെ പ്രതികരിച്ചുകൊണ്ട് കാലാമാവി സമൂഹ മാധ്യമത്തില്‍ പ്രതികരിച്ചിരുന്നു. അതേസമയം ഗ്ലാഡിയേറ്ററിന്റെ രണ്ടാം ഭാഗത്തിന്റെ ചിത്രീകരണം നടന്നിരുന്നുവെന്നാണ് വിവരം.

സിനിമയുടെ സംവിധായകനായ റിഡ്‌ലി സ്‌കോട്ട് ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ നിലവില്‍ വിമര്‍ശനമുണ്ട്. റിഡ്ലി തന്നെയാണ് സിനിമയിലെ സ്ത്രീ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് കാലാമാവിയാണെന്ന് പ്രഖ്യാപിച്ചത്.

പിന്നീട് സിനിമയുടേതായി ഇറങ്ങിയ ഒരു പോസ്റ്റര്‍, കാലാമാവി ചിത്രത്തിലുണ്ടെന്ന് വ്യക്തമാക്കുകയായിരുന്നു. എന്നാല്‍ സിനിമയുടെ പ്രീമിയര്‍ ഷോയില്‍ കാലാമാവി ഇല്ലെന്നും രംഗങ്ങള്‍ വെട്ടിക്കളഞ്ഞെന്നുമാണ് ആരാധകര്‍ പറയുന്നത്.

ഇതിനുപുറമെ കാലാമാവിയുടെ വേഷം ഇസ്രഈല്‍ നടി യുവാല്‍ റോണറിന് നല്‍കാന്‍ തീരുമാനിച്ചുവെന്നും ചിലര്‍ ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ ഈ നീക്കം സിനിമയുടെ സമഗ്രത നഷ്ടപ്പെടുത്തുമെന്നും ഫലസ്തീന്‍ വംശജരോടുള്ള അവഹേളനമാണെന്നും സോഷ്യല്‍ മീഡിയ പറയുന്നു.

മാര്‍വല്‍ സ്റ്റുഡിയോ നിര്‍മിച്ച മൂണ്‍ നൈറ്റിലും ഹിറ്റ് ഹുലു സീരീസായ റാമിയിലും അഭിനയിച്ച കാലാമാവിയുടെ ഗ്ലാഡിയേറ്റര്‍ സിനിമയിലെ കഥാപാത്രത്തെ കുറിച്ചുള്ള പ്രഖ്യാപനം വലിയ ആവേശത്തോടെയാണ് ആരാധകര്‍ ഏറ്റെടുത്തത്. എന്നാല്‍ കാലാമാവിയുടെ രംഗങ്ങള്‍ മുറിച്ചു മാറ്റിയതില്‍ ഔദ്യോഗിക വിശദീകരണങ്ങള്‍ ഒന്നും തന്നെ സിനിമയുടെ അണിയറപ്രവര്‍ത്തകരില്‍ നിന്ന് ഉണ്ടായിട്ടില്ല.

അതേസമയം കന്യാമറിയത്തിന്റെ ജീവിതം ആസ്പദമാക്കി നെറ്റ്ഫ്ളിക്സ് പുറത്തിറക്കാനിരിക്കുന്ന പുതിയ ചിത്രമായ ‘മേരി’യില്‍ കന്യാമറിയമായി ഇസ്രഈല്‍ നടിയെ അഭിനയിപ്പിച്ചതില്‍ നെറ്റ്ഫ്ളിക്സിനെതിരെ പ്രതിഷേധം ശക്തമാകുകയാണ്.

ചിത്രത്തില്‍ യേശുവിന്റെ അമ്മയായ മേരിയുടെ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ഇസ്രഈല്‍ നടിയും യോഗ ഇൻസ്ട്രക്ടറുമായ നോഹ കൊഹന്‍ ആണ്. എന്നാല്‍ സിനിമയുടെ ട്രെയ്ലര്‍ പുറത്തിറങ്ങിയത് മുതല്‍ നിരവധി സോഷ്യല്‍ മീഡിയ ഉപയോക്താക്കള്‍ നെറ്റ്ഫ്ളിക്സ് ബഹിഷ്‌ക്കരിക്കാന്‍ ആഹ്വാനം ചെയ്തിട്ടുണ്ട്.

Content Highlight: Egyptian-Palestinian actress’ scene cut from Gladiator sequel sparks widespread outcry