കെയ്‌റോ: മരിക്കുന്നതിന് ദിവസങ്ങള്‍ക്കു മുമ്പ് ഈജിപ്ഷ്യന്‍ ഉദ്യോഗസ്ഥന്‍ പുറത്താക്കപ്പെട്ട ഈജിപ്ഷ്യന്‍ പ്രസിഡന്റ് മുഹമ്മദ് മുര്‍സിയെ ഭീഷണിപ്പെടുത്തിയിരുന്നെന്ന് റിപ്പോര്‍ട്ട്. മുര്‍സിക്കും മുസ്‌ലിം ബ്രദര്‍ഹുഡ് നേതാക്കള്‍ക്കും സംഘടന പിരിച്ചുവിടാന്‍ അന്ത്യശാസനം നല്‍കിയിരുന്നെന്നും ഇത് അനുസരിച്ചില്ലെങ്കില്‍ പ്രത്യാഘാതം നേരിടേണ്ടിവരുമെന്ന് മുന്നറിയിപ്പു നല്‍കിയിരുന്നെന്നും മിഡില്‍ ഈസ്റ്റ് ഐ റിപ്പോര്‍ട്ടു ചെയ്യുന്നു.
റമദാന്‍ മാസം അവസാനം വരെയായിരുന്നു തീരുമാനമെടുക്കാന്‍ ഇവര്‍ക്കു നല്‍കിയ സമയം. മുര്‍സി അതിനു വിസമ്മതിച്ചു. ദിവസങ്ങള്‍ക്കുള്ളില്‍ അദ്ദേഹം മരിക്കുകയും ചെയ്തു.
ബ്രദര്‍ഹുഡിന്റെ പ്രമുഖ മാര്‍ഗദര്‍ശി മുഹമ്മദ് ബാഡിയും മുന്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ഖൈറാത് എല്‍ ഷാറ്ററും മുര്‍സിയെപ്പോലെ ഈ ഓഫര്‍ നിഷേധിച്ചിരുന്നു. ഇവര്‍ക്കും ജീവന്‍ നഷ്ടപ്പെടുമോയെന്ന ഭയത്തിലാണ് പുറത്തും അകത്തുമുള്ള ബ്രദര്‍ഹുഡ് നേതാക്കളെന്നാണ് മിഡില്‍ ഈസ്റ്റ് ഐ റിപ്പോര്‍ട്ടില്‍ പറയുന്നത്.
നിലവിലെ പ്രസിഡന്റ് അബ്ദുല്‍ ഫത്താ എല്‍ സിസിയുടെ ഉന്നത ഉദ്യോഗസ്ഥര്‍ തയ്യാറാക്കിയ രേഖയില്‍ സംഘടന പിരിച്ചുവിടുകയെന്ന നിര്‍ദേശം ബ്രദര്‍ഹുഡ് നേതാക്കള്‍ക്കും മുര്‍സിക്കും മുമ്പില്‍ വെച്ചിരുന്നു. ഈജിപ്ഷ്യന്‍ പ്രതിപക്ഷ വൃത്തങ്ങളില്‍ ചിലര്‍ ഈ രേഖയുടെ ഉള്ളടക്കം തങ്ങളോട് വിശദീകരിച്ചിട്ടുണ്ടെന്നാണ് മിഡില്‍ ഈസ്റ്റ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
ജൂണ്‍ 17നാണ് മുഹമ്മദ് മുര്‍സി കോടതിയില്‍ കുഴഞ്ഞുവീണു മരിച്ചത്. പട്ടാളഭരണകൂടത്തിന്റെ തടവിലായ മുര്‍സിയെ കോടതിയില്‍ ഹാജരാക്കിയതായിരുന്നു.
പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ കൃത്രിമത്വം നടത്തിയെന്നാരോപിച്ചാണ് മുര്‍സിയെ തടവിലിട്ടത്. അറബ് വിപ്ലവാനന്തരം നടന്ന ആദ്യ തെരഞ്ഞെടുപ്പില്‍ ഈജിപ്തില്‍ അധികാരത്തിലേറിയ ആദ്യത്തെ തെരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റുകൂടിയായിരുന്നു മുര്‍സി.