ഈജിപ്ത്: ഈജിപ്തില്‍ നിന്നും പാലായനം ചെയ്ത മനുഷ്യാവകാശ പ്രവര്‍ത്തകര്‍ക്കെതിരെയുള്ള ഈജിപ്ഷ്യന്‍ സുരക്ഷാ സേനയുടെ ഉപദ്രവം വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്. പ്രവര്‍ത്തകര്‍ക്കുള്ള പൗരത്വം റദ്ദാക്കപ്പെടുന്നതായും കോണ്‍സുലര്‍ സേവനങ്ങള്‍ നിഷേധിക്കപ്പെടുന്നതായും റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നുണ്ട്. ഈജിപ്ഷ്യന്‍ ഹ്യൂമന്‍ റൈറ്റ്‌സ് ഫോറവും ഈജിപ്ഷ്യന്‍ ഫ്രണ്ട് ഫോര്‍ ഹ്യൂമന്‍ റൈറ്റ്‌സും സംയുക്തമായി പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങള്‍ നല്‍കിയിരിക്കുന്നത്.
പ്രവാസികളായും മറ്റ് ആവശ്യങ്ങള്‍ക്ക് വേണ്ടിയും ഈജിപ്തില്‍ നിന്നും മറ്റ് രാജ്യങ്ങളിലേക്ക് സ്ഥലം മാറിപ്പോയ മനുഷ്യാവകാശ പ്രവര്‍ത്തകരെ പിന്തുടരുകയും അവരുടെ ജീവിതത്തെ ബുദ്ധിമുട്ടിപ്പിക്കുകയും ചെയ്യുന്ന പ്രവര്‍ത്തികളാണ് ഈജിപ്ഷ്യന്‍ അതോറിറ്റിയുടെ ഭാഗത്ത് നിന്നും ഉണ്ടാവുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
2017നും 2020നും ഇടയില്‍ ഈജിപ്തില്‍ നിന്നും പാലായനം ചെയ്ത പത്ത് മനുഷ്യാവകാശ പ്രവര്‍ത്തകരുമായി നടത്തിയ അഭിമുഖത്തെ അടിസ്ഥാനമാക്കിയുള്ള റിപ്പോര്‍ട്ടിലാണ് ഈജിപ്ഷ്യന്‍ സുരക്ഷാ സേനയുടെ പീഡനത്തെ കുറിച്ച് പരാമര്‍ശിക്കുന്നത്.
രാജ്യത്ത് നിന്നും പാലായനം ചെയ്ത മനുഷ്യാവകാശ പ്രവര്‍ത്തകരെ ഭീഷണിപ്പെടുത്തുകയും ഉപദ്രവിക്കുകയും ചെയ്തതായും റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നു. തീവ്രവാദപട്ടികയില്‍ ഉള്‍പ്പെടുത്തുക, ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിക്കുക, ശിക്ഷകള്‍ പുറപ്പെടുവിക്കുക എന്നിങ്ങനെയുള്ള കുറ്റങ്ങള്‍ തങ്ങള്‍ക്കെതിരെ ആരോപിക്കുന്നതായി മനുഷ്യാവകാശ പ്രവര്‍ത്തകര്‍ പറഞ്ഞതായി റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
മനുഷ്യാവകാശ പ്രവര്‍ത്തകരെ സദാസമയം നിരീക്ഷിക്കുന്നതായും കുടുംബങ്ങളെ ഭീഷണിപ്പെടുത്തുന്നതായും റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിരുന്നു. സ്‌പൈ വയര്‍ ഹാക്കിങ്ങിലൂടെ ഡിജിറ്റലായും തങ്ങളെ ഉപദ്രവിക്കുകയും പിന്തുടരുകയും ചെയ്യുന്നുണ്ടെന്നും മനുഷ്യാവകാശ പ്രവര്‍ത്തകര്‍ പറഞ്ഞതായി റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചിട്ടുണ്ട്.
ഈജിപ്ഷ്യന്‍ ഹ്യൂമന്‍ റൈറ്റ്‌സ് ഫോറവും ഈജിപ്ഷ്യന്‍ ഫ്രണ്ട് ഫോര്‍ ഹ്യൂമന്‍ റൈറ്റ്‌സും സംയുക്തമായി പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.
‘ഈജിപ്തില്‍ നിന്നും പലായനം ചെയ്ത ആക്റ്റിവിസ്റ്റ് കമ്മ്യൂണിറ്റിയുടെ സ്വാധീനം രാജ്യത്തിന് പ്രധാന ഭീഷണിയാണെന്ന് ഈജിപ്ഷ്യന്‍ സര്‍ക്കാര്‍ മനസിലാക്കിയിട്ടുണ്ട്,’ ഹ്യൂമന്‍ റൈറ്റ്‌സ് ഫോറത്തിന്റെ പ്രതിനിധി അന്താരാഷ്ട്ര മാധ്യമമായ മിഡില്‍ ഈസ്റ്റ് ഐയോട് പറഞ്ഞു.
ഇത്തരത്തില്‍ പൗരത്വം റദ്ദാക്കപ്പെടുന്നതിലൂടെ മറ്റ് രാജ്യങ്ങളിലേക്ക് പോവാനും താമസിക്കാനും കഴിയാത്ത അവസ്ഥയിലൂടെയാണ് ആക്റ്റിവിസ്റ്റുകളും മനുഷ്യാവകാശ പ്രവര്‍ത്തകരും കടന്നുപോവുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. മറ്റ് രാജ്യങ്ങളില്‍ പൗരത്വം ലഭിക്കാതെയാവുന്ന സാഹചര്യവും സ്വന്തം രാജ്യത്ത് പൗരത്വം റദ്ദാക്കപ്പെടുകയും ചെയ്യുന്ന അവസരത്തില്‍ പലരും അഭയാര്‍ത്ഥികളാവുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
Content Highlight: Egyptian human rights activist are being tortured by the government, report