കെയ്‌റോ: ഈജിപ്തിലെ പ്രശസ്ത ടിക് ടോക് ഇന്‍ഫ്‌ളുവെന്‍സേഴ്‌സിനെതിരെ തടവ് ശിക്ഷ വിധിച്ച് കെയ്‌റോ കോടതി. മനുഷ്യക്കടത്തിന്റെ പരിധിയില്‍ വരാവുന്ന കുറ്റങ്ങള്‍ ഇരുവരും ചെയ്തുവെന്നാരോപിച്ചാണ് ശിക്ഷ വിധിച്ചത്.
അതേസമയം വിധിപകര്‍പ്പില്‍ ഈജിപ്തിന്റെ സംസ്‌കാരത്തിന് വിരുദ്ധമായ രീതിയില്‍ പ്രവര്‍ത്തിച്ചുവെന്നാണ് പ്രധാനമായും ആരോപിക്കുന്ന കുറ്റം. മവാധ അല്‍-അദം, ഹനീന്‍ ഹോസാം എന്നിവര്‍ക്കാണ് ആറ് വര്‍ഷവും പത്ത് വര്‍ഷവും തടവ് ശിക്ഷ വിധിച്ചിരിക്കുന്നത്. 200,000 ഈജിപ്ഷ്യന്‍ പൗണ്ട് പിഴയും ചുമത്തിയിട്ടുണ്ട്.
ടിക് ടോകില്‍ മവാധ അല്‍ -അദാമിന് 30 ലക്ഷം ഫോളോവേഴ്‌സുണ്ട്. പാട്ടുകള്‍ക്ക് ലിപ് സിങ്ക് ചെയ്യുന്നതും ഡാന്‍സ് ചെയ്യുന്നതുമായ വീഡിയോകളാണ് അദാമിന്റെ അക്കൗണ്ടിലുള്ളത്. 10 ലക്ഷം ഫോളോവേഴ്‌സുള്ള ഹസീന്‍ ഹോസേം ടിക് ടോക് വഴി എങ്ങനെ പണം സമ്പാദിക്കാനാകും എന്നതിനെ കുറിച്ച് വീഡിയോകള്‍ ചെയ്തിട്ടുണ്ട്.
സാമ്പത്തിക നേട്ടത്തിനു വേണ്ടി ഈജിപ്ഷ്യന്‍ സമൂഹത്തിന്റെ ആശയങ്ങള്‍ക്കും മൂല്യങ്ങള്‍ക്കും വിരുദ്ധമായി പെണ്‍കുട്ടികളെ ഉപയോഗിച്ചുവെന്ന് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്ന കേസില്‍ പറയുന്നുണ്ട്.
ടിക് ടോകിലും മറ്റു സമൂഹമാധ്യമങ്ങളിലും ഇരുവരും പോസ്റ്റ് ചെയ്ത വീഡിയോ കുടുംബത്തിന്റെ മൂല്യങ്ങള്‍ക്ക് വിരുദ്ധമാണെന്ന് ആരോപിച്ചായിരുന്നു ഇവര്‍ക്കെതിരെ കേസെടുത്തത്. ജനുവരിയില്‍ ഈ കേസില്‍ ഇവരെ വെറുതെ വിട്ടിരുന്നെങ്കിലും ഇപ്പോള്‍ ശിക്ഷ വിധിച്ചിരിക്കുകയാണ്.
സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് സോഷ്യല്‍ മീഡിയ വഴി പണം ലഭിക്കുമെന്ന് വാഗ്ദാനം ചെയ്ത് വഞ്ചിച്ചെന്നും ഇവര്‍ക്ക് ക്രിമിനല്‍ ഗ്രൂപ്പുകളുമായി ബന്ധമുണ്ടെന്നും ഈജിപ്തിലെ ചില മാധ്യമങ്ങള്‍ ആരോപിക്കുന്നുണ്ട്. ഇത് മനുഷ്യക്കടത്തിന്റെ പരിധിയില്‍ വരുമെന്നും ഇവര്‍ പറയുന്നു.
നേരത്തെ മറ്റൊരു ടിക് ടോക് ഇന്‍ഫ്‌ളുവന്‍സറായ റെനാദ് എമദിനെതിരെ സമാനമായ കുറ്റങ്ങള്‍ ചുമത്തി മൂന്ന് വര്‍ഷം തടവും 100,000 ഈജിപ്ഷ്യന്‍ പൗണ്ട് പിഴയും വിധിച്ചിരുന്നു.
തങ്ങളുടെ വീഡിയോകളില്‍ നിന്നും ചില ഭാഗങ്ങള്‍ മാത്രമെടുത്ത് മാധ്യമങ്ങള്‍ തെറ്റായ വാര്‍ത്തകള്‍ നല്‍കുകയാണെന്നാണ് സോഷ്യല്‍ മീഡിയ യൂസേഴ്‌സ് പറയുന്നത്. ടിക് ടോക് ട്രെന്റുകള്‍ക്കനുസരിച്ച് തങ്ങള്‍ ചെയ്യുന്ന വീഡിയോകളും ടെലിവിഷനിലെ വിനോദ പരിപാടികളും തമ്മില്‍ വ്യത്യാസമൊന്നുമില്ലെന്നും ഇവര്‍ ചൂണ്ടിക്കാണിക്കുന്നു.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Content Highlight: Egyptian Court sentences 10 years prison for TikTok influncers