| Tuesday, 13th January 2015, 6:12 pm

ഹുസ്‌നി മുബാറക്കിനെതിരായ കേസില്‍ പുനര്‍വിചാരണ നടത്താന്‍ കോടതി ഉത്തരവ്

ഡൂള്‍ന്യൂസ് ഡെസ്‌ക്


കെയ്‌റോ: ഈജിപ്ത് മുന്‍ ഏകാധിപതി ഹുസ്‌നി മുബാറക്കിനനുകൂലമായി ഈജിപ്ഷ്യന്‍ കോടതിയുടെ ഉത്തരവ്. നേരത്തെ അദ്ദേഹം ശിക്ഷിക്കപ്പെട്ട അഴിമതി കേസിലാണ് യഥാവിധം നിയമം പാലിക്കപ്പെട്ടില്ലെന്ന് ചൂണ്ടിക്കാട്ടി കോടതി പുനര്‍വിചാരണക്ക് ഉത്തരവിട്ടിരിക്കുന്നത്. ഇതോടെ മുബാറക്കിനെതിരെ നിലവിലുള്ള അവസാന കേസും പിന്തള്ളപ്പെടുന്നതിന്റെ സൂചനകളാണ് പുറത്ത് വരുന്നത്.

2011 ഏപ്രില്‍ പതിനൊന്നിനായിരുന്നു 86 കാരനായ മുബാറക്കിനെ ജയിലിലടച്ചിരുന്നത്. സ്വകാര്യ ചെലവിലേക്ക് സര്‍ക്കാര്‍ ഫണ്ട് തിരിമറി നടത്തി എന്നതായിരുന്നു കേസ്. അറസ്റ്റിന് ശേഷം അസുഖ ബാധിതനാണെന്ന് ചൂണ്ടിക്കാട്ടി അദ്ദേഹത്തെ മിലിട്ടറി ആശുപത്രിയിലായിരുന്നു പാര്‍പ്പിച്ചിരുന്നത്.

അറബ് വിപ്ലവത്തിനിടെ പ്രക്ഷോഭകരെ കൂട്ടക്കൊല നടത്തിയ കേസില്‍ അദ്ദേഹത്തെ കഴിഞ്ഞ നവംബറില്‍ കോടതി കുറ്റ വിമുക്തനാക്കിയിരുന്നു. ഇത് കൂടാതെ മറ്റ് രണ്ട് അഴിമതി കേസിലും മുബാറക്കിനെ കോടതി വെറുതെ വിട്ടിരുന്നു.

മുബാറക്കിനെ മോചിപ്പിക്കുമെന്ന സൂചനകള്‍ ഈജിപ്ഷ്യന്‍ ജയിലധികൃതര്‍ നേരത്തെ തന്നെ നല്‍കിയിരുന്നു. അതേ സമയം കഴിഞ്ഞ നവംബറിലെ വിധിക്കെതിരെ ഈജിപ്തിലെ വിവിധ യൂണിവേഴ്‌സിറ്റികളിലടക്കം നിരവധി പ്രതിഷേധ പ്രകടനങ്ങളാണ് അരങ്ങേറിയിരുന്നത്.

We use cookies to give you the best possible experience. Learn more