കെയ്‌റോ: 2013ലെ പ്രക്ഷോഭവുമായി ബന്ധപ്പെട്ട് മുസ്‌ലിം ബ്രദര്‍ഹുഡ് പ്രവര്‍ത്തകരുള്‍പ്പെടെ 75പേര്‍ക്ക് വധശിക്ഷ. 2013ല്‍ ഈജിപ്ഷ്യല്‍ പ്രസിഡന്റായിരുന്ന മുഹമ്മദ് മുര്‍സിയെ പുറത്താക്കിയ പട്ടാള അട്ടിമറിയെ തുടര്‍ന്നുണ്ടായ പ്രതിഷേധങ്ങളുമായി ബന്ധപ്പെട്ട കേസിലാണ് നടപടി.
കൊലപാതകം, പൊതുമുതല്‍ നശിപ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങളില്‍ 739 പേര്‍ക്കെതിരെയുണ്ടായിരുന്ന കേസിലാണ് വിധി പറഞ്ഞിരിക്കുന്നത്. ബ്രദര്‍ഹുഡ് തലവന്‍ മുഹമ്മദ് ബാഡിയെ ജീവപര്യന്തം തടവിനും ശിക്ഷിച്ചിട്ടുണ്ട്.
ഈജിപ്തില്‍ ജയിലില്‍ കഴിയുന്ന ഫോട്ടോഗ്രാഫറും യു.എന്‍ പുരസ്‌കാര ജേതാവുമായ ഷാകാന്‍ എന്നറിയപ്പെടുന്ന മഹമ്മൂദ് അബു സെയ്ദിനെ അഞ്ചുവര്‍ഷത്തെ തടവിനും ശിക്ഷിച്ചിട്ടുണ്ട്. ഷാകാന്റെ അറസ്റ്റിനെതിരെ വിവിധ മനുഷ്യാവകാശ സംഘടനകള്‍ വലിയ പ്രതിഷേധമുയര്‍ത്തിയിരുന്നു. 2013 ആഗസ്റ്റിലായിരുന്നു അദ്ദേഹത്തെ കസ്റ്റഡിയിലെടുത്തത്. അഞ്ചുവര്‍ഷമായി തടവില്‍ കഴിയുന്ന അദ്ദേഹത്തിന് ദിവസങ്ങള്‍ക്കുള്ളില്‍ അദ്ദേഹത്തിന് പുറത്തിറങ്ങാനാകുമെന്നാണ് റിപ്പോര്‍ട്ട്. പൊലീസുകാരെ കൊലപ്പെടുത്തിയെന്നും പൊതുമുതല്‍ നശിപ്പിച്ചെന്നുമായിരുന്നു പ്രക്ഷോഭം റിപ്പോര്‍ട്ടു ചെയ്യാനെത്തിയ ഷാകാനെതിരെയുണ്ടായ ആരോപണം.
Also Read:പൊലീസിനെ ഉപയോഗിച്ച് അവര്‍ പകതീര്‍ക്കുകയാണ്; സഞ്ജീവിനെ പുറത്തിറക്കാന്‍ സഹായമഭ്യര്‍ത്ഥിച്ച് ഭാര്യ
മുതിര്‍ന്ന ബ്രദര്‍ഹുഡ് പ്രവര്‍ത്തകരായ മുഹമ്മദ് അല്‍ ബല്‍താഗ്വി, ഇസാം അല്‍ ആര്യന്‍, സഫ് വാത് ഹിജാസി എന്നിവരും ശിക്ഷിക്കപ്പെട്ടവരില്‍പ്പെടുന്നു.
മുര്‍സിയെ പുറത്താക്കി ഒരാഴ്ചയ്ക്കകം 2013 ആഗസ്റ്റ് 14ന് നടന്ന പ്രക്ഷോഭം ആധുനിക ഈജിപ്ഷ്യന്‍ ചരിത്രത്തിലെ ഏറ്റവും രക്തരൂക്ഷിതമായ ദിനങ്ങളായാണ് കണക്കാക്കപ്പെടുന്നത്.
മുര്‍സിയെ പുറത്താക്കിയതില്‍ പ്രതിഷേധിച്ച് റബ്ബാ അല്‍ അദാവിയ, നാഹ്ദാ സ്‌ക്വയര്‍ എന്നിവിടങ്ങളില്‍ കുത്തിയിരിപ്പ് സമരം നടത്തിയ പ്രതിഷേധക്കാരും സുരക്ഷാ സേനയും തമ്മിലുള്ള ഏറ്റുമുട്ടലില്‍ മണിക്കൂറുകള്‍ക്കുള്ളില്‍ 800ഓളം പേര്‍ കൊല്ലപ്പെട്ടിരുന്നു. പല പ്രതിഷേധക്കാരും ആയുധങ്ങളുമായാണ് എത്തിയിരുന്നതെന്നും 43 പൊലീസുകാര്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നുമാണ് ഈജിപ്ഷ്യന്‍ സര്‍ക്കാര്‍ പറയുന്നത്.
Also Read:ജലന്ധര്‍ ബിഷപ്പിനെതിരായ കന്യാസ്ത്രീയുടെ പരാതി: അന്വേഷണം ക്രൈംബ്രാഞ്ചിന് വിടാന്‍ നീക്കം
ആഗസ്റ്റിലെ സംഘര്‍ഷത്തിനും പിന്നീടുള്ള കൂട്ട അറസ്റ്റിനും ശേഷം നടന്ന നിരവധി സംഘര്‍ഷങ്ങളിലായി നൂറുകണക്കിന് ആളുകള്‍ കൊല്ലപ്പെടുകയും ചെയ്തിരുന്നു. മുര്‍സിയെ പുറത്താക്കി ഒരുവര്‍ഷത്തിനുള്ളില്‍ 40,000ത്തോളം പേര്‍ അറസ്റ്റിലായിട്ടുണ്ടെന്നാണ് ആംനസ്റ്റി ഇന്റര്‍നാഷണല്‍ പറയുന്നത്.
അതിവേഗ വിചാരണയ്ക്കുശേഷം ഈജിപ്ഷ്യന്‍ കോടതി മുര്‍സി ഉള്‍പ്പെടെ നിരവധി ബ്രദര്‍ഹുഡ് നേതാക്കളെ വധശിക്ഷയ്ക്ക് അല്ലെങ്കില്‍ വര്‍ഷങ്ങള്‍ നീണ്ട തടവിന് വിധിച്ചിരുന്നു.