ഫേസ് ടു ഫേസ് / അസ്മ മഹ്ഫൂസ്
വിപ്ലവം സാധാരണ ഒരു തെരുവിന്റെ അറ്റത്തു നിന്നാണ് തുടങ്ങുക. പിന്നെ ജനങ്ങളുടെ ഉത്സവമായി മാറും. പക്ഷേ, ഈജിപ്തിലെ വിപ്ലവം തുടങ്ങിയത് തെരുവിലല്ല. ശരിക്കു പറഞ്ഞാല്‍ ഇന്റര്‍നെറ്റില്‍. ആ വിപ്ലവത്തിന് തീ പകര്‍ന്നത് ഒരു ഇരുപത്തിയാറുകാരിയായിരുന്നു അസ്മ മഹ്ഫൂസ്.
ഇന്റര്‍നെറ്റ് ആക്റ്റിവിസത്തിന്റെയൂം ഫെയ്‌സ് ബുക്ക് സോഷ്യല്‍ നെറ്റ് വര്‍ക്കിന്റെയും മുഴുവന്‍ സാധ്യതകളും അസ്മ വിപ്ലവത്തിനായി ഉപയോഗപ്പെടുത്തി. രാജ്യത്ത് നിലനിന്ന അന്തരീക്ഷം മുന്നേറ്റത്തിന് പക്വമാണ് എന്നു തിരിച്ചറിഞ്ഞ അവര്‍ ജനങ്ങളെ തെരുവിലേക്ക് നയിച്ചു.
മറ്റേതൊരു ഈജിപ്തുകാരിയെയും പോലെ തന്നെയാണ് അസ്മയും. ഒരു സാധരണക്കാരി. കാഴ്ചയില്‍ എടുത്തു പറയാന്‍ ഒന്നുമില്ല. ആകര്‍ഷകമായ മുഖം. അധികം ഉയരമില്ല. കണ്ണടയും ശിരോവസ്ത്രവും ധരിച്ച വെളുത്തനിറമുള്ളവള്‍. പക്ഷേ, ജനക്കൂട്ടത്തെ ഇളക്കിവിടാന്‍ കരുത്തുള്ള വാക്കുകള്‍ അസ്മ ഹൃദയത്തില്‍ ഒളിപ്പിച്ചിരുന്നു. ആ വാക്കുകളില്‍ നിന്ന് പ്രതിഷേധം കാട്ടുതീയായി പടര്‍ന്നു.
1985 ലാണ് അസ്മയുടെ ജനനം. കെയ്‌റോയിലെ അമേരിക്കന്‍ സര്‍വകലാശാലയില്‍ നിന്ന് ബിസിനസ് മാനേജ്‌മെന്റില്‍ ബിരുദം നേടി. 2008 ഏപ്രില്‍ 6 ന് ഈജിപ്തില്‍ നടന്ന പൊതുപണിമുടക്കത്തെ പിന്തുണച്ചുകൊണ്ടാണ് അസ്മ ഇന്റര്‍നെറ്റ് ആക്റ്റിവിസത്തിലേക്കും രാഷ്ട്രീയ പ്രചരണ പ്രവര്‍ത്തനങ്ങളിലേക്കും കടന്നുവരുന്നത്.
കെയ്‌റോയിലെ അസ്ഹാര്‍ഖ് അല്‍ അസ്‌വാത് ഇംഗ്ലീഷ് പത്രത്തിന്റെ റിപ്പോര്‍ട്ടര്‍ ഇസം ഫാദലുമായി നടത്തിയ അഭുഖത്തില്‍, ഹൂസ്‌നി മുബാരകിനെ സ്ഥാനഭ്രഷ്ടനാക്കിയ ജനകീയ കലാപത്തിന് താന്‍ എങ്ങനെ തുടക്കമിട്ടുവെന്ന് അസ്മ വ്യക്തമാക്കുന്നു. മുബാറക് സ്ഥാനമൊഴിയുന്നതിന് തൊട്ടുമുമ്പാണ് ഈ കൂടിക്കാഴ്ച നടന്നത്.
എങ്ങനെയാണ് രാഷ്ട്രീയ പ്രവര്‍ത്തനത്തിലേക്ക് താങ്കള്‍ കടന്നുവന്നത്?
2008 മാര്‍ച്ചിലാണ് ഞാനാദ്യം രാഷ്ട്രീയ പ്രവര്‍ത്തനത്തിലേര്‍പ്പെടുന്നത്. ഏപ്രില്‍ ആറിന് ഈജിപ്തിലെമ്പാടുമായി നടന്ന പൊതു പണിമുടക്ക് തുടങ്ങുന്നതിനും അത് പ്രചരിപ്പിക്കുന്നതിനും വേണ്ടിയുള്ള പ്രവര്‍ത്തനത്തില്‍ പങ്കാളിയായിക്കൊണ്ടായിരുന്നു അത്. ആ സമരം ഇന്റര്‍നെറ്റിലാണ് തുടങ്ങുന്നത്. സമരത്തെ തുടര്‍ന്ന് എപ്രില്‍ ആറ് പ്രസ്ഥാനത്തിന് ഞങ്ങള്‍ രൂപംകൊടുത്തു. പണിമുടക്ക് നടന്ന തീയതിയില്‍ നിന്നാണ് ഞങ്ങള്‍ പ്രസ്ഥാനത്തിന് പേര് കണ്ടെത്തിയത്. ആ സമയത്ത് എനിക്ക് രാഷ്ട്രീയ പ്രവര്‍ത്തനത്തെപ്പറ്റി ഒന്നുമറിയുമായിരുന്നില്ല.
രാഷ്ട്രീയ അനുഭവസമ്പത്തിലായ്മ എങ്ങനെയാണ് താങ്കള്‍ പരിഹരിച്ചത്?
രാഷ്ട്രീയ അനുഭവസമ്പത്തുള്ളവര്‍ അതില്ലാത്ത അംഗങ്ങള്‍ക്കായി പരിശീലന പരിപാടികള്‍ സംഘടിപ്പിക്കാന്‍ തുടങ്ങി. പ്രസഥാനത്തിന്റെ ഭാഗമായിരുന്നു അത്. അനുഭവ സമ്പത്തുള്ളവര്‍ പ്രഭാഷണങ്ങള്‍ നടത്തി. പ്രയോഗത്തിലൂടെയും രാഷ്ട്രീയപ്രവര്‍ത്തകരുള്‍പ്പടെയുള്ള മറ്റ് ആള്‍ക്കാരുമായുള്ള അടുത്ത ബന്ധത്തിലൂടെയും ഞാന്‍ പല കാര്യങ്ങളും പഠിച്ചു.
ജനുവരി 25 ലെ പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കുന്നതില്‍ എന്താണ് താങ്കളുടെ പങ്ക്?
പ്രധാനപ്പെട്ട കേന്ദ്രങ്ങളില്‍ ഞാന്‍ ലഘുലേഖകള്‍ അച്ചടിച്ചു വിതരണം ചെയ്തിരുന്നു. ആളുകളോട് പ്രതിഷേധത്തില്‍ പങ്കെടുക്കാന്‍ ആഹ്വാനം ചെയ്യുന്നതായിരുന്നു ആ ലഘുലേഖകള്‍. ആ മേഖലകളില്‍ ഞാന്‍ ചെറുപ്പക്കാരോട് അവരുടെ അവകാശങ്ങളെപ്പറ്റിയും അവരുടെ പങ്കാളിത്തത്തിന്റെ ആവശ്യകതയെപ്പറ്റിയും പറഞ്ഞു.
പശ്ചിമേഷ്യയിലെമ്പാടും ആളുകള്‍ ഭരണാധികാരത്തോട് പ്രതിഷേധിച്ച് തീകൊളുത്തി ആത്മാഹൂതി ചെയ്യുന്നുണ്ടായിരുന്നു. ഈ സമയത്ത് ഞാനും പ്രസ്ഥാനത്തിലെ ചില അംഗങ്ങളും തഹ്‌രീര്‍ ചത്വരത്തില്‍ ചെന്ന് പ്രതിഷേധിക്കാന്‍ തീരുമാനിച്ചു. എന്നാല്‍, സുരക്ഷാ സേന ഞങ്ങളെ തടഞ്ഞു. സേന ചത്വരത്തില്‍ നിന്ന് ഞങ്ങളെ നീക്കം ചെയ്തു.
ഇതെന്നെ ചിന്തിപ്പിച്ചു. സ്വന്തം ശബ്ദത്തിലും രൂപത്തിലും ഒരു വീഡിയോ ചിത്രം ചിത്രീകരിക്കുന്നതിനെപ്പറ്റി ഞാനാലോചിച്ചു. ജനുവരി 25 ന് തഹ്‌രീര്‍ ചത്വരത്തില്‍ പ്രതിഷേധം സംഘടിപ്പിക്കുന്നതിനുള്ള ആഹ്വാനമായിരുന്നു ആ വീഡിയോയിലൂടെ നല്‍കിയത്. നേരിട്ട് ആളുകളുമായി ആശയവിനിമയം നടത്താന്‍ ബുദ്ധിമുട്ടുള്ളിടത്തോളം ഒരു വീഡിയോ ആണ് നല്ല സാധ്യത എന്നു തോന്നി.
ജനുവരി 25 ന് തന്റെ അന്തസും അവകാശങ്ങളെയും സംരക്ഷിക്കുന്ന ഒരു ഈജിപ്ഷ്യന്‍ പെണ്‍കുട്ടിയായിരിക്കും ഞാന്‍ എന്ന് ആ വീഡിയോയയില്‍ വ്യക്തമാക്കി. ഈ രാജ്യത്തെപ്പറ്റി ആകുലപ്പെടുന്നവരെല്ലാം എനിക്കൊപ്പം തഹ്‌രീര്‍ ചത്വരത്തില്‍ 25ന് വരിക. ഞാനാ വീഡിയോ ഫെയ്‌സ്ബുക്കിലൂടെ ഇന്റര്‍നെറ്റില്‍ പ്രക്ഷേപണം ചെയ്തു. ആ വീഡിയോ വെബ്‌സൈറ്റുകളിലൂടെയും മൊബൈല്‍ ഫോണുകളിലൂടെയും മുമ്പൊന്നുമില്ലാത്ത വിധം പ്രചാരം നേടുന്നത് കണ്ട് ഞാന്‍ അത്ഭുതപ്പെട്ടു. അതിനെ തുടര്‍ന്ന്, പ്രതിഷേധ ദിനത്തിന് മുമ്പായി നാലു വീഡിയോകളും കൂടി ഞാന്‍ നിര്‍മിച്ചു.
ജനുവരി 25 ന് താങ്കള്‍ എവിടെയായിരുന്നു? പ്രതിഷേധത്തില്‍ എന്തു പങ്കാണ് വഹിച്ചത്?
ഞാന്‍ അന്ന് ബുര്‍ലാഖ് ദര്‍കുറിലെ തെരുവിലേക്ക് പോയി. അവിടെ പ്രസ്ഥാനത്തിലെ അംഗങ്ങള്‍ക്കൊപ്പം ഞാനും പ്രതിഷേധം പ്രകടിപ്പിക്കാന്‍ തുടങ്ങി. അതേ സമയം മറ്റ് മേഖലകളിലും മറ്റുള്ളവര്‍ ഇതു തന്നെ ചെയ്യാന്‍ തുടങ്ങി. ഒന്നിച്ചുകൂടിയപ്പോള്‍ ഞങ്ങള്‍ ഈജിപ്തിന്റെ പതാക ഉയര്‍ത്തുകയും മുദ്രാവാക്യങ്ങള്‍ മുഴക്കാന്‍ തുടങ്ങുകയും ചെയ്തു.
വളരെയധികം ആളുകള്‍ ഞങ്ങള്‍ക്കൊപ്പം ചേര്‍ന്നുവെന്നത് അത്ഭുതപ്പെടുത്തി. ഇത് ഞങ്ങളെ പ്രകടനം നടത്താന്‍ പ്രേരിപ്പിച്ചു. ഞങ്ങള്‍ ഗമാത് അല്‍ ഡാവല്‍ അല്‍ അറേബ്യ തെരുവിലൂടെ താഴോട്ട് നീങ്ങി. ആളുകള്‍ വര്‍ധിതമായ തോതില്‍ ഞങ്ങള്‍ക്കൊപ്പം ചേര്‍ന്നുകൊണ്ടിരുന്നു. ഞങ്ങള്‍ മുസ്തഫ മുഹമ്മദ് പള്ളിക്കു സമീപം അല്‍പം നേരെ നിന്നു. പിന്നെ പ്രകടനം തഹ്‌രീര്‍ ചത്വരത്തിലേക്ക് നയിച്ചു. വളയെധികം പ്രകടനങ്ങള്‍ പല മേഖങ്ങളില്‍ നിന്നായി അവിടേക്ക് വന്നുകൊണ്ടിരുന്നു.
അങ്ങനെയാണ് ഞങ്ങള്‍ തഹ്‌രീര്‍ ചത്വരം പിടിച്ചെടുക്കാന്‍ തീരുമാനിച്ചത്. എന്നാല്‍, ഏതാണ്ട് പുലര്‍ച്ചെ രണ്ടിന് ഞങ്ങളെ കണ്ണീര്‍വാതകങ്ങളും റബ്ബര്‍ ബുള്ളറ്റുകളുമായി സുരക്ഷാ സേനകള്‍ ആക്രമിച്ചു. സേന ഞങ്ങളെ തിരക്കേറിയ കെയറേ നഗരത്തിലെ തെരുവുകളിലൂടെ തുരത്തി.
എന്താണ് “രോഷദിനം” എന്ന വിളിക്കപ്പെടുന്ന ജനുവരി 28 ന് നടന്നത്?
വെള്ളിയാഴ്ച പ്രകടനങ്ങള്‍ മിക്ക ഈജിപ്ഷ്യന്‍ ചത്വരങ്ങളിലും തെരുവുകളിലും പ്രഭാത പ്രാര്‍ത്ഥനയ്ക്കുശേഷം തുടങ്ങി. ഞാന്‍ ഏപ്രില്‍ ആറ് പ്രസ്ഥാനത്തിലെ ചില അംഗങ്ങളെ കണ്ടു. ഞങ്ങള്‍ വളരെയധികം ആളുകള്‍ക്കൊപ്പം മുസ്തഫ മുഹമ്മദ് പള്ളിക്കുമുമ്പല്‍ പ്രതിഷേധപ്രകടനം തുടങ്ങി. ഞങ്ങള്‍ തഹ്‌രീര്‍ ചത്വരത്തിലേക്ക് നീങ്ങി.
തഹ്‌രീര്‍ ചത്വരത്തിനും കെയ്‌റോയിലെ ദോക്കി മേഖലയ്ക്കും മധ്യത്തിലുള്ള ഈജിപ്ഷ്യന്‍ ഓപ്പറ ഹൗസിന് അടുത്തെത്തയപ്പോള്‍ വളരെയധികം വരുന്ന സുരക്ഷാ സംവിധാനങ്ങളെ ഞങ്ങള്‍ക്ക് നേരിടേണ്ടി വന്നു കവചിത വാഹനങ്ങള്‍, കലാപ പൊലീസ്, കേന്ദ്ര സുരക്ഷാ പട്ടാളം. അവര്‍ ഞങ്ങളെ കടുത്ത രീതിയില്‍ മര്‍ദിക്കാന്‍ തുടങ്ങി. കണ്ണീര്‍വാതകവും റബ്ബര്‍ വെടിയുണ്ടകളും പ്രയോഗിച്ചു.
ചെറുപ്പക്കാര്‍ കണ്‍മുന്നില്‍ മരിക്കുന്നതു ഞാന്‍ കണ്ടു. ഞാന്‍ കരയുകയായിരുന്നു ആ സമയത്ത്. വല്ലാതെ ഭയക്കുകയും ചെയ്തു. പിന്നോട്ടുപോകരുതെന്ന് ഞാന്‍ സ്വയം പറഞ്ഞു. കാരണം ഈ ചെറുപ്പക്കാരുടെ ചോര പാഴാവരുത്. ഞങ്ങളില്‍ പലരും ചെറുത്തു നിന്നു. പലരും പലയാനം ചെയ്തു. പക്ഷേ, അവസാനം ഞങ്ങള്‍ക്ക് തഹ്‌രീര്‍ ചത്വരത്തില്‍ എത്താനായി. അവിടം നിയന്ത്രണത്തിലാക്കാനും.
സ്വന്തം ആഹ്വാനം ഈജിപ്തിലെമ്പാടും വലിയ ജനകീയ പ്രതിഷേധമായി മാറുമ്പോള്‍ വ്യക്തിപരമായി എന്താണ് അനുഭവപ്പെട്ടത്?
വെള്ളിയാഴ്ച രാത്രി പൊലീസിനെ തെരുവുകളില്‍ നിന്ന് പിന്‍വലിച്ചപ്പോഴാണ് പ്രതിഷേധം ഒരു ബഹുജന വിപ്ലവമായി മാറിയെന്നത് തിരിച്ചറിയുന്നത്. ആഹ്വാനം നല്‍കുമ്പോള്‍ 10,000ത്തിലധികം ആളുകള്‍ പ്രതിഷേധവുമായി വരുമെന്ന് ഒരിക്കലും ഞങ്ങള്‍ സ്വപ്നം കണ്ടിരുന്നില്ല.
ചില പ്രതിഷേധക്കാര്‍ പ്രകടനങ്ങള്‍ക്കിടയില്‍ എന്നെ കണ്ടു തിരിച്ചറിഞ്ഞു. “നിങ്ങളല്ലേ ആ വിഡിയോയില്‍ ഉണ്ടായിരുന്നത്? ഞങ്ങള്‍ തെരുവിലേക്ക് വന്നത് നിങ്ങള്‍ കാരണമാണ്, നിങ്ങള്‍ വിഡിയോയില്‍ പറഞ്ഞ് ഞങ്ങളെ വലുതായി ചലിപ്പിച്ചു. അതുകൊണ്ടാണ് ഞങ്ങള്‍ വന്നത്””എന്നിങ്ങനെ ആളുകള്‍ പറഞ്ഞു. അപ്പോള്‍ എനിക്ക് ഞാനെന്റെ രാജ്യത്തിനും ജനങ്ങള്‍ക്കുംവേണ്ടി ചിലതെല്ലാം നേടി എന്ന് തോന്നി.
എങ്ങനെയാണ് വീട്ടിലുള്ളവര്‍ താങ്കളുടെ രാഷ്ട്രീയ പ്രവര്‍ത്തനത്തെ നോക്കിക്കണ്ടത്? പ്രതിഷേധം പൊട്ടിപ്പുറപ്പെട്ടപ്പോള്‍ എന്തായിരുന്നു അവരുടെ പ്രതികരണം?
ഏതൊരു ഈജിപ്ഷ്യന്‍ കുടുംബത്തെയും പോലെ ഞാന്‍ രാഷ്ട്രീയ പ്രവര്‍ത്തനത്തില്‍ പങ്കെടുക്കുന്നില്‍ വിമുഖതയുള്ളവരായിരുന്നു വീട്ടുകാര്‍. അവരെപ്പോഴും എന്നെ ഉപദേശിക്കാന്‍ ശ്രമിച്ചുകൊണ്ടിരിന്നു. “”നീയൊരു പെണ്‍കുട്ടിയാണ്, കഠിനമായ കാര്യങ്ങള്‍ ചെയ്യാന്‍ പറ്റിയ ആളല്ല””. അവരുടെ സമ്മര്‍ദം എന്റെ പ്രവര്‍ത്തനങ്ങളെ കുറച്ചിട്ടുണ്ട്. അതിനാല്‍ വീട്ടില്‍ അവര്‍ക്കൊപ്പം കൂടുതല്‍ സമയം എനിക്ക് തങ്ങേണ്ടിവന്നു.
എപ്രില്‍ ആറ് യുവജന പ്രസ്ഥാനത്തിന്റെ മാധ്യമ വക്താവ് എന്ന പദവിപോലും എനിക്ക് ഉപേക്ഷിക്കേണ്ടിവന്നു. അതിനാല്‍ പ്രസ്ഥാനത്തിലെ സാധാരണ അംഗമായി ഞാന്‍ തുടര്‍ന്നു. പ്രതിഷേധം പൊട്ടിപ്പുറപ്പെട്ടതോടെ അവര്‍ക്കെല്ലാം വലിയ സന്തോഷം തോന്നി. “ഞങ്ങള്‍ക്ക് നിന്നെപ്പറ്റി അഭിമാനമുണ്ട്” എന്നവര്‍ പറഞ്ഞു.
പ്രതിഷേധക്കാര്‍ വിദേശത്തുനിന്ന് ഫണ്ട് കൈപ്പറ്റുന്നുവെന്ന ആരോപണത്തെ എങ്ങനെ കാണുന്നു? പ്രതിഷേധത്തിന് എതൊക്കെ വിദേശ രാജ്യങ്ങളാണ് സഹായം നല്‍കുന്നത്?
ഈ ആരോപണം ഭരണകൂട മാധ്യമങ്ങള്‍ പ്രചരിപ്പിക്കുന്നതാണ്. പ്രതിഷേധം അടിച്ചമര്‍ത്താനുള്ള പദ്ധതിയുടെ ഭാഗമാണ് അത്. അഭൂതപൂര്‍വമായി സമരത്തോട് ജനങ്ങള്‍ പ്രകടിപ്പിച്ച പിന്തുണയെ ജനങ്ങള്‍ക്കെതിരായി തിരിക്കാനുള്ള നീക്കമായിരുന്നു അത്. ചിലര്‍ പറഞ്ഞു അമേരിക്ക ഞങ്ങള്‍ക്ക് സാമ്പത്തികം നല്‍കുന്നുവെന്ന്. വേറെ ചിലര്‍ പറഞ്ഞു ഇറാന്‍ പണം നല്‍കുന്നുവവെന്ന്.
അഭിമാനത്തോടെ തന്നെ പറയട്ടെ, ഞങ്ങള്‍ സ്വന്തമായിട്ടാണ് പണം കണ്ടെത്തുന്നത്. പണം അംഗങ്ങളുടെ സംഭാവനയാണ്. ഞങ്ങള്‍ ആഭ്യന്തരമായോ വിദേശത്തുനിന്നോ ഒരു സാമ്പത്തിക സഹായവും പറ്റുന്നില്ല. ഞങ്ങള്‍ ആസ്ഥാനമില്ല. ഞങ്ങള്‍ എവിടെയും വച്ചു കൂടിക്കാണുന്നു. ഞങ്ങള്‍ മനുഷ്യാവകാശ സംഘടനകളിലും കഫേകളിലും വച്ചു കാണുന്നു.
ലഘുലേഖകള്‍ക്കും ബാനറുകള്‍ക്കും ആവശ്യമായ തുക ഞങ്ങള്‍ തന്നെ എടുക്കുന്നു. തഹ്‌രീര്‍ ചത്വരത്തിലെ പ്രതിഷേധങ്ങളുടെ ഫണ്ടും അങ്ങനെ തന്നെയാണ്. ചിലര്‍ പറഞ്ഞു പ്രശസ്ത റസ്‌റ്റോറന്റായ “കെന്റൂക്കി” പ്രതിഷേധക്കാര്‍ക്ക് വിഭവസമൃദ്ധമായ ഭക്ഷണം നല്‍കുന്നുവെന്ന്. അത് അസംബന്ധമായ വാദമാണ്. പ്രതിഷേധം തുടങ്ങിയതിനുശേഷം എല്ലാ റെസ്‌റ്റോറന്റുകളും പ്രവര്‍ത്തനം നിര്‍ത്തി. പ്രതിഷേധം തുടങ്ങിയശേഷം ഏറ്റവും വില കൂടിയ ഭക്ഷണം എന്നത് ജനപ്രിയമായ കോഷാരി മാത്രമാണ്. അത് പ്രതിഷേധക്കാര്‍ സ്വന്തം പണംകൊടുത്താണ് മേടിക്കുന്നതും.
പ്രതിഷേധം തുടരുകയാണ്. നിങ്ങളുടെ പ്രധാന ആവശ്യം ഇതുവരെ നടന്നിട്ടില്ല, അതായത് പ്രസിഡന്റ് മുബാരക് സ്ഥാനമൊഴിയണമെന്ന ആവശ്യം. എന്തായിരിക്കും ഈ സമരത്തിന്റെ അനന്തരഫലം?
പ്രതിഷേധക്കാര്‍ മാത്രമല്ല, എല്ലാ ഈജിപ്തുകാരും ഭയത്തെ മറികടന്നിരിക്കുന്നു. അതായത് ഭയം എന്ന പ്രതിബന്ധത്തെ. അതിനാല്‍ ഞാനൊരൊറ്റ കാര്യം മാത്രമേ ഞങ്ങള്‍ അനന്തര ഫലമായി പ്രതീക്ഷിക്കുന്നുള്ളൂ അതായത് മുബാറക് അധികാരത്തില്‍ നിന്ന് ഒഴിയുക. അതുവരെ പ്രതിഷേധം തുടരും.
കുറിപ്പ്: ഈജിപ്ത് പ്രസിഡന്റും സേച്ഛാധിപതിയുമായി ഹുസ്‌നി മുബാറക് സ്ഥാന ഭ്രഷ്ടനാക്കപ്പെടുന്നതിന് തൊട്ടുമുമ്പാണ് ഈ അഭിമുഖം നടന്നത്.
മൊഴിമാറ്റം: ബിജുരാജ്