| Sunday, 11th February 2024, 10:37 pm

റഫ ആക്രമിച്ചാല്‍ ഇസ്രഈലുമായുള്ള സമാധാന ഉടമ്പടി നിര്‍ത്തിവെക്കും: നെതന്യാഹുവിന് മുന്നറിയിപ്പുമായി ഈജിപ്ത്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കെയ്റോ: അതിര്‍ത്തി നഗരമായ ഗസയിലെ റഫയില്‍ ആക്രമണം നടത്തിയാല്‍ ഇസ്രഈലുമായുള്ള സുപ്രധാന സമാധാന ഉടമ്പടി താത്കാലികമായി നിര്‍ത്തിവെക്കുമെന്ന് ഈജിപ്ത്.

ഫലസ്തീനിലെ റാഫ നഗരം തകര്‍ക്കാനും പിടിച്ചെടുക്കാനുമുള്ള ശ്രമം ഇസ്രഈലി സര്‍ക്കാര്‍ തുടരുകയാണെങ്കില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള ചരിത്രപരമായ ക്യാമ്പ് ഡേവിഡ് ഉടമ്പടി നിര്‍ത്തിവെക്കുമെന്ന് രണ്ട് ഈജിപ്ഷ്യന്‍ ഉദ്യോഗസ്ഥരും ഒരു പാശ്ചാത്യ നയതന്ത്രജ്ഞനും പറഞ്ഞതായി എ.പി റിപ്പോര്‍ട്ട് ചെയ്തു.

ഇത് പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനുള്ള ഈജിപ്തിന്റെ തക്കതായ ഭീഷണിയാണെന്ന് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍.

ഇസ്രഈല്‍ സൈന്യം റഫാ അതിര്‍ത്തി കടന്നാല്‍ ദശലക്ഷക്കണക്കിന് ഫലസ്തീനികള്‍ ഗസ വിട്ടുപോകുമെന്ന് ഈജിപ്ത് അധികാരികള്‍ ചൂണ്ടിക്കാട്ടി. പിന്നീട് സയണിസ്റ്റ് ഭരണകൂടം ഉപരോധം ഏര്‍പ്പെടുത്തിയ ഫലസ്തീനിലെ നഗരങ്ങളിലേക്ക് അവര്‍ക്ക് മടങ്ങാന്‍ കഴിയില്ലെന്നും ഈജിപ്ത് ഭയപ്പെടുന്നതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ശനിയാഴ്ച പുതിയ പദ്ധതികളുടെ അടിസ്ഥാനത്തില്‍ റഫ നഗരത്തില്‍ ഇസ്രഈലി സൈന്യം പുതിയ ആക്രമണങ്ങള്‍ നടത്തിയതായി ഔദ്യോഗിക ഫലസ്തീന്‍ വാര്‍ത്താ ഏജന്‍സിയായ വഫ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

റഫയുടെ വടക്ക് ഭാഗത്തായി അല്‍ നാസര്‍ സമീപപ്രദേശത്തുള്ള ഒരു വീടിന് നേരെ ഇസ്രഈല്‍ സൈന്യം നടത്തിയ ആക്രമണത്തില്‍ 11 താമസക്കാര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി അന്താരാഷ്ട്ര മാധ്യമങ്ങളുടെ റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടി.

നഗരത്തിന് കിഴക്ക് ഭാഗത്ത് അല്‍ ജെനീന പരിസരത്തുള്ള ഒരു വീടിന് നേരെയുണ്ടായ ബോംബാക്രമണത്തില്‍ മൂന്ന് ഫലസ്തീനികള്‍ കൊല്ലപ്പെട്ടതായും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

നിലവിലെ കണക്കുകള്‍ ഗസയിലെ ഇസ്രഈല്‍ സൈന്യത്തിന്റെ ആക്രമണത്തില്‍ ഫലസ്തീനികളുടെ മരണസംഖ്യ 28,176 ആയി വര്‍ധിച്ചുവെന്നും 67,784 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നും വ്യക്തമാക്കുന്നു. 7,000 ആളുകളെ കാണാതായിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ ഗസയില്‍ സൈന്യത്തിന്റെ വ്യോമാക്രമണത്തില്‍ 112 ഫലസ്തീനികള്‍ കൊല്ലപ്പെട്ടതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Content Highlight: Egypt will temporarily suspend the important peace agreement with Israel if it attacks Rafah

Latest Stories

We use cookies to give you the best possible experience. Learn more