ദുബായ്: സൗദി അറേബ്യ ഖത്തറിനുമേലുള്ള ഉപരോധം പിന്‍വലിച്ചതിന് പിന്നലെ നിലപാടില്‍ അയവുമായി ഈജിപ്തും. ഖത്തറിലേക്ക് നേരിട്ട് പോകുന്നതിനും വരുന്നതിനുമായി തങ്ങളുടെ വ്യോമാതിര്‍ത്തി തുറന്ന് നല്‍കാന്‍ ഈജിപ്ത് തീരുമാനിച്ചു.
കുവൈത്തുമായി നടന്ന മധ്യസ്ഥ ചര്‍ച്ചകള്‍ക്ക് ശേഷമാണ് വ്യോമാര്‍തിര്‍ത്തി തുറക്കാനുള്ള തീരുമാനം.
നാലു വര്‍ഷത്തോളമായി ഖത്തറിനുമേല്‍ ഏര്‍പ്പെടുത്തിയ ഉപരോധം കഴിഞ്ഞ ദിവസം സൗദി അറേബ്യ നീക്കിയിരുന്നു. ഇതോടെ ഇരുരാജ്യങ്ങളുടെയും അതിര്‍ത്തികള്‍ തുറന്നിട്ടുണ്ട്. കുവൈത്ത് വിദേശ കാര്യ മന്ത്രിയാണ് സൗദിയുമായുള്ള അതിര്‍ത്തികള്‍ തുറക്കുന്ന കാര്യം വ്യക്തമാക്കിയത്.
ഖത്തറുമായുള്ള കര, നാവിക, വ്യോമ അതിര്‍ത്തികളും സൗദി അറേബ്യ തുറന്നിട്ടുണ്ട്. ഉപരോധം അവസാനിപ്പിച്ച് ഇരു രാജ്യങ്ങളും ഇക്കാര്യത്തില്‍ കരാറിലെത്തുകയും ചെയ്തു.നിലവില്‍ ഇരു രാജ്യങ്ങള്‍ക്കും ആശയ ഭിന്നതയുള്ള വിഷയങ്ങളില്‍ ചര്‍ച്ചകള്‍ തുടരുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
യു.എസ് വക്താവ് ജെറാദ് കുഷ്നറുടെ സന്ദര്‍ശനത്തിന് പിന്നാലെയാണ് അതിര്‍ത്തികള്‍ തുറക്കാനുള്ള ശ്രമം ആരംഭിച്ചത്.
അതേസമയം ജി.സി.സി ഉച്ചകോടി ഇന്ന് തുടങ്ങാനിരിക്കെയാണ് സൗദിയുടെ തീരുമാനം. അതേസമയം മറ്റു ജി.സി.സി രാജ്യങ്ങളുമായുള്ള ഉപരോധം ഇപ്പോഴും തുടരുകയാണ്.
ഖത്തറിനെതിരെ ഉന്നയിച്ച ആരോപണങ്ങള്‍ ചര്‍ച്ചയിലൂടെ പരിഹരിക്കാനാണ് സൗദിയുടെ തീരുമാനം. ഗള്‍ഫ് മേഖലയുടെ കെട്ടുറപ്പിന് ഐക്യം അനിവാര്യമാണെന്നാണ് ഉപരോധം അവസാനിപ്പിച്ച് കൊണ്ട് സൗദി കിരീടാവകാശി പറഞ്ഞത്.
ഉപരോധം ഏര്‍പ്പെടുത്തിയ 2017ന് ശേഷം ഖത്തര്‍ അമീര്‍ ജി.സി.സി യോഗങ്ങളില്‍ പങ്കെടുത്തിട്ടില്ല. അല്‍ ഉലയയിലെ മറായാ ഓഡിറ്റോറിയത്തിലാണ് ഉച്ചകോടി നടക്കുന്നത്.
നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനെ പ്രീതിപ്പെടുത്താനും ഡൊണാള്‍ഡ് ട്രംപിനെ സന്തോഷിപ്പിക്കാനുമാണ് അയല്‍ രാജ്യവുമായുള്ള തര്‍ക്ക പരിഹാരത്തിന് സൗദി കിരീടവകാശിയായ മുഹമ്മദ് ബിന്‍ സല്‍മാന്‍ ഒരുങ്ങുന്നതെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.
2017 ജൂണിലാണ് സൗദി അറേബ്യ, യു.എ.ഇ, ബഹ്‌റിന്‍, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങള്‍ ഖത്തറിനുമേല്‍ ഉപരോധം ഏര്‍പ്പെടുത്തിയത്. ദോഹ ഇസ്ലാമിക് തീവ്രവാദ ഗ്രൂപ്പുകളെ സ്‌പോണ്‍സര്‍ ചെയ്തുവെന്നായിരുന്നു പ്രധാന ആരോപണം.
എന്നാല്‍ ഖത്തര്‍ ഈ ആരോപണം നിഷേധിച്ചിരുന്നു. പ്രശ്‌നപരിഹാരത്തിന് അമേരിക്കയുടെ സമ്മര്‍ദ്ദമുണ്ടായിരുന്നെങ്കിലും ഇളവു നല്‍കാന്‍ ഉപരോധമേര്‍പ്പെടുത്തിയ രാഷ്ട്രങ്ങള്‍ വിസമ്മതിക്കുകയായിരുന്നു.
തര്‍ക്കം ഇറാനെതിരെ സൃഷ്ടിച്ച അറബ് സഖ്യത്തെ ദുര്‍ബലപ്പെടുത്തുമെന്ന ആശങ്ക അമേരിക്ക പങ്കുവെച്ചിരുന്നു. തര്‍ക്കത്തില്‍ നിന്നും ടെഹ്‌റാന്‍ നേട്ടമുണ്ടാക്കുമെന്നായിരുന്നു അമേരിക്കയുടെ ആശങ്ക.
2017 മെയ് 20നാണ് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് സൗദി അറേബ്യയിലെത്തുന്നത്. സൗദി അറേബ്യയോടും, യു.എ.ഇയോടും ഖത്തറിന്റെ വിമാന സര്‍വ്വീസുകള്‍ക്കുമേല്‍ ഏര്‍പ്പെടുത്തിയ ഉപരോധം നീക്കാന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ആവശ്യപ്പെട്ടതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക