പ്രക്ഷോഭകര്‍ക്ക് നേരെ വെടിവയ്പ്പ് :ഈജിപ്തില്‍ പ്രതിഷേധം ശക്തം
World
പ്രക്ഷോഭകര്‍ക്ക് നേരെ വെടിവയ്പ്പ് :ഈജിപ്തില്‍ പ്രതിഷേധം ശക്തം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 12th December 2012, 12:50 am

കയ്‌റോ: രാഷ്ട്രീയ പ്രതിസന്ധി തുടരുന്ന ഈജിപ്തില്‍ കരട് ഭരണഘടനയില്‍ മേലുള്ള ഹിതപരിശോധനയ്‌ക്കെതിരെ കനത്ത പ്രതിഷേധം തുടരുന്നു. []

തഹ്‌രീര്‍ ചത്വരത്തില്‍ ക്യാമ്പ് ചെയ്യുകയായിരുന്ന പ്രക്ഷോഭകര്‍ക്ക് നേരെയുണ്ടായ വെടിവയ്പ്പില്‍ ഒന്‍പത് പേര്‍ക്ക് പരുക്കേറ്റതായി ഈജിപ്ത് മാധ്യമങ്ങള്‍ അറിയിച്ചു.

പ്രസിഡന്റ് മുഹമ്മദ് മുര്‍സിയുടെ കൊട്ടാരത്തിന് പുറത്ത് പതിനായിരക്കണക്കിന് പേര്‍ പ്രതിഷേധ പ്രകടനങ്ങള്‍ നടത്തി. കൊട്ടാരത്തിന് പുറത്തുണ്ടായ സംഘര്‍ഷങ്ങളില്‍ ഇതുവരെ ഏഴ് പേര്‍ കൊല്ലപ്പെട്ടിട്ടുണ്ട്.

അതിനിടെ കയ്‌റോയിലെ നാസര്‍ സിറ്റിയില്‍ മുസ്‌ലിം ബ്രദര്‍ഹുഡ് പ്രവര്‍ത്തകരും വന്‍ റാലി സംഘടിപ്പിച്ചു. പ്രസിഡന്റ് മുര്‍സിക്ക് അനുകൂല മുദ്രാവാക്യങ്ങള്‍ വിളിച്ച പ്രവര്‍ത്തകര്‍ ഹിതപരിശോധനയില്‍ എല്ലാവരും അനുകൂലവോട്ട്് ചെയ്യണമെന്ന് അഭ്യര്‍ഥിച്ചു.

ശനിയാഴ്ചാണ് കരട് ഭരണഘടനയില്‍ ഹിതപരിശോധന നിശ്ചയിച്ചിരിക്കുന്നത്.

ഈജിപ്തില്‍ അടിയന്തര പരിഹാരം കണ്ടെത്തുന്നതിന്റെ ഭാഗമായി പ്രസിഡന്റ് മുഹമ്മദ് മുര്‍സി രാജ്യത്തെ പ്രതിപക്ഷ നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

പ്രതിഷേധിക്കാനുളള ജനങ്ങളുടെ അവകാശത്തെ മാനിക്കുന്നു. എന്നാല്‍ ഇപ്പോള്‍ നടക്കുന്ന അക്രമസംഭവങ്ങള്‍ക്ക് പിന്നില്‍ സ്ഥാനഭ്രഷ്ടനാക്കപ്പെട്ട മുന്‍ പ്രസിഡന്റ് ഹുസ്‌നി മുബാറക്കിന്റെ അനുയായികളാണെന്നായിരുന്നു മുര്‍സിയുടെ ആരോപണം.

കോടതിക്ക് അതീതമായി പ്രസിഡന്റിന് പ്രത്യേക അധികാരം നല്‍കുന്ന വ്യവസ്ഥയെച്ചൊല്ലി രാജ്യത്ത് ഒന്നാകെ പൊട്ടിപ്പുറപ്പെട്ട പ്രതിഷേധം അവസാനിക്കാത്ത സാഹചര്യമാണ് നിലവിലുള്ളത്.