ഗസയിൽ യുദ്ധം പൂർണമായി അവസാനിപ്പിക്കാൻ നിർദേശം മുന്നോട്ട് വെച്ച് ഈജിപ്ത്; മുഴുവൻ ബന്ദികളെയും ഫലസ്തീനി തടവുകാരെയും മോചിപ്പിക്കണം
World News
ഗസയിൽ യുദ്ധം പൂർണമായി അവസാനിപ്പിക്കാൻ നിർദേശം മുന്നോട്ട് വെച്ച് ഈജിപ്ത്; മുഴുവൻ ബന്ദികളെയും ഫലസ്തീനി തടവുകാരെയും മോചിപ്പിക്കണം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 26th December 2023, 10:00 am

ഗസ: ഗസയിലെ ഇസ്രഈൽ ആക്രമണം പൂർണമായി അവസാനിപ്പിക്കാനും ഹമാസ് ബന്ദികളാക്കിയ മുഴുവനാളുകളെയും ഇസ്രഈലി തടവറയിൽ കഴിയുന്ന മുഴുവൻ ഫലസ്തീനികളെയും വിട്ടയക്കാനും നിർദേശം മുന്നോട്ട് വെച്ച് ഈജിപ്ത്.

ഇസ്രഈലിനും ഹമാസിനും സമർപ്പിച്ച നിർദേശത്തിൽ ഫലസ്തീനിൽ ഒരു ഏകീകൃത സർക്കാർ രൂപീകരിക്കുന്നതിനെ കുറിച്ചും പറയുന്നുണ്ട്.

ഈജിപ്തിന്റെ നിർദേശത്തോട് ഇസ്രഈലും ഹമാസും അനുകൂലമായി പ്രതികരിച്ചിട്ടില്ലെങ്കിലും നിർദേശങ്ങൾ പൂർണമായി തള്ളിയിട്ടില്ല.

ഖത്തറുമായി ചേർന്ന് തയ്യാറാക്കിയ നിർദേശത്തിൽ ഘട്ടം ഘട്ടമായി ബന്ദികളെയും തടവറയിൽ കഴിയുന്നവരെയും മോചിപ്പിക്കുന്നതിനെ കുറിച്ച് പറയുന്നു.

ആദ്യ ഘട്ടത്തിൽ ഹമാസ് ഏഴു മുതൽ 10 വരെ ദിവസങ്ങളിലെ വെടിനിർത്തൽ പ്രകാരം ഇസ്രഈലി തടവറയിൽ കഴിയുന്ന ഫലസ്തീനികൾക്ക് പകരമായി ഹമാസ് സിവിലിയന്മാരായ ഇസ്രഈലി ബന്ദികളെ മുഴുവൻ മോചിപ്പിക്കണം.

രണ്ടാം ഘട്ടത്തിൽ ഒരാഴ്ച നീണ്ട വെടിനിർത്തലിൽ കൂടുതൽ ഫലസ്തീനി തടവുകാർക്ക് പകരമായി വനിതാ ഇസ്രഈലി സൈനികരെ ഹമാസ് മോചിപ്പിക്കണം.

അവസാന ഘട്ടത്തിൽ ഇരുകൂട്ടരും ഒരു മാസം നീണ്ട ചർച്ചകൾക്കൊടുവിൽ ഹമാസ് ബന്ദികളാക്കിയ മുഴുവൻ സൈനികരെയും ഇസ്രഈൽ തടവറകളിൽ കഴിയുന്ന മുഴുവൻ ഫലസ്തീനികളെയും മോചിപ്പിക്കണം. മാത്രമല്ല, ഗസയിൽ നിന്ന് ഇസ്രഈൽ പൂർണമായി പിൻവാങ്ങുകയും വേണം.

ഫലസ്തീന്റെ കണക്കുകൾ പ്രകാരം 8000 ത്തോളം ഫലസ്തീനികളാണ് സുരക്ഷാകാരണങ്ങൾ ഉൾപ്പെടെ ചൂണ്ടിക്കാട്ടി ഇസ്രഈലി തടവറകളിൽ കഴിയുന്നത്.

വെടിനിർത്തലിലുടനീളം ഹമാസിനെയും ഫലസ്തീനിയൻ അതോറിറ്റിയെയും ഏകോപിപ്പിച്ച് വെസ്റ്റ് ബാങ്കിലും ഗസയിലും സംയുക്ത സർക്കാർ രൂപീകരിക്കുവാനും ഈജിപ്ത് ചർച്ച നടത്തുമെന്ന് ടൈംസ് ഓഫ് ഇസ്രഈൽ റിപ്പോർട്ട് ചെയ്തു.

Content Highlight: Egypt sets out ambitious Israel-Gaza ceasefire plan