| Monday, 24th September 2018, 12:33 pm

ഈജിപ്തില്‍ മുസ്‌ലിം ബ്രദര്‍ഹുഡ് തലവന്‍ അടക്കം 66 പേര്‍ക്ക് ജീവപര്യന്തം തടവ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കെയ്‌റോ: ഈജിപ്തില്‍ മുസ്‌ലിം ബ്രദര്‍ഹുഡ് തലവന്‍ അടക്കം 66 പേര്‍ക്ക് ജീവപര്യന്തം തടവ്. മിന്‍യയിലെ പൊലീസ് സ്റ്റേഷനുനേരെ 2013 ആഗസ്റ്റില്‍ നടന്ന ആക്രമണവുമായി ബന്ധപ്പെട്ട കേസിലാണ് നടപടി.

മുസ്‌ലിം ബ്രദര്‍ഹുഡ് തലവനായ മുഹമ്മദ് ബാഡിയടക്കമുള്ളവരെയാണ് ജീവപര്യന്തം തടവിനു ശിക്ഷിച്ചിരിക്കുന്നത്.

നേരത്തെ ഈ കേസില്‍ പുനര്‍വിചാരണയ്ക്ക് ഉത്തരവിടുന്നതിനു മുമ്പ് 183 പേര്‍ക്ക് വധശിക്ഷ വിധിച്ചിരുന്നു. ഞായറാഴ്ച 700 ഓളം പേര്‍ കൂടി കേസില്‍ വിചാരണ നേരിട്ടെന്നാണ് പ്രതിഭാഗം അഭിഭാഷകനായ അബ്ദല്‍ മൊനീം അബ്ദല്‍ മഖ്‌സൂദ് പറയുന്നത്.

700 പേരില്‍ 66 പേര്‍ക്കാണ് ജീവപര്യന്തം തടവുശിക്ഷ ലഭിച്ചിരിക്കുന്നത്. ഈജിപ്തില്‍ ജീവപര്യന്തം എന്നത് 25 വര്‍ഷത്തെ തടവാണ്. 288 പേരെ കുറ്റവിമുക്തരാക്കിയിട്ടുണ്ട്. ആദ്യ വിചാരണയ്ക്കുശേഷം ആറുപേര്‍ മരണപ്പെടുകയും ചെയ്തു. മറ്റുള്ളവര്‍ക്ക് മൂന്നു മുതല്‍ 15 വര്‍ഷം വരെ തടവുശിക്ഷയാണ് ലഭിച്ചിട്ടുള്ളത്.

Also Read:ഗുജറാത്ത് കലാപത്തിലെ മോദിയുടെ പങ്കിനെക്കുറിച്ച് അന്വേഷിച്ചതിന് പകവീട്ടുന്നു; മറിയം റഷീദയുടെ ആരോപണങ്ങള്‍ക്ക് പിന്നില്‍ ബി.ജെ.പിയെന്ന് ആര്‍.ബി ശ്രീകുമാര്‍

2013ല്‍ ജൂലൈയില്‍ മുന്‍ പ്രസിഡന്റ് മുഹമ്മദ് മുര്‍സിയെ പുറത്താക്കിയതിനു പിന്നാലെ അക്രമസംഭവങ്ങള്‍ നടത്താന്‍ അനുയായികളെ പ്രേരിപ്പിച്ചുവെന്ന കുറ്റമാണ് ബാഡിയ്‌ക്കെതിരെയുള്ളത്. ബ്രദര്‍ഹുഡിനെതിരെയുള്ള 35 കേസുകളില്‍ ബാഡി വിചാരണ നേരിട്ടിടുന്നുണ്ട്. ചില കേസുകളില്‍ അദ്ദേഹത്തിന് വധശിക്ഷ വിധിച്ചെങ്കിലും മേല്‍ക്കോടതി അതു തടയുകയായിരുന്നു. അഞ്ചിലേറെ കേസുകളില്‍ അദ്ദേഹത്തിന് ജീവപര്യന്തം തടവു ലഭിച്ചിട്ടുണ്ട്.

മുസ്‌ലിം ബ്രദര്‍ഹുഡുമായി ബന്ധമുള്ള 1000ത്തിലേറെ ചാരിറ്റികളുടെ സ്വത്തുവകകള്‍ മരവിപ്പിച്ചുകൊണ്ട് സെപ്റ്റംബര്‍ 11ന് ഈജിപ്ഷ്യന്‍ ജുഡീഷ്യല്‍ കമ്മിറ്റി ഉത്തരവിട്ടിരുന്നു.

We use cookies to give you the best possible experience. Learn more