സര്‍ക്കാര്‍ വിരുദ്ധ സമരം; ഈജിപ്തില്‍ 38 പേര്‍ക്ക് ജീവപര്യന്തം തടവുശിക്ഷ
World News
സര്‍ക്കാര്‍ വിരുദ്ധ സമരം; ഈജിപ്തില്‍ 38 പേര്‍ക്ക് ജീവപര്യന്തം തടവുശിക്ഷ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 16th January 2023, 2:09 pm

കെയ്‌റോ: ഈജിപ്തില്‍ പ്രസിഡന്റ് അബ്ദെല്‍ ഫത്താഹ് എല്‍- സിസിയുടെ (Abdel Fattah el-Sisi) സര്‍ക്കാരിനെതിരെ സമരം ചെയ്തതിന് 38 പേര്‍ക്ക് ജീവപര്യന്തം തടവുശിക്ഷ വിധിച്ചതായി റിപ്പോര്‍ട്ട്.

ഇതിന് പുറമെ കുട്ടികളടക്കം മറ്റ് 44 പേര്‍ക്ക് അഞ്ച് മുതല്‍ 15 വര്‍ഷം വരെയും തടവുശിക്ഷ വിധിച്ചിട്ടുണ്ട്. തീവ്രവാദവുമായി ബന്ധപ്പെട്ട കേസുകള്‍ കൈകാര്യം ചെയ്യുന്ന ഈജിപ്ഷ്യന്‍ ക്രിമിനല്‍ കോടതിയാണ് ഞായറാഴ്ച വിധി പുറപ്പെടുവിച്ചത്.

ഈജിപ്ഷ്യന്‍ സുരക്ഷാ സേനയ്ക്കും സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കുമെതിരായി അക്രമത്തിന് പ്രേരിപ്പിക്കുന്നതുള്‍പ്പെടെയുള്ള കുറ്റങ്ങളാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.

നിലവില്‍ സ്‌പെയിനില്‍ താമസിക്കുന്ന ഈജിപ്ഷ്യന്‍ പൗരനായ ബിസിനസുകാരന്‍ മുഹമ്മദ് അലി ഉള്‍പ്പെടെയുള്ളവര്‍ക്കാണ് തടവുശിക്ഷ വിധിച്ചിരിക്കുന്നത്. ഇതില്‍ ജീവപര്യന്തം ലഭിച്ച മുഹമ്മദ് അലിയടക്കം 23 പേര്‍ വിചാരണ സമയത്തും ശിക്ഷാവിധി പ്രസ്താവിക്കുന്ന സമയത്തും ഹാജരായിരുന്നില്ല.

2019ല്‍ മുഹമ്മദ് അലിയുടെ വീഡിയോയും മറ്റ് സോഷ്യല്‍ മീഡിയ പോസ്റ്റുകളുമായിരുന്നു സര്‍ക്കാരിനെതിരായ അഴിമതി ആരോപണങ്ങള്‍ പുറത്തുകൊണ്ടുവന്നതും ഇത് പിന്നീട് പ്രതിഷേധങ്ങള്‍ക്ക് കാരണമായതും.

പിന്നീട് 2019 ഒക്ടോബറില്‍ മുഹമ്മദ് അലി ഈജിപ്ത് വിട്ട് സ്‌പെയിനിലേക്ക് നാടുകടക്കുകയായിരുന്നു.

ഈജിപ്തില്‍ കൂട്ടത്തോടെ ആളുകളെ തടവുശിക്ഷക്കടക്കം വിധിക്കുന്നതിനെതിരെ വിവിധ മനുഷ്യാവകാശ സംഘടനകള്‍ രംഗത്തെത്തിയിരുന്നു. കുറ്റാരോപിതര്‍ക്ക് ന്യായമായ വിചാരണ ഉറപ്പുവരുത്തണമെന്നും ഏറെക്കാലമായി വിവിധ കോണുകളില്‍ നിന്നും അധികൃതരോട് ആവശ്യപ്പെടുന്നുണ്ട്.

കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ആയിരക്കണക്കിന് പേരെ വിവിധ കുറ്റങ്ങളിലായി ഈജിപ്ഷ്യന്‍ സര്‍ക്കാര്‍ ജയിലിലടച്ചിട്ടുണ്ടെന്നാണ് ഫ്രാന്‍സ്24ന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത്.

2019ലായിരുന്നു എല്‍ സിസിക്കെതിരായി രാജ്യത്ത് വലിയ രീതിയില്‍ ജനകീയ പ്രക്ഷോഭം അരങ്ങേറിയത്. അഴിമതി അടക്കമുള്ള ആരോപണങ്ങള്‍ സര്‍ക്കാരിനെതിരെ ഉയര്‍ന്നതിനെ തുടര്‍ന്നായിരുന്നു ഇത്. തുറമുഖ നഗരമായ സൂയസ് കേന്ദ്രീകരിച്ച് നടന്ന സമരങ്ങളുമായി ബന്ധപ്പെട്ട കേസിലാണ് ഇപ്പോള്‍ ശിക്ഷാ വിധി വന്നിരിക്കുന്നത്.

2019 സെപ്റ്റംബറിലെ സമരത്തെത്തുടര്‍ന്ന് തലസ്ഥാനമായ കെയ്റോയിലും രാജ്യത്തുടനീളവും നൂറുകണക്കിനാളുകളെ അധികൃതര്‍ അറസ്റ്റ് ചെയ്തിരുന്നുവെങ്കിലും പലരെയും വിട്ടയച്ചു. മറ്റുള്ളവരെ വിചാരണക്ക് വിധേയമാക്കി.

എതിര്‍ശബ്ദങ്ങളെ വ്യാപകമായി അടിച്ചമര്‍ത്തുന്നതുകൊണ്ട് തന്നെ രാജ്യത്തെ എല്‍- സിസി സര്‍ക്കാരിനെതിരെ പരസ്യ പ്രതിഷേധങ്ങള്‍ വളരെ അപൂര്‍വമാണെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

Content Highlight: Egypt sentences 38 people to life in prison over 2019 protests against Abdel Fattah El-Sisi govt