ഇസ്രഈല്‍ സര്‍ക്കാര്‍ ശ്രമിക്കുന്നത് ഫലസ്തീനികളെ കുടിയൊഴിപ്പിക്കാന്‍: ഈജിപ്ത് വിദേശകാര്യ മന്ത്രി
World News
ഇസ്രഈല്‍ സര്‍ക്കാര്‍ ശ്രമിക്കുന്നത് ഫലസ്തീനികളെ കുടിയൊഴിപ്പിക്കാന്‍: ഈജിപ്ത് വിദേശകാര്യ മന്ത്രി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 9th January 2024, 8:20 pm

കെയ്റോ: ഗസയില്‍ നിന്ന് ഫലസ്തീനികളെ കുടിയിറക്കാനാണ് ഇസ്രഈലി ഭരണകൂടം ശ്രമിക്കുന്നതെന്ന് ഈജിപ്ത് വിദേശകാര്യ മന്ത്രി സമേഹ് ഷൗക്രി. നിലവില്‍ ലോകരാഷ്ട്രങ്ങള്‍ പ്രാധാന്യം നല്‍കേണ്ടത് ഇസ്രഈല്‍ ബന്ദികളാക്കിയ ഫലസ്തീനികളുടെ മോചനത്തിനും ഗസയിലെ വെടിനിര്‍ത്തലിനുമാണെന്നും സമേഹ് ഷൗക്രി പറഞ്ഞു. ജര്‍മന്‍ കൗണ്‍സിലറുമായി തലസ്ഥാന നഗരമായ കെയ്റോയില്‍ വെച്ചുനടന്ന വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇസ്രഈലിന്റെ രാഷ്ട്രീയവും നിയമപരവുമായ എല്ലാ നടപടികളും ഫലസ്തീനികളെ കുടിയൊഴിപ്പിക്കലിലേക്ക് നയിക്കുകയാണെന്ന് സമേഹ് ഷൗക്രി മാധ്യമങ്ങളോട് പറഞ്ഞു.

ഇസ്രഈലും ഫലസ്തീനും തമ്മിലുള്ള രാഷ്ട്രീയവും മാനുഷികവുമായ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് അടിയന്തര നടപടികള്‍ എടുക്കണമെന്നും ലോക നേതാക്കള്‍ ഫലസ്തീനികളുടെ സ്വതന്ത്ര ജീവിതത്തിനും സംഥാനത്തിനുമാണ് മുന്‍ഗണന നല്‍കേണ്ടതെന്നും ഈജിപ്ത് വിദേശകാര്യ മന്ത്രി ചൂണ്ടിക്കാട്ടി.

ഗസയിലേക്കുള്ള ഇസ്രഈലികളുടെ കുടിയേറ്റം തടയാനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്ന മിഥ്യാധാരണയിലാണ് തങ്ങളെന്നും എന്നാല്‍ അതിനുവേണ്ട ശക്തമായ പ്രവര്‍ത്തനങ്ങളും ശ്രമങ്ങളും കാണാന്‍ കഴിയുന്നില്ലായെന്നത് ഒരു വസ്തുതയാണെന്നും ഷൗക്രി കൂട്ടിച്ചേര്‍ത്തു. ഗസയിലേക്കുള്ള മാനുഷിക സഹായങ്ങള്‍ കുറക്കാന്‍ മറ്റു രാജ്യങ്ങളില്‍ ഇസ്രഈലി ഭരണകൂടം സമ്മര്‍ദം ചെലുത്തുന്നുണ്ടെന്നും ഷൗക്രി കുറ്റപെടുത്തിയതായി മാധ്യമങ്ങള്‍ ചൂണ്ടിക്കാട്ടി.

അതേസമയം വടക്കന്‍ ഗസയിലേത് പോലെ നഗരത്തിന്റെ തെക്ക് ഭാഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ആശുപത്രികള്‍ ഇസ്രഈലി സൈന്യം ബോംബാക്രമണത്തില്‍ തകര്‍ക്കുന്നതില്‍ ഐക്യരാഷ്ട്ര സഭ ആശങ്ക പ്രകടിപ്പിച്ചു. ഇസ്രഈല്‍ സൈന്യം തടവിലാക്കിയ 66 ആരോഗ്യ പ്രവര്‍ത്തകരെ സംരക്ഷിക്കാം അടിയന്തര നടപടി സ്വീകരിക്കണമെന്നും യു.എന്‍ ആവശ്യപ്പെട്ടു.

നിലവിലെ കണക്കുകള്‍ പ്രകാരം ഗസയിലെ ഇസ്രഈല്‍ സൈന്യത്തിന്റെ ആക്രമണത്തില്‍ ഫലസ്തീനികളുടെ മരണസംഖ്യ 23,210 ആയി വര്‍ധിച്ചുവെന്നും 59,167 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നും വ്യക്തമാക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ഇസ്രഈല്‍ ബോംബാക്രമണത്തില്‍ 126 ഫലസ്തീനികള്‍ കൊല്ലപ്പെടുകയും 250 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി പലസ്തീന്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Content Highlight: Egypt’s foreign minister says that the Israeli government is trying to evict the Palestinians