കെയ്റോ: ചെങ്കടലിൽ ഹൂത്തികളുടെ ആക്രമണങ്ങളിൽ നിന്ന് കപ്പലുകൾക്ക് സംരക്ഷണം ഒരുക്കാൻ യു.എസിന്റെ നേതൃത്വത്തിലുള്ള ബഹുരാഷ്ട്ര സേനയിൽ ചേരാനുള്ള ഇസ്രഈലിന്റെ നിർദേശം ഈജിപ്ത് തള്ളിയതായി റിപ്പോർട്ട്.
ഈജിപ്ത് നാവിക സേനയിൽ ചേരുന്നതിന്റെ സാധ്യതകൾ തേടി ഇസ്രഈലി വിദേശകാര്യ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥർ ഈജിപ്തിൽ സന്ദർശനം നടത്തിയെന്നും എന്നാൽ ഇസ്രഈൽ നിർദേശം ഈജിപ്ത് അംഗീകരിച്ചില്ലെന്നും ഇസ്രഈലിന്റെ i24ന്യൂസ് റിപ്പോർട്ട് ചെയ്തു.
നിലവിൽ ബഹുരാഷ്ട്ര സേനയിൽ ചേരുവാൻ സമ്മതം അറിയിച്ച ഏക അറബ് രാജ്യം ബഹ്റൈനാണ്. നേരത്തെ യു.എ.ഇ സേനയിൽ നിന്ന് പിന്മാറിയിരുന്നു.
ചെങ്കടലിലും ഏഥൻ കടലിടുക്കിലും പട്രോളിങ് നടത്തുന്നതിന് ഓപ്പറേഷൻ പ്രോസ്‌പരിറ്റി ഗാർഡിയൻ എന്ന പേരിൽ സേന രൂപീകരിക്കുകയാണെന്ന് ഡിസംബർ മധ്യത്തിലായിരുന്നു യു.എസ് പ്രഖ്യാപിച്ചത്.
യു.എസ്, ഫ്രാൻസ്, യു.കെ എന്നീ രാജ്യങ്ങൾ സേനയിലേക്ക് അഞ്ച് യുദ്ധക്കപ്പലുകൾ വിട്ടുനൽകിയിരുന്നു.
എന്നാൽ ഇറ്റലിയും സ്പെയിനും ഫ്രാൻസും സേനയിൽ നിന്ന് പിന്മാറുകയാണെന്ന് അറിയിച്ചത് യു.എസിന് വലിയ തിരിച്ചടിയായിരുന്നു.
അംഗ രാജ്യങ്ങളുടെ വിമുഖതയും അറബ് രാജ്യങ്ങളുടെ താത്പര്യക്കുറവും കാരണം പദ്ധതി ഇഴയുകയാണ്.
ചെങ്കടലിൽ ഇസ്രഈലിനെ സഹായിക്കുന്ന സേനയിൽ പ്രവർത്തിക്കുന്നതിനെതിരെ വിദേശ രാജ്യങ്ങൾക്ക് യെമൻ പ്രതിരോധ മന്ത്രി മേജർ ജനറൽ മുഹമ്മദ് അൽ ആതിഫി മുന്നറിയിപ്പ് നൽകിയിരുന്നു.
അസോസിയേറ്റഡ് പ്രസ്സിന് നൽകിയ അഭിമുഖത്തിൽ യു.എസ് നാവിക സേനയുടെ ഉന്നത കമാൻഡർ വൈസ് അഡ്മിറൽ ബ്രാഡ് കൂപ്പർ ബഹുരാഷ്ട്ര സേന പരാജയപ്പെട്ടെന്ന് സമ്മതിച്ചിരുന്നു.
Content Highlight: Egypt rejects Israeli proposal to join US-led coalition in Red Sea