| Tuesday, 24th December 2024, 9:27 am

ബാഷര്‍ അല്‍ അസദിന്റെ പതനം ആഘോഷിച്ച സിറിയന്‍ അഭയാര്‍ത്ഥികളെ നാടുകടത്താന്‍ ഉത്തരവിട്ട് ഈജിപ്ത്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കെയ്‌റോ: സിറിയന്‍ പ്രസിഡന്റ് ബാഷര്‍ അല്‍ അസദിനെ പുറത്താക്കി വിമതസംഘം അധികാരം പിടിച്ചതിനെ സ്വാഗതം ചെയ്ത് ഈജിപ്തില്‍ ആഘോഷം നടത്തിയ സിറിയന്‍ പൗരന്മാരെ നാടുകടത്താന്‍ ഉത്തരവിട്ട് ഈജിപ്ത് സര്‍ക്കാര്‍.

അസദിന്റെ പതനത്തെ തുടര്‍ന്ന് ഈജിപ്തിലെ കെയ്‌റോയില്‍ ആഘോഷ പ്രകടനങ്ങള്‍ നടത്തിയ മൂന്ന് പേരെ നാടുകടത്താനാണ് ഉത്തരവിട്ടിരിക്കുന്നത്. ഡിസംബര്‍ എട്ട്, ഒമ്പത് തീയതികളില്‍ കെയ്‌റോയുടെ പടിഞ്ഞാറന്‍ നഗരങ്ങളില്‍ വിമത സംഘത്തിന്റെ വിജയം ആഘോഷിച്ച 30 ഓളം സിറിയന്‍ വനിതകളേയും പുരുഷന്മാരേയും ഈജിപ്ഷ്യന്‍ ഇനീഷ്യേറ്റീവ് ഫോര്‍ പേഴ്സണല്‍ റൈറ്റ്സ് പ്രകാരം ഈജിപ്ഷ്യന്‍ സേന കസ്റ്റഡിയില്‍ എടുത്തിരുന്നു.

ഈജിപ്തിലെ ഹൊസരി പള്ളിക്ക് സമീപമുണ്ടായിരുന്ന ഒത്തുചേരല്‍ ഏകദേശം 15 മിനിറ്റോളം നീണ്ടുനില്‍ക്കുകയുണ്ടായി. പൊലീസ് എത്തുന്നതിന് മുമ്പായാണ് ഇത് അവസാനിപ്പിച്ചത്.

രാജ്യത്തിന്റ മറ്റൊരു ഭാഗത്ത്, സമാനമായി ആഘോഷ പരിപാടികള്‍ സംഘടിപ്പിച്ച 20 സിറിയക്കാരെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. എല്ലാവരേയും ഉടനെതന്നെ പോലീസ് സ്റ്റേഷനിലേക്ക് മാറ്റി.

അറസ്റ്റ് ചെയ്തവരില്‍ റസിഡന്‍സി പെര്‍മിറ്റുള്ള ആറ് പേരെ അടുത്ത ദിവസം വിട്ടയച്ചിരുന്നു. എന്നാല്‍ താത്ക്കാലിക അഭയാര്‍ഥി കാര്‍ഡുകള്‍ (മഞ്ഞ കാര്‍ഡ്) കൈവശം വെച്ചിരുന്ന ശേഷിക്കുന്ന തടവുകാരെ പൊലീസ് കസ്റ്റഡിയില്‍ തന്നെ വെക്കുകയായിരുന്നു.

എന്നാല്‍ ഇവര്‍ക്കെതിരെ എന്തെങ്കിലും കുറ്റങ്ങള്‍ ചുമത്തിയിട്ടുണ്ടോ എന്ന കാര്യത്തില്‍ കൃത്യമായ വിവരങ്ങള്‍ ലഭിച്ചിട്ടില്ല. ഇവരെ മോചിപ്പിക്കാന്‍ അധികൃതര്‍ ഉത്തരവിട്ടെങ്കിലും ഇതുവരെ അതും നടപ്പിലായിട്ടില്ലെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു.

ഈജിപ്തിലെ അഭയാര്‍ത്ഥികളില്‍ ഭൂരിഭാഗവും സിറിയക്കാരാണ്. 2021 ഡിസംബര്‍ വരെ 136,700 സിറിയന്‍ അഭയാര്‍ത്ഥികള്‍ ഈജിപ്തിലെ യു.എന്‍.എച്ച്.സി.ആറില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

Content Highlight: Egypt ordered the deportation of Syrian refugees who celebrated the fall of Bashar al-Assad

We use cookies to give you the best possible experience. Learn more