ഈജിപ്തില്‍ കരട് ഭരണഘടനയ്ക്ക് അംഗീകാരം; കൃത്രിമം കാട്ടിയതായി പ്രതിപക്ഷം
World
ഈജിപ്തില്‍ കരട് ഭരണഘടനയ്ക്ക് അംഗീകാരം; കൃത്രിമം കാട്ടിയതായി പ്രതിപക്ഷം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 24th December 2012, 12:00 am

കെയ്‌റോ: ഈജിപ്തില്‍ പ്രസിഡന്റ് മുഹമ്മദ് മുര്‍സിയുടെ കരട് ഭരണഘടനയ്ക്ക് ഹിതപരിശോധനയില്‍ അംഗീകാരം. രണ്ട് ഘട്ടങ്ങളിലായി നടന്ന പരിശോധനയില്‍ ഭൂരിപക്ഷം ജനങ്ങളും ഭരണഘടനയ്ക്ക് അനുകൂലമായാണ് വോട്ട് ചെയ്തതെന്നാണ് ഭരണ പാര്‍ട്ടിയായ മുസ്‌ലിം ബ്രദര്‍ഹുഡ് അവകാശപ്പെടുന്നത്.[]

ഹിത പരിശോധനയുടെ ആദ്യഘട്ടത്തില്‍ 56 ശതമാനം പേരും രണ്ടാം ഘട്ടത്തില്‍ 71.4 ശതമാനം പേരും പുതിയ ഭരണഘടനയ്ക്ക് അനുകൂലമായി വോട്ട് രേഖപ്പെടുത്തിയെന്നാണ് മുസ്‌ലിം ബ്രദര്‍ഹുഡിന്റെ  ഔദ്യോഗിക വെബ്‌സൈറ്റില്‍ നല്‍കിയിരിക്കുന്ന വിവരം. ഔദ്യോഗിക പ്രഖ്യാപനം ഉടന്‍ ഉണ്ടാകും.

ആദ്യഘട്ട ഹിത പരിശോധനയില്‍ വെറും 31 ശതമാനം പേരും രണ്ടാം ഘട്ടത്തില്‍ 30 ശതമാനം പേരും മാത്രമാണ് പങ്കെടുത്തത്. ഈജിപ്തിലെ പ്രധാന പ്രതിപക്ഷ പാര്‍ട്ടികളെല്ലാം വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നിരുന്നു.

ഹിത പരിശോധനയില്‍ കൃത്രിമം കാട്ടിയതായും പ്രതിപക്ഷം ആരോപിക്കുന്നു. കൃത്രിമം നടന്നിട്ടുണ്ടോയെന്ന് അന്വേഷിക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു. ഹിതപരിശോധനയില്‍ ഫലം പ്രതികൂലമാണെങ്കിലും പ്രക്ഷോഭം ഇനിയും തുടരുമെന്നും പ്രതിപക്ഷം അറിയിച്ചു.

അമ്പത് ശതമാനത്തില്‍ താഴെ മാത്രം പൗരന്‍മാര്‍ പങ്കെടുത്ത വോട്ടെടുപ്പിന്റെ വിജയം ഉയര്‍ത്തിപ്പിടിച്ച് ഹിതപരിശോധനയെ പിന്തുണക്കാന്‍ സാധിക്കില്ലെന്ന നിലപാടിലാണ് പ്രതിപക്ഷം.

സ്ത്രീകള്‍ക്ക് സ്വാതന്ത്ര്യം നിഷേധിക്കുന്നതും മുസ്‌ലിം ശരീഅത് നിയമത്തിന് മുന്‍തൂക്കം നല്‍കിയതുമായ ഭരണവുമായി മുര്‍സിക്ക് അധികനാള്‍ മുന്നോട്ട് പോകാനാവില്ലെന്നും പ്രതിപക്ഷം മുന്നറിയിപ്പ് നല്‍കി.
പുതിയ ഭരണഘടനയില്‍ രാജ്യത്തെ നീതിന്യായ വ്യവസ്ഥ താറുമാറാകുമെന്നും പ്രസിഡന്റിന്് കൂടുതല്‍ അധികാരം നല്‍കുന്നതാണ് ഭരണഘടനയെന്നുമാണ് പ്രക്ഷോഭകര്‍ ആരോപിക്കുന്നത്.