ഗോലാന്‍ കുന്നിലെ റോക്കറ്റാക്രമണം; ലെബനനെ യുദ്ധത്തിലേക്ക് വലിച്ചിഴക്കാനുള്ള ഇസ്രഈല്‍ ശ്രമത്തിനെതിരെ ഈജിപ്ത്
World News
ഗോലാന്‍ കുന്നിലെ റോക്കറ്റാക്രമണം; ലെബനനെ യുദ്ധത്തിലേക്ക് വലിച്ചിഴക്കാനുള്ള ഇസ്രഈല്‍ ശ്രമത്തിനെതിരെ ഈജിപ്ത്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 29th July 2024, 9:45 am

കെയ്റോ: അധിനിവേശ ഗോലാന്‍ കുന്നിലുണ്ടായ റോക്കറ്റാക്രമണത്തില്‍ 12 കുട്ടികള്‍ മരിച്ചതിനെ തുടര്‍ന്ന് ലെബനനെ ആക്രമിക്കാനുള്ള ഇസ്രഈല്‍ ശ്രമത്തിനെതിരെ ഈജിപ്ത്. ലെബനനെ യുദ്ധത്തിലേക്ക് വലിച്ചിഴക്കാനുള്ള ശ്രമം നല്ലതിനല്ലെന്ന് ഈജിപത് പറഞ്ഞു. ഗോലാന്‍ കുന്നിലുണ്ടായ ആക്രമണത്തിന്റെ ഉത്തരവാദിത്തം ലെബനനിലെ ഹിസ്ബുള്ള നിഷേധിച്ച പശ്ചാത്തലത്തില്‍ കൂടിയാണ് വിമര്‍ശനം.

പ്രതിരോധ ഉദ്യോഗസ്ഥരുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം ഇസ്രഈല്‍ ലെബനനില്‍ വ്യോമാക്രമണം നടത്തുകയായിരുന്നു. മജ്ദല്‍ ശംസ് പട്ടണത്തില്‍ നടന്ന ഇസ്രഈല്‍ വ്യോമാക്രമണത്തില്‍ നാല് ഹിസ്ബുള്ള അനുയായികള്‍ കൊല്ലപ്പെട്ടിരുന്നു. പിന്നാലെയാണ് ഗോലാന്‍ കുന്നില്‍ റോക്കറ്റാക്രമണമുണ്ടാകുന്നത്. എന്നാല്‍ ആക്രമണത്തിന്റെ ഉത്തരവാദിത്തം ലെബനീസ് ഗ്രൂപ്പ് നിഷേധിക്കുകയും ചെയ്തു.

എന്നാൽ ലെബനനില്‍ ഒരു പുതിയ യുദ്ധമുന്നണി തുറക്കുന്നത് വലിയ പ്രാദേശിക കലാപത്തിലേക്ക് നയിക്കുമെന്ന് ഈജിപ്ഷ്യന്‍ വിദേശകാര്യ മന്ത്രാലയം ചൂണ്ടിക്കാട്ടി. ലെബനനിലെ ജനങ്ങള്‍ക്ക് പിന്തുണ നല്‍കണമെന്നും രാജ്യത്തെ പൗരന്മാരെ യുദ്ധത്തിന്റെ ഭീകരതയില്‍ നിന്ന് രക്ഷിക്കണമെന്നും മന്ത്രാലയം വ്യക്തമാക്കി.

യുദ്ധത്തിന്റെ വ്യാപനം അന്താരാഷ്ട്ര സമാധാനത്തിനും സുരക്ഷയ്ക്കും ഭീഷണിയാകുമെന്നും ഈജിപ്ത് പറഞ്ഞു. സംഘര്‍ഷമുണ്ടാകാതിരിക്കാന്‍ ലോകരാഷ്ട്രങ്ങള്‍ ഇടപെടല്‍ നടത്തണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടു. കൂടാതെ, ഗസയില്‍ ഉടനെ വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കണമെന്നും ഈജിപ്ഷ്യന്‍ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു.

അതേസമയം ഗോലാന്‍ കുന്നിലെ ആക്രമണത്തില്‍ ശക്തമായി തിരിച്ചടിക്കുമെന്നാണ് ഇസ്രഈല്‍ അറിയിച്ചത്. 2023 ഒക്ടോബർ ഒമ്പത് മുതൽ ഗസയിൽ ഇസ്രഈൽ നടത്തുന്ന ആക്രമണങ്ങളിൽ 38000ത്തിലധികം ഫലസ്തീനികളാണ് കൊല്ലപ്പെട്ടത്. മരിച്ചവരിലേറെയും കുട്ടികളും സ്ത്രീകളുമാണ്. ഗസയിലെ ഈ കൂട്ടകുരുതിക്കിടയിൽ ഇസ്രഈൽ നേരിട്ട വലിയ ആക്രമണമാണ് ഗോലാന്‍ കുന്നിലേത്.

ഗസയില്‍ ഇസ്രഈല്‍ ആക്രമണം ആരംഭിച്ചതുമുതല്‍ യെമനിലെ ഹൂത്തികളും ലെബനനിലെ ഹിസ്ബുള്ളയും നെതന്യാഹു സര്‍ക്കാരിനെതിരെ ശക്തമായ പ്രതിരോധമാണ് തുടരുന്നത്. ഈ സാഹചര്യത്തില്‍ കൂടിയാണ് ഇസ്രാഈലും ജോര്‍ദാനും തമ്മില്‍ അതിര്‍ത്തി പങ്കിടുന്ന ഗോലാന്‍ കുന്നില്‍ ആക്രമണമുണ്ടാകുന്നത്.

Content Highlight: Egypt opposes Israel’s attempt to drag Lebanon into war