| Monday, 5th October 2020, 8:15 am

ലക്‌സര്‍ സംഘര്‍ഷം റിപ്പോര്‍ട്ട് ചെയ്ത ഈജിപ്തിലെ മാധ്യമപ്രവര്‍ത്തകയെ കാണാതായി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കെയ്‌റോ: ഈജിപ്തില്‍ മാധ്യമപ്രവര്‍ത്തകയായ ബസ്മ മൊസ്തഫയെ അറസ്റ്റ് ചെയ്തതായി റിപ്പോര്‍ട്ട്. അല്‍ മനാസ എന്ന ന്യൂസ് വെബ്‌സൈറ്റിലെ മാധ്യമപ്രവര്‍ത്തകയായ ഇവരെ ഈജിപ്തിലെ ലക്‌സര്‍ നഗരത്തില്‍ നടക്കുന്ന സംഘര്‍ഷം റിപ്പോര്‍ട്ട് ചെയ്യവേ ആണ് കാണാതായത്. ശനിയാഴ്ച രാവിലെ കാണാതായ ഇവരുടെ ഒരു വിവരവും പിന്നെ ലഭിച്ചിരുന്നില്ല. ഫോണ്‍ കോളുകളും സ്വീകരിച്ചില്ല.

ഞായറാഴ്ച രാവിലെ ഇവരെ കെയ്‌റോയിലെ സ്‌റ്റേറ്റ് സെക്യൂരിറ്റി പ്രോസിക്യൂഷന് മുന്നില്‍ ഹാജരാക്കിയിട്ടുണ്ടെന്ന് ബസ്മയുടെ അഭിഭാഷകന്‍ പിന്നീട് സ്ഥിരീകരിച്ചു.

കഴിഞ്ഞ രണ്ടുമാസമായി ഈജിപ്തിലെ പല രാഷ്ട്രീയ സംഭവ വികാസങ്ങളും ബസ്മ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടായിരുന്നു. അടുത്തിടെ പൊലീസ് കസ്റ്റഡിയില്‍ വെച്ച് ഇസ്‌ലാം അല്‍ ഒസ്ട്രാലി എന്ന ചെറുപ്പക്കാരന്‍ കൊല്ലപ്പെട്ട സംഭവം ഇവര്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ഒപ്പം 2014 ല്‍ ഫെയര്‍മോണ്ട് ഹോട്ടലില്‍ നടന്ന കൂട്ടബലാത്സംഗക്കേസിലെ സാക്ഷികള്‍ക്കെതിരെ സര്‍ക്കാര്‍ നടത്തിയ പ്രതികാര നടപടികളും ഇവര്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ഈജിപ്ഷ്യന്‍ സര്‍ക്കാരിനെ വിമര്‍ശിക്കുന്നവര്‍ അറസ്റ്റ് ചെയ്യപ്പെടുന്നത് തുടര്‍ക്കഥയാവുകയാണ്.

വന്‍ സൈനിക വിന്യാസമുള്ള ലക്‌സറില്‍ അവൈസ് അല്‍ റവി എന്നയാളെ സെപ്റ്റംബര്‍ 30ന് പൊലീസ് ഉദ്യോഗസ്ഥന്‍ കൊലപ്പെടുത്തിയതിനു പിന്നാലെയാണ് പ്രദേശത്ത് സംഘര്‍ഷം രൂക്ഷമായത്.

തന്റെ വീട്ടില്‍ നടത്തിയ റെയ്ഡിനിടെ പിതാവിന്റെ മുഖത്തടിച്ചതുമായി ബന്ധപ്പെട്ട് പൊലീസ് സ്റ്റേഷനില്‍ വെച്ച് നടന്ന വാഗ്വാദത്തിനിടെയാണ് അവൈസ് അല്‍ റവിയെ പൊലീസ് ഉദ്യോഗസ്ഥന്‍ വെടിവെച്ചത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Egypt news outlet says journalist arrested while covering unrest

We use cookies to give you the best possible experience. Learn more