കെയ്റോ: ചെങ്കടലിലെ ഹൂത്തി ആക്രമണങ്ങളുടെ ഫലമായി സൂയസ് കനാലിൽ നിന്നുള്ള വരുമാനം 40 മുതൽ 50 ശതമാനം വരെ കുറഞ്ഞതായി ഈജിപ്ഷ്യൻ പ്രസിഡന്റ് അബ്ദൽ ഫത്താഹ് എൽ സിസി.
എണ്ണ കമ്പനികളുടെ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു സിസി.
‘നമ്മുടെ അതിർത്തികളിൽ എന്താണ് സംഭവിക്കുന്നതെന്ന് നോക്കൂ. പ്രതിവർഷം 10 ബില്യൺ യു.എസ് ഡോളർ ഈജിപ്തിന് വരുമാനമുണ്ടാക്കിയ സൂയസ് കനാലിനെ നോക്കൂ. ഗസ വിഷയത്തോടെ 40 മുതൽ 50 ശതമാനം വരെ വരുമാനത്തിൽ ഇടിവുണ്ടായിരിക്കുകയാണ്.
കമ്പനികൾക്കും പങ്കാളികൾക്കും പണം നൽകുന്നത് തുടരുകയും വേണം,’ സിസി പറഞ്ഞു.
വർഷങ്ങളായി സാമ്പത്തിക പ്രതിസന്ധിയിൽ വലയുന്ന ഈജിപ്തിന് പ്രധാനമായും വിദേശ കറൻസി ലഭിക്കുന്നത് സൂയസ് കനാൽ വഴിയാണ്.
സൂയസ് കനാൽ വഴിയുള്ള കപ്പൽ ഗതാഗതം കുത്തനെ ഇടിഞ്ഞതായി ഐക്യരാഷ്ട്ര സഭയും ചൂണ്ടിക്കാട്ടിയിരുന്നു. 67 ശതമാനത്തോളം ഇടിവാണ് മുൻ വർഷത്തെ അപേക്ഷിച്ച് ഉണ്ടായത്.
2023നെ അപേക്ഷിച്ച് സൂയസ് കനാലിൽ നിന്നുള്ള ഈജിപ്തിന്റെ വരുമാനം ഇടിഞ്ഞതായി കനാൽ അതോറിറ്റി മേധാവി ഒസാമ റാബി ജനുവരിയിൽ പറഞ്ഞിരുന്നു.
2023 ജനുവരി ഒന്നിനും 11നുമിടയിൽ 777 കപ്പലുകൾ കനാലിലൂടെ കടന്നുപോയപ്പോൾ ഈ വർഷം ഇതേ കാലയളവിൽ അത് 544 മാത്രമാണെന്നും റാബി പറഞ്ഞിരുന്നു.
ചെങ്കടലിലെ ഹൂത്തികളുടെ ആക്രമണം കാരണം ഇസ്രഈൽ തുറമുഖത്തിലെ 85 ശതമാനം പ്രവർത്തനവും നിലച്ചുവെന്നും മൂന്ന് ബില്യൺ ഡോളറിന്റെ നഷ്ടമുണ്ടായെന്നും റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.
Content Highlight: Egypt: Houthi attacks in Red Sea cut revenues by 40 to 50 percent