മുഖംമൂടുന്ന ശിരോവസ്ത്രം ജൂതപാരമ്പര്യം: നിരോധിക്കാന്‍ ഈജിപ്ഷ്യന്‍ പാര്‍ലമെന്റില്‍ ബില്‍
niqabban
മുഖംമൂടുന്ന ശിരോവസ്ത്രം ജൂതപാരമ്പര്യം: നിരോധിക്കാന്‍ ഈജിപ്ഷ്യന്‍ പാര്‍ലമെന്റില്‍ ബില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 11th March 2016, 11:57 am

കെയ്‌റോ: മുഖം മൂടുന്ന ശിരോവസ്ത്രം നിരോധിക്കാന്‍ ഈജിപ്ഷ്യന്‍ പാര്‍ലമെന്റെിന്റെ ബില്‍. പൊതുസ്ഥലങ്ങളിലും സര്‍ക്കാര്‍ സ്ഥാപനങ്ങളിലും മുഖംമൂടുന്ന ശിരോവസ്ത്രം ധരിച്ച് പ്രത്യക്ഷപ്പെടുന്നത് വിലക്കാനാണ് ഈജിപ്ഷ്യന്‍ പാര്‍ലമെന്റ് കൊണ്ടുവന്ന കരട് ബില്ലില്‍ പറയുന്നത്.

കണ്ണുകള്‍ ഒഴികെയുള്ള ഭാഗം മറച്ചുള്ള ശിരോവസ്ത്രം ഇസ്‌ലാമിക വിരുദ്ധമാണെന്നും ഖുര്‍ആന് എതിരാണെന്നും പറഞ്ഞാണ് ഈജിപ്ത് നിരോധനം കൊണ്ടുവരുന്നത്. കഴിഞ്ഞദശാബ്ദത്തില്‍ മുഖംമൂടുന്ന ശിരോവസ്ത്രം ധരിക്കുന്നവരില്‍ വന്‍ വര്‍ധനവുണ്ടായ സാഹചര്യത്തിലാണ് സര്‍ക്കാര്‍ ഇത്തരമൊരു ബില്‍ കൊണ്ടുവരുന്നത്.

മുഖം മറയ്ക്കുന്ന ശിരോവസ്ത്രങ്ങള്‍ ഇസ്‌ലാമിക പാരമ്പര്യമോ ഖുര്‍ആന്‍ നിര്‍ദേശിക്കുന്നതോ അല്ലെന്നും ഇത്തരം ശിരോവസ്ത്രങ്ങള്‍ യഥാര്‍ത്ഥത്തില്‍ ജൂതപാരമ്പര്യമാണെന്നും ഈജിപ്ഷ്യന്‍ സുപ്രീം കൗണ്‍സില്‍ ഫോര്‍ ഇസ്‌ലാമിക് എഫേയേഴ്‌സ് അംഗം എം.പിയുമായ അംന നോസിര്‍ പറയുന്നു.

“നിഖാബ് ഇസ്‌ലാമിക മല്ല. ജൂദിസത്തിന്റെ ഭാഗമാണ്.” അവര്‍ പറയുന്നു.

ഇസ്‌ലാമിനു മുമ്പു തന്നെ അറേബ്യന്‍ ഉപഭൂഖണ്ഡത്തില്‍ ഉയര്‍ന്നു വന്ന രീതിയാണിത്. ഖുര്‍ആനില്‍ ഒട്ടേറെ ഭാഗങ്ങള്‍ ഇതിന്റെ ഉപയോഗത്തെ എതിര്‍ക്കുന്നുണ്ടെന്നും അവര്‍ വാദിക്കുന്നു.

ലാളിത്യമുള്ള വസ്ത്രധാരണമാണ് ഖുര്‍ആന്‍ ആവശ്യപ്പെടുന്നത്. സ്ത്രീകള്‍ ശിരോവസ്ത്രം ധരിക്കണമെന്നു പറയുന്നുണ്ടെങ്കിലും മുഖം മറയ്ക്കാന്‍ ഖുര്‍ആന്‍ ആവശ്യപ്പെടുന്നില്ല.

മതപരവും സുരക്ഷാ സംബന്ധവുമായ പ്രശ്‌നങ്ങളുടെ അടിസ്ഥാനത്തിലാണ് മുഖംമറയ്ക്കുന്ന ശിരോവവസ്ത്രം നിരോധിക്കാന്‍ ഒരുങ്ങുന്നതെന്ന് പ്രസിഡന്റ് അബ്ദുല്‍ ഫത്താ അല്‍ സിസിയെ അനുകൂലിക്കുന്ന എം.പിമാര്‍ പറയുന്നു. അടുത്തിടെ ഇസിസ് തീവ്രവാദികളില്‍ നിന്നുള്ള ആക്രമങ്ങള്‍ വര്‍ധിച്ചുവരുന്നതിനാല്‍ സുരക്ഷാ സംബന്ധമായ ആശങ്കകളും ഉയരുന്നുണ്ട്.

ശിരോവസ്ത്രം ധരിക്കുന്നതുമായി ബന്ധപ്പെട്ട് ഈജിപ്ത് അടുത്തിടെ ചില നിയന്ത്രണങ്ങള്‍ കൊണ്ടുവന്നിരുന്നു. ഫെബ്രുവരിയില്‍ കാരിയോ യൂണിവേഴ്‌സിറ്റി നഴ്‌സുമാരും ഡോക്ടര്‍മാരും മെഡിക്കല്‍ സ്‌കൂളുകളിലും ആശുപത്രികളിലും മുഖംമൂടുന്ന ശിരോവസ്ത്രം ധരിച്ചെത്തുന്നത് നിരോധിച്ചിരുന്നു. രോഗികളുടെ അവകാശങ്ങളും  താല്‍പര്യങ്ങളും സംരക്ഷിക്കാന്‍ വേണ്ടിയാണ് നിരോധനം കൊണ്ടുവരുന്നത് എന്നായിരുന്നു വാദം.

കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ അക്കാദമിക് സ്റ്റാഫുകള്‍ ക്ലാസ് മുറികളില്‍ ഇത്തരം ശിരോവസ്ത്രം ധരിക്കുന്നതിനെ ഈ യൂണിവേഴ്‌സിറ്റി വിലക്കിയിരുന്നു.