| Saturday, 31st March 2012, 4:30 pm

യുവതയെ ധാര്‍മ്മിക മൂല്യമുള്ളവരാക്കാന്‍ ഈജിപ്തില്‍ അശ്ലീല വെബ്‌സൈറ്റുകള്‍ നിരോധിക്കുന്നു

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൈറോ: സാമൂഹിക മൂല്യങ്ങള്‍ സംരക്ഷിക്കാനും രാജ്യത്തെ യുവാക്കളെ ധാര്‍മ്മിക മൂല്യമുള്ളവരാക്കാനും വേണ്ടി അശ്ലീല വെബ്‌സൈറ്റുകള്‍ നിരോധിക്കാന്‍ ഈജിപ്തിലെ ഒരു കോടതി സര്‍ക്കാറിനോട് നിര്‍ദേശിച്ചു. മൂന്ന് വര്‍ഷം മുമ്പ് സമാനമായ വിധി പുറപ്പെടുവിച്ച ഒരു കീഴ്‌ക്കോടതിയില്‍ നിന്നാണ് വീണ്ടും ഇതുസംബന്ധിച്ച വിധി ഉണ്ടായിരിക്കുന്നത്. ആദ്യം ഉത്തരവിട്ടപ്പോള്‍ നിരോധനം നടപ്പാക്കാന്‍ ശ്രമിച്ചിരുന്നെങ്കിലും ഇന്റര്‍നെറ്റ് വിശദമായി അരിച്ചുപൊറുക്കാനുള്ള സംവിധാനങ്ങളുടെ അപര്യാപ്തത മൂലം അന്ന് അത് നടപ്പിലായിരുന്നില്ല.

ഇസ്ലാമിസ്റ്റുകള്‍ക്ക് മേധാവിത്വമുള്ള പാര്‍ലമെന്റ് അടുത്തിടെ അശ്ലീല വെബ്‌സൈറ്റുകള്‍ നിരോധിക്കുന്നത് സംബന്ധിച്ച് ചര്‍ച്ച ചെയ്തിരുന്നു. രാജ്യത്തെ യുവതയെ ധാര്‍മ്മിക മൂല്യമുള്ളവരാക്കാന്‍ വേണ്ടി അശ്ലീല വെബ്‌സൈറ്റുകള്‍ നിരോധിക്കുന്നത് സംബന്ധിച്ച ചോദ്യം തീവ്ര യാഥാസ്ഥിതികനായ ഒരു അംഗം പാര്‍ലമെന്റില്‍ ഉന്നയിക്കുകയായിരുന്നു.

കോടതി വിധിക്കെതിരെ ഈജിപ്തിലെ മനുഷ്യാവകാശ പ്രവര്‍ത്തകര്‍ രംഗത്തെത്തിയിട്ടുണ്ട്. കോടതിയുടെ ഉത്തരവ് യാഥാസ്ഥിതികരായ ഒരു സമൂഹത്തിന് അറിയാനുള്ള സ്വാതന്ത്ര്യത്തെ ഹനിക്കുമെന്ന് അവര്‍ വാദിക്കുന്നു. അശ്ലീല വെബ്‌സൈറ്റുകളെല്ലാം നിരോധിക്കുക എന്നത് അപ്രായോഗികമായ കാര്യമാണെന്ന് ഇന്റര്‍നെറ്റ് വിദഗ്ധര്‍ കോടതി ഉത്തരവിനോട് പ്രതികരിച്ചു.

അറബ് വസന്തത്തില്‍, ഹുസ്‌നി മുബാറകിന്റെ പതനത്തിനു ശേഷം ഈജിപ്തില്‍ ജനാധിപത്യം പുനസ്ഥാപിക്കുന്നതിനു വേണ്ടിയുള്ള പുതിയ ഭരണഘടനാ സമിതിയില്‍ നിന്നും മതേതര വിഭാഗക്കാരായ ലിബറലുകള്‍ കഴിഞ്ഞ ദിവസം പിന്മാറിയിരുന്നു. ഭരണഘടനാ നിര്‍മാണത്തിനായി നാമനിര്‍ദേശം ചെയ്യപ്പെട്ട നൂറംഗ സമിതിയില്‍ ഭൂരിപക്ഷവും ഇസ്‌ലാമിസ്റ്റുകളാണെന്ന കാരണം ചുണ്ടിക്കാട്ടിയാണ് ലിബറലുകള്‍ പിന്മാറിയത്. സ്ത്രീകള്‍ക്കും കോപ്റ്റിക് ക്രിസ്ത്യന്‍ വിഭാഗത്തിനും ഭരണഘടന സമിതിയില്‍ വേണ്ടത്ര പരിഗണന ലഭിച്ചില്ലെന്നും ആരോപണമുണ്ട്.

Malayalam News

Kerala News in English

We use cookies to give you the best possible experience. Learn more