ഈജിപ്തില്‍ 529 ബ്രദര്‍ഹുഡ് പ്രവര്‍ത്തകര്‍ക്ക് വധശിക്ഷ
World
ഈജിപ്തില്‍ 529 ബ്രദര്‍ഹുഡ് പ്രവര്‍ത്തകര്‍ക്ക് വധശിക്ഷ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 25th March 2014, 7:30 am

[share]

[]കയ്‌റോ: ഈജിപ്തില്‍ സ്ഥാനഭ്രഷ്ടനാക്കപ്പെട്ട പ്രസിഡന്റ് മുഹമ്മദ് മുര്‍സിയുടെ 529 അനുയായികളെ വധശിക്ഷയ്ക്ക് വിധിച്ചു. കഴിഞ്ഞ ആഗസ്റ്റില്‍ തെക്കന്‍ പ്രവിശ്യയായ മിനിയയിലുണ്ടായ കലാപത്തില്‍ പോലീസ് ഉദ്യോഗസ്ഥനടക്കം നൂറുകണക്കിനാളുകളെ കൊലപ്പെടുത്തിയെന്നാണ് ഇവര്‍ക്കെതിരെയുള്ള കുറ്റം.

ഭീകരസംഘടനയായി പ്രഖ്യാപിക്കപ്പെട്ട മുസ്ലിം ബ്രദര്‍ഹുഡിന്റെ മുഖ്യ ഉപദേശകന്‍ മുഹമ്മദ് ബാദി ഉള്‍പ്പെടെയുള്ളവരെയാണ് വിചാരണ കോടതി ശിക്ഷിച്ചത്. ഈജിപ്തിന്റെ സമീപകാല ചരിത്രത്തില്‍ ഇത്രയധികം പേര്‍ക്ക് ഒരുമിച്ച് വധശിക്ഷ നല്‍കുന്നത് ഇതാദ്യമാണ്.

ശിക്ഷ ലഭിച്ചവരില്‍ 147 പേര്‍ മാത്രമാണ് കോടതിയില്‍ ഹാജരായിരുന്നത്. അവശേഷിച്ചവരുടെ അസാന്നിധ്യത്തിലാണ് വിചാരണയും ശിക്ഷാപ്രഖ്യാപനവും നടന്നത്. 17 പേരെ കോടതി വെറുതെവിടുകയും ചെയ്തു.

വിചാരണക്കോടതിയുടെ വിധി, രാജ്യത്തെ പരമോന്നത മുസ്ലിം പുരോഹതന്‍ ഗ്രാന്‍ഡ് മുഫ്തിയുടെ പരിഗണനയ്ക്ക് വിട്ടു. ശിക്ഷ അംഗീകരിക്കാനും റദ്ദാക്കാനും മുഫ്തിക്ക് അധികാരമുണ്ട്.

നിയമം കാറ്റില്‍ പറത്തിയാണ് വിചാരണയും വിധിപ്രഖ്യാപനവും നടന്നതെന്ന് പ്രതികളുടെ അഭിഭാഷകര്‍ ആരോപിച്ചു. ഇത്രയുംപേരുടെ വിചാരണയ്ക്ക് രണ്ടുതവണ മാത്രമാണ് കോടതി ചേര്‍ന്നത്. പ്രതികളുടെ വാദങ്ങള്‍ കൃത്യമായി അവതരിപ്പിക്കാന്‍ പോലും അവസരം ലഭിച്ചില്ലെന്ന് അഭിഭാഷകര്‍ പറഞ്ഞു. ഈജിപ്ത് സ്വേച്ഛാധിപത്യത്തിന്റെ പിടിയിലായതിന് ഉദാഹരണമാണിതെന്ന് മുസ്ലിം ബ്രദര്‍ഹുഡ് വക്താവ് അബ്ദുല്ല എല്‍ ഹദാദ് ലണ്ടനില്‍ പ്രതികരിച്ചു.

വിധിക്കെതിരെ പ്രതികള്‍ക്ക് സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കാന്‍ അവസരമുണ്ട്. സുപ്രീംകോടതി ശിക്ഷ ഇളവ് ചെയ്യുകയോ പുനര്‍വിചാരണ നടത്താന്‍ നിര്‍ദേശിക്കുകയോ ചെയ്യാന്‍ സാധ്യതയുണ്ടെന്ന് നിയമവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

ഏകാധിപതിയായിരുന്ന ഹുസ്‌നി മുബാറക്കിനെ 2011-ല്‍ ഭരണത്തില്‍ നിന്ന് പുറത്താക്കിയ പ്രക്ഷോഭത്തിന് നേതൃത്വം വഹിച്ചവരുടെ വിചാരണയും ഇതോടൊപ്പം നടക്കുന്നുണ്ട്. ഒട്ടേറെ മാധ്യമപ്രവര്‍ത്തകരും വിചാരണ നേരിടുന്നവരില്‍ ഉള്‍പ്പെടും. ബ്രദര്‍ഹുഡിനെ സഹായിക്കുന്നവിധത്തില്‍ തെറ്റായ വാര്‍ത്ത നല്‍കിയെന്നാണ് മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ ചുമത്തിയിരിക്കുന്ന കുറ്റം.