| Tuesday, 11th December 2012, 9:55 am

സൈന്യത്തിന് പ്രത്യേക അധികാരം: ഈജിപ്തില്‍ പ്രക്ഷോഭം ശക്തം

ഡൂള്‍ന്യൂസ് ഡെസ്‌ക്

കെയ്‌റോ: ഈജിപ്തിലെ പുതിയ കരട് ഭരണഘടനയെ ചൊല്ലി ഈ മാസം 15 ന് നടത്താനിരിക്കുന്ന ജനഹിത പരിശോധനയ്ക്ക് മുന്നോടിയായി പ്രക്ഷോഭം ശക്തമായ സാഹചര്യത്തില്‍ സൈന്യത്തിന് പ്രത്യേക അധികാരം നല്‍കിയ പ്രസിഡന്റ് മുര്‍സിയുടെ തീരുമാനത്തിനെതിരെ വ്യാപക പ്രതിഷേധം.

പ്രക്ഷോഭം അണക്കാനുള്ള മുര്‍സിയുടെ നീക്കം വിജയിക്കാതിരിക്കുകയും പ്രക്ഷോഭകാരികളെ തളയ്ക്കാനും വേണ്ടി സൈന്യത്തിന് പ്രത്യേക അധികാരം നല്‍കിയ മുര്‍സിയുടെ പുതിയ നീക്കമാണ് പ്രക്ഷോഭം ശക്തമാക്കാന്‍ കാരണം.[]

ജനഹിത പരിശോധനയ്‌ക്കെതിരെ രാജ്യത്തെ ഇടതുപക്ഷവും ലിബറലുകളും നാളെ പ്രസിഡന്റിന്റെ വസതിക്ക് മുന്നില്‍ പ്രതിഷേധം നടത്താന്‍ ആഹ്വാനം ചെയ്തിട്ടുണ്ട്. പുതിയ ഭരണഘടന സ്ത്രീ സ്വാതന്ത്ര്യത്തിന് എതിരാണെന്നാണ് പ്രക്ഷോഭകരുടെ പ്രധാന ആരോപണം.

ജനഹിത പരിശോധന വൈകിക്കണമെന്നാണ് പ്രക്ഷോഭകാരികളുടെ പ്രധാന ആവശ്യം.

അതേസമയം, ഹിത പരിശോധനയുടെ ഫലപ്രഖ്യാപനം വരെ സൈന്യത്തിന് പ്രക്ഷോഭകര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കാനും അറസ്റ്റ് ചെയ്യാനുമുള്ള അധികാരമാണ് മുര്‍സി നല്‍കിയിരിക്കുന്നത്. പ്രക്ഷോഭത്തിനെതിരെ പോലീസുമായി ഒരുമിച്ച് നീങ്ങാനും മുര്‍സി ആഹ്വാനം ചെയ്തിട്ടുണ്ട്.

പോലീസിന്റെ അധികാരങ്ങള്‍ കൂടി ഇപ്പോള്‍ സൈന്യത്തിന് ലഭിച്ചിട്ടുണ്ട്.

നവംബര്‍ 22 മുതലാണ് ഈജിപ്തിലെ രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമായത്. പുതിയ ഭരണഘടന നിലവില്‍ വരുന്നത് വരെ തന്റെ പരമാധികാരം ചോദ്യം ചെയ്യാന്‍ നീതിപീഠത്തിന് അധികാരമില്ലെന്ന പ്രസിഡന്റിന്റെ നയമാണ് പ്രക്ഷോഭത്തിന് തുടക്കം കുറിച്ചത്.

തുടര്‍ന്ന് പ്രക്ഷോഭം ശക്തമായതോടെ തിടുക്കപ്പെട്ട് മുര്‍സി കരട് ഭരണഘടനയ്ക്ക് അംഗീകാരവും നല്‍കി. ഇതോടെ പ്രക്ഷോഭം ശക്തമാകുകയും തന്റ പരമാധികാര വിജ്ഞാപനം പിന്‍വലിക്കാന്‍ മുര്‍സി നിര്‍ബന്ധിതനാകുകയും ചെയ്തു.

എന്നാല്‍ പ്രക്ഷോഭം അടിച്ചമര്‍ത്താന്‍ സൈന്യത്തിന് പ്രത്യേക അധികാരം നല്‍കിയതും കരട് ഭരണഘടനയില്‍ തിടുക്കപ്പെട്ട് ജനഹിത പരിശോധന നടത്തുന്നതിനുമെതിരെ പ്രക്ഷോഭം തുടരുകയാണ്.

We use cookies to give you the best possible experience. Learn more