World News
സ്‌കൂളില്‍ നിഖാബ് ധരിക്കുന്നത് നിരോധിച്ച് ഈജിപ്ത്
ഡൂള്‍ന്യൂസ് ഡെസ്‌ക്
2023 Sep 12, 12:38 pm
Tuesday, 12th September 2023, 6:08 pm

കെയ്‌റോ: രാജ്യത്തെ സ്‌കൂളുകളില്‍ മുഖം മറച്ച നിഖാബ് ധരിക്കുന്നത് നിരോധിച്ച് ഈജിപ്ത്. പുതിയ അധ്യയന വര്‍ഷം ആരംഭിക്കാനിരിക്കെ സെപ്റ്റംബര്‍ 30 മുതലാണ് നിയമം പ്രാവര്‍ത്തികമാകുക. വിദ്യാര്‍ത്ഥിനികള്‍ക്ക് ശിരോവസ്ത്രം ധരിക്കാന്‍ അവകാശമുണ്ടെന്നും എന്നാല്‍ അത് മുഖം മറച്ചാവരുതെന്നും വിദ്യാഭ്യാസ മന്ത്രി റെഡ ഹെഗാസിയെ ഉദ്ധരിച്ചുള്ള മിഡില്‍ ഈസ്റ്റ് ഐയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.

ശിരോവസ്ത്രം ധരിക്കണമോ എന്ന് തെരഞ്ഞെടുക്കാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഇപ്പോഴും അവകാശമുണ്ടെന്ന് വിദ്യാഭ്യാസ മന്ത്രി റെഡ ഹെഗാസിയുടെ പ്രസ്താവനയില്‍ പറയുന്നു. രക്ഷിതാക്കള്‍ കുട്ടികളുടെ വസ്ത്രധാരണയെകുറിച്ച് ബോധവാനായിരിക്കണമെന്നും എന്നാല്‍ ബാഹ്യ സമ്മര്‍ദമില്ലാതെ അത് നടപ്പാക്കണമെന്നും അദ്ദേഹം പറയുന്നു. മതപരവും വിദ്യാഭ്യാസപരവുമായ സന്തുലിതാവസ്ഥ നിലനിര്‍ത്തുന്നതിന്റെ ഭാഗമായാണ് സര്‍ക്കാര്‍ പുതിയ നടപടി സ്വീകരിച്ചിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ കുറുച്ചുവര്‍ഷങ്ങളായി ഈജിപ്തിലെ സ്‌കൂളുകളില്‍ നിഖാബ് ധരിക്കുന്നത് സംബന്ധിച്ച് ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. ഇതിനോടകം തന്നെ രാജ്യത്തെ നിരവധി പൊതു, സ്വകാര്യ സ്ഥാപനങ്ങള്‍ നിഖാബ് ധരിക്കുന്നതിന് ഇതിനകം തന്നെ നിരോധനമുണ്ട്. കെയ്റോ യൂണിവേഴ്‌സിറ്റി ടീച്ചിങ് സ്റ്റാഫ് മുഖാവരണം ധരിക്കുന്നത് നിരോധിച്ചുള്ള കോടതി ഉത്തരവ് 2020ലാണ് പുറത്തുവന്നിരുന്നത്.