ക്രോസ് ഡ്രസിങ് സമരവുമായി ഇഫ്‌ലു വിദ്യാര്‍ത്ഥികള്‍
Daily News
ക്രോസ് ഡ്രസിങ് സമരവുമായി ഇഫ്‌ലു വിദ്യാര്‍ത്ഥികള്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 8th November 2014, 6:52 am

eflu-01ഹൈദരാബാദ്: വ്യത്യസ്തമായൊരു സമര രീതിയുമായി രംഗത്തെത്തിയിരിക്കുകയാണ് ഇംഗ്ലീഷ് ആന്റ് ഫോറിന്‍ ലാഗ്വേജ്‌സ് സര്‍വ്വകലാശാലയിലെ വിദ്യാര്‍ത്ഥികള്‍. ആണ്‍ കുട്ടികളുടെ ഹോസ്റ്റലില്‍ പെണ്‍കുട്ടികള്‍ കയറുന്നതിന് വിലക്കേര്‍പ്പെടുത്തിയതില്‍ പ്രതിഷേധിച്ചാണ് വിദ്യാര്‍ത്ഥികള്‍ വ്യത്യസ്തമായ ഈ സമര രീതി സ്വീകരിച്ചിരിക്കുന്നത്.

ക്രോസ് ഡ്രസിങ് മാത്രമായിരുന്നില്ല കുട്ടികളുടെ സമര രീതി രാത്രിയില്‍ അവര്‍ പോസ്റ്റര്‍ പ്രചരണത്തിലൂടെയും വി.സിക്ക് തുറന്ന കത്തെഴുതിയും അന്താക്ഷരി അടക്കമുള്ള കളികളിലൂടെയും പ്രതിഷേധം രേഖപ്പെടുത്തി. വി.സിയുടെ വിലക്കിനെത്തുടര്‍ന്ന് ആണ്‍കുട്ടികള്‍ പെണ്‍കുട്ടികളുടെ വസ്ത്രമണിഞ്ഞും പെണ്‍കുട്ടികള്‍ ആണ്‍കുട്ടികളുടെ വസ്ത്രമണിഞ്ഞുമാണ് കോളജില്‍ എത്തിയത്.

പുതിയ വി.സിയായി സുനൈന സിങ് ചാര്‍ജ്ജെടുത്തതോടെയാണ് ക്യമ്പസില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത്. ഹോസ്റ്റല്‍ കെട്ടിടങ്ങള്‍ക്കൂടി അടങ്ങിയതായിരുന്നു കോളജ് ക്യാമ്പസ്. അതുകൊണ്ട് തന്നെ പെണ്‍കുട്ടികളും ആണ്‍കുട്ടികളും ഒരുമിച്ചിരുന്ന് പഠിക്കുന്നത് സ്ഥിരമായിരുന്നു. എന്നാല്‍ വി.സി പുതിയ പല പരിഷ്‌കാരങ്ങളും നിയന്ത്രണങ്ങളും കേളജില്‍ കൊണ്ടുവന്നിരുന്നു. അതിനിടെ ഒരു വിദ്യാര്‍ത്ഥിനിക്ക് നേരെ ലൈംഗീകാതിക്രമം ഉണ്ടാതോടെ വി.സി നിയന്ത്രണം കൂടുതല്‍ കര്‍ശനമാക്കുകയായിരുന്നു. ഈ നിയന്ത്രണത്തിനെതിരെയാണ് വിദ്യാര്‍ത്ഥികള്‍ ഇപ്പോള്‍ വ്യത്യസ്തമായ സമരരീതി സ്വീകരിച്ചിരിക്കുന്നത്.

ക്യാംപസില്‍ സ്ത്രീകള്‍ക്കെതിരായ ലൈംഗിക അതിക്രമങ്ങള്‍ തടയുന്നതിനായുള്ള കമ്മിറ്റി പുനസംഘടിപ്പിക്കണമെന്ന ആവശ്യവും സമരക്കാര്‍ ഉയര്‍ത്തുന്നുണ്ട്. ആണ്‍കുട്ടികളുടെ ഹോസ്റ്റലില്‍ വച്ചായിരുന്നു വിദ്യാര്‍ത്ഥികള്‍ പ്രതിഷേധ പ്രകടനം നടത്തിയിരുന്നത്. അധ്യാപകരുള്‍പ്പെടെയുള്ളവര്‍ സമരക്കാര്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് രംഗത്തെത്തിയിട്ടുണ്ട്. വിഷയം ചര്‍ച്ച ചെയ്യണമെന്ന ആവശ്യവും അധ്യാപകര്‍ ഉന്നയിച്ചിട്ടുണ്ട്.

പെണ്‍കുട്ടികള്‍ ആണ്‍കുട്ടികളുടെ ഹോസ്റ്റലിലേക്ക് കടക്കുന്നത് പോലീസിനെ ഉപയോഗിച്ച് തടയുകയാണ് വി.സി ചെയ്തത്. തങ്ങളുടെ അവകാശങ്ങള്‍ പുനഃസ്ഥാപിക്കുക, ലിംഗസമത്വം അനുവദിക്കുക, ഹോസ്റ്റല്‍ പ്രവേശനം അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് വിദ്യാര്‍ത്ഥികള്‍ സമരം ചെയ്യുന്നത്. വി.സിയുമായി ചര്‍ച്ചയ്ക്ക് വിദ്യാര്‍ത്ഥികള്‍ ശ്രമിച്ചെങ്കിലും അവര്‍ അനുമതി നിഷേധിക്കുകയായിരുന്നു.

പെയിന്റിങും പോസ്റ്റര്‍ പ്രചരണവും കവിതയവതരണവുമായി വിദ്യാര്‍ത്ഥികളുടെ സമരം തുടരുകയാണ്. കക്ഷിരാഷ്ട്രീയഭേദമന്യേയാണ് പ്രതിഷേധസമരം നടത്തുന്നത് എന്നാണ് ഇഫ്‌ലുവിലെ വിദ്യാര്‍ത്ഥികള്‍ പറയുന്നത്.