| Sunday, 12th November 2023, 4:26 pm

'അറബ്, മുസ്‌ലിം രാജ്യങ്ങൾ ആവശ്യമായ നടപടികൾ സ്വീകരിച്ചാൽ ഇസ്രഈൽ ആക്രമണം അവസാനിപ്പിക്കാൻ സാധിക്കും'

ഡൂള്‍ന്യൂസ് ഡെസ്‌ക്

ടെഹ്റാൻ: മുസ്‌ലിം, അറബ് രാജ്യങ്ങളുടെ നടപടികളിലൂടെ ഗസയിൽ ഇസ്രഈൽ നടത്തുന്ന യുദ്ധകുറ്റം അവസാനിപ്പിക്കാൻ സാധിക്കുമെന്ന് ഇറാൻ വിദേശകാര്യമന്ത്രി ഹൊസൈൻ ആമിർ അബ്ദുള്ളാഹിയൻ.

നവംബർ 11ന് സൗദിയിൽ വെച്ച് നടന്ന ഇസ്‌ലാമിക, അറബ് രാജ്യങ്ങളുടെ ഉച്ചകോടിയിൽ ഇറാൻ പ്രസിഡന്റ്‌ ഇബ്രാഹീം റഈസിക്കൊപ്പം അബ്ദുള്ളാഹിയനും പങ്കെടുത്തിരുന്നു.

‘യോഗം വളരെ വൈകിയാണ് നടന്നത്. എന്നാലും മുസ്‌ലിം രാജ്യങ്ങളിലെ നേതാക്കളും ഓർഗനൈസേഷൻ ഓഫ് ഇസ്‌ലാമിക് കോപറേഷൻ (ഒ.ഐ.സി), അറബ് ലീഗ് എന്നിവയുടെ ജനറൽ സെക്രട്ടറിമാരും ആവശ്യമായ
നടപടികൾ സ്വീകരിച്ചാൽ സയണിസ്റ്റ് ഭരണകൂടം നടത്തുന്ന യുദ്ധക്കുറ്റം അവസാനിക്കുന്നത് നമുക്ക് കാണാൻ സാധിക്കും,’ അദ്ദേഹം പറഞ്ഞു.

ഗസയിൽ ഇസ്രഈൽ നടത്തുന്ന അക്രമങ്ങളെയും യുദ്ധക്കുറ്റങ്ങളെയും മനുഷ്യത്വരഹിതമായ കൂട്ടക്കൊലയെയും ഉച്ചകോടി അപലപിച്ചിരുന്നു.

നേരത്തെ അറബ് ലീഗിലെ 22 രാജ്യങ്ങൾ പങ്കെടുക്കുമെന്നാണ് തീരുമാനിച്ചിരുന്നത് എങ്കിലും പിന്നീട് ഒ.ഐ.സിയെ ഉൾപ്പെടുത്തി 57 രാജ്യങ്ങൾ കൂടി പങ്കെടുത്തു.

ഇസ്രഈൽ സൈന്യത്തെ തീവ്രവാദ സംഘടനയായി പ്രഖ്യാപിക്കാൻ റഈസി ഉച്ചകോടിയിൽ പങ്കെടുത്ത രാജ്യങ്ങളോട് ആവശ്യപ്പെട്ടിരുന്നു. 11 വർഷങ്ങൾക്ക് ശേഷമായിരുന്നു ഒരു ഇറാൻ പ്രസിഡന്റ്‌ സൗദിയിൽ എത്തുന്നത്.

ഒക്ടോബർ ഏഴ് മുതലുള്ള ആക്രമണങ്ങളിൽ ഇതുവരെ 11,100ലധികം ഫലസ്തീനികളാണ് കൊല്ലപ്പെട്ടത്. 27,500ലധികം ആളുകൾക്ക് പരിക്കേറ്റിരുന്നു.

Content Highlight: Efforts by Muslim, Arab states can end Israeli war crimes says Iran Foreign minister

We use cookies to give you the best possible experience. Learn more