റസൂല്‍ പൂക്കുട്ടി ആദ്യമായി സംവിധാനം ചെയ്ത ഒറ്റ തിയേറ്ററുകളില്‍ റിലീസ് ചെയ്തിരിക്കുകയാണ്. ആസിഫ് അലി, അര്‍ജുന്‍ അശോകന്‍, ഇന്ദ്രജിത്ത്, സത്യരാജ് എന്നിവരാണ് ചിത്രത്തില്‍ പ്രധാനകഥാപാത്രങ്ങളായി എത്തിയത്. ടോക്സിക് പേരന്റിങ്ങിന്റെ ഫലമായി വീട്ടില്‍ നിന്നും ഇറങ്ങി പോകുന്ന രണ്ട് ചെറുപ്പക്കാരുടെ ജീവിതത്തില്‍ പിന്നീട് സംഭവിക്കുന്ന മാറ്റങ്ങളെയാണ് ചിത്രത്തില്‍ കാണിക്കുന്നത്. അതിനാല്‍ തന്നെ ടോക്സിക് പേരന്റിങ് ഒരു വ്യക്തിയെ എങ്ങനെ ബാധിക്കുന്നു എന്ന് ചിത്രം കാണിച്ചുതരുന്നുണ്ട്.
ഒരു കാലത്ത് വളരെ സാധാരണവും സമീപകാലത്തായി ആരോഗ്യകരമായ പല ചര്‍ച്ചകളും നടന്നുവരുന്നതുമായ വിഷയമാണ് ടോക്സിക് പാരന്റിങ്. കുട്ടികളെ ശാരീരികമയി ഉപദ്രവിച്ചും തങ്ങളുടെ രീതികളിലേക്ക് നിര്‍ബന്ധമായി കൊണ്ടുവരുന്നതും മറ്റുള്ളവരുടെ മുമ്പില്‍ വെച്ച് അപമാനിക്കുന്നതുമെല്ലാം ടോക്സിക് പേരന്റിങ്ങിന്റെ പരിധിയില്‍ വരും. ഇതിലൂടെ അവര്‍ക്ക് മാതാപിതാക്കളുമായുള്ള ബന്ധം തകരുന്നതും അവരുടെ വ്യക്തിത്വത്തെ തന്നെ എങ്ങനെയാണ് മാറ്റി മറിക്കുന്നതെന്നും ഒറ്റയില്‍ കാണിക്കുന്നുണ്ട്.