ഭോപ്പാൽ: ഭോപ്പാൽ വാതക ചോർച്ചയുടെ പ്രത്യാഘാതങ്ങൾ അതിജീവിച്ചവരുടെ അടുത്ത തലമുറയിലും കാണപ്പെടുന്നതായി മുൻ സർക്കാർ ഫോറൻസിക് ഡോക്ടർ. 40 വർഷം മുമ്പ് മധ്യപ്രദേശിൻ്റെ തലസ്ഥാനമായ ഭോപ്പാലിലെ യൂണിയൻ കാർബൈഡ് ഫാക്ടറിയിൽ നിന്ന് ചോർന്ന വിഷവാതകത്തിൻ്റെ അനന്തരഫലങ്ങൾ ദുരന്തത്തെ അതിജീവിച്ചവരുടെ തുടർന്നുള്ള തലമുറകളിൽ കണ്ടതായി സർക്കാർ ഫോറൻസിക് ഡോക്ടർ പറഞ്ഞു.
1984 ഡിസംബർ രണ്ടിനും മൂന്നിനും ഇടയ്ക്കുള്ള രാത്രിയിൽ നഗരത്തിലെ കീടനാശിനി ഫാക്ടറിയിൽ നിന്ന് ഉയർന്ന വിഷാംശമുള്ള മീഥൈൽ ഐസോസയനേറ്റ് (എം.ഐ.സി) ചോർന്നതിനെത്തുടർന്ന് 3,787 പേർ കൊല്ലപ്പെടുകയും 5 ലക്ഷത്തിലധികം ആളുകൾ ബാധിക്കപ്പെടുകയും ചെയ്തു.
ദുരന്തത്തിൻ്റെ ആദ്യ ദിവസം താൻ 875 പോസ്റ്റ്‌മോർട്ടം നടത്തിഎന്നും പിന്നീടുള്ള അഞ്ച് വർഷങ്ങളിലായി 18,000 പോസ്റ്റ്‌മോർട്ടങ്ങൾക്ക് സാക്ഷ്യം വഹിച്ചതായും മുൻ ഫോറൻസിക് വിഭാഗം മേധാവി ഡോ.ഡി.കെ.സത്പതി പറഞ്ഞു. ദുരന്തത്തെ അതിജീവിച്ചവരുടെ സംഘടനകൾ ശനിയാഴ്ച നടത്തിയ ഒരു പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭോപ്പാലിലെ ഗാന്ധി മെഡിക്കൽ കോളേജിലെ മുൻ ഫോറൻസിക് വിഭാഗം മേധാവിയായിരുന്നു ഡോ.ഡി.കെ.സത്പതി.
ദുരന്തത്തിൽ മരിച്ച ഗർഭിണികളുടെ രക്തസാമ്പിളുകൾ പരിശോധിച്ചതിൽ അമ്മയിൽ നിന്ന് 50 ശതമാനം വിഷ പദാർത്ഥങ്ങളും ഗർഭപാത്രത്തിലെ കുട്ടിയിലും കണ്ടെത്തിയതായി അദ്ദേഹം പറഞ്ഞു.
അതിജീവിച്ച അമ്മമാർക്ക് ജനിച്ച കുട്ടികളുടെ തലച്ചോറിൽ വിഷ പദാർത്ഥങ്ങൾ ഉണ്ടായിരുന്നു, ഇത് അടുത്ത തലമുറയുടെ ആരോഗ്യത്തെ ബാധിക്കും, എന്തുകൊണ്ടാണ് ഇതിനെക്കുറിച്ചുള്ള ഗവേഷണം നിർത്തിയതെന്ന് സത്പതി ചോദ്യം ചെയ്യുകയും ചെയ്തു. ഇത്തരം പ്രത്യാഘാതങ്ങൾ തലമുറകളോളം തുടരുമെന്നും അദ്ദേഹം പറഞ്ഞു.
യൂണിയൻ കാർബൈഡ് പ്ലാൻ്റിൽ നിന്ന് എം.ഐ.സി ചോർന്നുവെന്നും അത് വെള്ളവുമായി സമ്പർക്കം പുലർത്തിയപ്പോൾ ആയിരക്കണക്കിന് വാതകങ്ങൾ രൂപപ്പെട്ടുവെന്നും ഇവയിൽ ചിലത് കാൻസർ, രക്തസമ്മർദ്ദം, കരൾ തകരാറുകൾ എന്നിവയ്ക്ക് കാരണമാകുമെന്നും സത്പതി പറഞ്ഞു.
അപകട സമയത്ത് ഏറ്റവും കൂടുതൽ പോസ്റ്റ്‌മോർട്ടം നടത്തിയ സത്പതിയും 1984 ലെ ദുരന്തത്തിൽ ആദ്യം പ്രതികരിച്ചവരും, അത്യാഹിത വിഭാഗത്തിലെ മുതിർന്ന ഡോക്ടർമാരും കൂട്ട ശ്മശാനത്തിൽ ജോലി ചെയ്തവരും ഉൾപ്പെടെ എല്ലാവരും പരിപാടിക്കിടെ അവരുടെ അനുഭവങ്ങൾ വിവരിച്ചതായി ഭോപ്പാൽ ഗ്രൂപ്പ് ഫോർ ഇൻഫർമേഷൻ ആൻഡ് ആക്ഷൻ്റെ മേധാവി രചനാ ധിംഗ്ര പറഞ്ഞു,
ദുരന്തത്തിൻ്റെ 40-ാം വാർഷികത്തോടനുബന്ധിച്ച് ഡിസംബർ നാല് വരെ ദുരന്തത്തിൻ്റെ എല്ലാ വശങ്ങളും ഉൾക്കൊള്ളുന്ന പോസ്റ്റർ പ്രദർശനം നടത്തുമെന്ന് ഭോപ്പാൽ ഗ്യാസ് പീഡിറ്റ് മഹിളാ സ്റ്റേഷനറി കർമ്മചാരി സംഘ് പ്രസിഡൻ്റ് റഷീദ ബീ പറഞ്ഞു.
ആഗോള കോർപ്പറേറ്റ് കുറ്റകൃത്യങ്ങളായ വ്യാവസായിക മലിനീകരണവും കാലാവസ്ഥാ വ്യതിയാനവും കേന്ദ്രീകരിച്ച് വാർഷിക റാലി സംഘടിപ്പിക്കുമെന്നും അവർ പറഞ്ഞു.
Content Highlight: Effects of Bhopal gas leak seen in next generation of survivors: Ex-forensic doc