രാഷ്ട്രീയ പാര്‍ട്ടികളുമായുള്ള തന്റെ എല്ലാ ബന്ധങ്ങളും വിച്ഛേദിച്ചിരിക്കുകയാണെന്നും മനുഷ്യന് ഇന്നത്തേതിനേക്കാള്‍ മികച്ച ജീവിതം പ്രദാനം ചെയ്യാന്‍ ആര്‍ക്കാണോ കഴിയുന്നത് അവരായിരിക്കും ഭരണത്തിലെത്തുകയെന്നും നടന്‍ ജഗദീഷ്. കൃഷാന്ദിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങുന്ന പുതിയ ചിത്രമായ പുരുഷപ്രേതത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് മീഡിയ വണ്‍ ചാനലിനോട് സംസാരിക്കവെയാണ് താരത്തിന്റെ അഭിപ്രായ പ്രകടനം. ഭാരത്‌ജോഡോ യാത്ര കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ എന്തെങ്കിലും മാറ്റങ്ങളുണ്ടാക്കിയിട്ടുണ്ടെന്ന് തോന്നുന്നോ എന്ന ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു നടന്‍.
‘ആമുഖമായിട്ട് പറയാനുള്ളത് രാഷ്ട്രീയ പാര്‍ട്ടികളുമായുള്ള എന്റെ എല്ലാ ബന്ധങ്ങളും ഞാന്‍ വിച്ഛേദിച്ചിരിക്കുകയാണ്. ഭാരത് ജോഡോ യാത്രയെന്നല്ല, ഏത് യാത്രയായാലും ശരി, ആത്യന്തികമായി മനുഷ്യന് ഇന്നത്തെ ജീവിതത്തെക്കാള്‍ മികച്ച ജീവിതം ആര്‍ക്ക് കൊടുക്കാന്‍ കഴിയുന്നോ അവരായിരിക്കും ഭരിക്കുക. വേസ്റ്റ് മാനേജ്‌മെന്റിന്റെ കാര്യത്തിലായിക്കോട്ടെ, തൊഴിലില്ലായ്മയുടെ കാര്യത്തിലായിക്കോട്ടെ, വ്യവസായത്തിന്റെ കാര്യത്തിലാകട്ടെ, ആരാണോ മികച്ചൊരു ഭാവി ഉറപ്പുതരുന്നത് അവര്‍ അധികാരത്തില്‍ വരും. യാത്ര നടത്തി, അതെങ്ങനെയാണെങ്കിലും ജനങ്ങള്‍ക്ക് ബോധ്യപ്പെട്ടു കഴിഞ്ഞാല്‍ അവര്‍ വോട്ട് ചെയ്യും. അവര്‍ വോട്ട് ചെയ്താല്‍ അതാണ് ഫൈനല്‍ വിധി,’ ജഗദീഷ് പറഞ്ഞു.
‘ഒരു യാത്രയുടെ ഇംപാക്ടിനപ്പുറം നമ്മള്‍ ജനങ്ങള്‍ ഒരുപാട് കാര്യങ്ങള്‍ ആഗ്രഹിക്കുന്നുണ്ട്. ഇവിടെ പലരും ഭരിച്ചു. നല്ല ഒരു ഭാവിക്കുള്ള പദ്ധതികള്‍ മുന്നോട്ട് വെക്കുക, അതിന്റെ നടപ്പാക്കലിന് കെല്‍പുണ്ടെന്ന് ജനങ്ങള്‍ക്ക് ഉറപ്പ് തരിക. അവര്‍ അധികാരത്തിലേക്ക് വരും,’ താരം കൂട്ടിച്ചേര്‍ത്തു.
ബ്രഹ്‌മപുരം തീപിടിത്തവുമായി ബന്ധപ്പെട്ട ചോദ്യത്തിന് സിസ്റ്റം റിലേറ്റഡായ ഒരു മാല്‍ഫങ്ഷനിങ് ആണ് ബ്രഹ്‌മപുരത്ത് നടന്നിരിക്കുന്നതെന്ന് സംവിധായകന്‍ കൃഷാന്ദ് പറഞ്ഞു.
‘സിസ്റ്റം റിലേറ്റഡായ ഒരു മാല്‍ഫങ്ഷനിങ്ങിനെ കുറിച്ചാണ് ആവാസവ്യൂഹത്തില്‍ പറയുന്നത്. അത്തരമൊരു സിസ്റ്റം മാല്‍ഫങ്ഷനിങ് ആണ് ബ്രഹ്‌മപുരത്തും നടന്നിരിക്കുന്നത്. പുരുഷപ്രേതത്തിലും അങ്ങനെയൊരു സിസ്റ്റമുണ്ട്. ആ സിസ്റ്റം കൃത്യമായി പ്രവര്‍ത്തിക്കുന്നില്ല. സിസ്റ്റത്തില്‍ ഒരു ചെറിയ തെറ്റ് വന്നാല്‍ തന്നെ അതാകെ തകിടം മറിയും. അതാണ് പുരുഷപ്രേതത്തിന്റെ പ്രമേയം. സിനിമ കൂടുതല്‍ ജനകീയമാക്കാന്‍ വേണ്ടി നമ്മള്‍ ഹ്യൂമര്‍ ചേര്‍ത്തിട്ടുണ്ട്. ആവാസവ്യൂഹം പോലെ തന്നെ വളരെ ശക്തമായ രാഷ്ട്രീയം പുരുഷപ്രേതവും പറയുന്നുണ്ട്. സിനിമയെ വളരെ ഗൗരവമായി വീക്ഷിക്കുന്നവര്‍ക്ക് ഇതില്‍ പറയുന്ന രാഷ്ട്രീയം കൃത്യമായി മനസിലാകും. ഹ്യൂമന്‍ പൊളിറ്റിക്‌സ്, കുടിയേറ്റ തൊഴിലാളികള്‍ എന്നിവയെക്കുറിച്ചെല്ലാം സിനിമ ചര്‍ച്ച ചെയ്യുന്നുണ്ട്,’ കൃഷാന്ദ് പറഞ്ഞു.
ആവാസവ്യൂഹം പ്രകൃതി സംരക്ഷണത്തെക്കുറിച്ച് പറയുമ്പോള്‍ പുരുഷപ്രേതം മൃതശരീരങ്ങളെ സംരക്ഷിക്കുന്നതിനെക്കുറിച്ചാണ് സംസാരിക്കുന്നതെന്ന് ജഗദീഷ് പറഞ്ഞു.
‘ചോദിക്കാനും പറയാനും ആളില്ലെന്ന് കരുതി മൃതശരീരങ്ങളെ അവഗണിക്കാന്‍ പാടില്ല. അവക്കും ആദരവ് നല്‍കണം. ജീവന്‍ നഷ്ടപ്പെട്ടത് കൊണ്ടുമാത്രം എല്ലാമായി എന്ന് വിചാരിക്കരുത്. പിന്നെന്തെങ്കിലും ആയിക്കോട്ടെ എന്ന് കരുതി എവിടെയെങ്കിലും പിടിച്ചു തള്ളുന്ന സാഹചര്യം പാടില്ല,’ ജഗദീഷ് കൂട്ടിച്ചേര്‍ത്തു.
അനാഥപ്രേതത്തിന് നമ്മള്‍ ആദരവ് കൊടുക്കാറുണ്ടോ എന്നും ജഗദീഷ് ചോദിച്ചു. മൃതദേഹത്തിന് ആദരവ് കൊടുക്കണം, അതിന് ചില രീതികളുണ്ട്. നമ്മുടെ സിസ്റ്റത്തിനകത്ത് അതുണ്ടോ എന്ന് ഈ സിനിമ അന്വേഷിക്കുന്നുണ്ടെന്നും അത് ജനങ്ങള്‍ക്ക് കൃത്യമായി മനസിലാകുമെന്നും ജഗദീഷ് പറഞ്ഞു.
Conent Highlights: ‘No more affiliation with political parties’: Jagadeesh