| Monday, 19th September 2022, 8:32 pm

'മുട്ടുവിന്‍ തുറക്കപ്പെടുമെന്നല്ലേ യേശു പറഞ്ഞിരിക്കുന്നത്'; ഈശോയുടെ ട്രെയ്‌ലര്‍ പുറത്ത്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ജയസൂര്യയെ കേന്ദ്രകഥാപാത്രമാക്കി നാദിര്‍ഷ സംവിധാനം ചെയ്യുന്ന ഈശോയുടെ ട്രെയ്‌ലര്‍ പുറത്ത്. ത്രില്ലടിപ്പിക്കുന്ന ഒരു കുറ്റാന്വേഷണ ചിത്രമായിരിക്കും എന്ന സൂചനയോടെയാണ് ട്രെയ്‌ലര്‍ ഒരുക്കിയിരിക്കുന്നത്. ജാഫര്‍ ഇടുക്കിയാണ് ട്രെയ്‌ലറിന്റെ ഭൂരിഭാഗം സമയത്തും വരുന്നത്. ഒക്ടോബര്‍ അഞ്ചിന് സോണി ലിവിലൂടെയാണ് ചിത്രം റിലീസ് ചെയ്യുന്നത്. നമിത പ്രമോദ്, ജോണി ആന്റണി, സുരേഷ് കൃഷ്ണ, മണികണ്ഠന്‍ ആചാരി, രജിത്ത് കുമാര്‍, ഇന്നസെന്റ് എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്.

സുനീഷ് വാരനാടാണ് സിനിമയുടെ കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത്. അരുണ്‍ നാരയണണ്‍ പ്രൊഡക്ഷന്റെ ബാനറില്‍ അരുണ്‍ നാരായണന്‍ ആണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. നാദിര്‍ഷ തന്നെയാണ് ചിത്രത്തിന്റെ സംഗീത സംവിധായകനും. ബി.ജി.എം ഒരുക്കിയിരിക്കുന്നത് രാഹുല്‍ രാജാണ്.

മലയാളത്തിന് പുറമെ തമിഴ്, ഹിന്ദി, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിലും ചിത്രം മൊഴി മാറ്റി റിലീസ് ചെയ്യുന്നതാണ്. വളരെ ഉയര്‍ന്ന തുകയ്ക്കാണ് ഈശോയുടെ സംപ്രേക്ഷണ അവകാശങ്ങള്‍ സോണി സ്വന്തമാക്കിയതെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

കേരളത്തിലും ദുബായിലും ആയി ആണ് ചിത്രം ഷൂട്ട് ചെയ്തത്. കേരളത്തില്‍ മുണ്ടക്കയം, കുട്ടിക്കാനം, പീരുമേട്, തിരുവനന്തപുരം, എറണാകുളം എന്നിവിടങ്ങളായിരുന്നു പ്രധാന ലൊക്കേഷനുകള്‍. ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത് റോബി വര്‍ഗീസ് ആണ്.

ചിത്രത്തിന്റെ പേരിനെ ചൊല്ലി ഏറെ വിവാദങ്ങളുണ്ടായിരുന്നു. തുടര്‍ന്ന് ചിത്രത്തിനെതിരെ നിയമ നടപടികളും ഉണ്ടായിരുന്നു. സിനിമയുടെ പ്രദര്‍ശനം തടയണമെന്ന് ആവശ്യപ്പെട്ട് ക്രിസ്ത്യന്‍ അസോസിയേഷന്‍ ഫോര്‍ സോഷ്യല്‍ ആക്ഷന്‍ എന്ന സംഘടന ഹൈക്കോടതിയില്‍ ഹരജി നല്‍കിയിരുന്നു. എന്നാല്‍ ഈ പൊതുതാല്‍പര്യ ഹരജി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് തള്ളുകയായിരുന്നു. ഈശോ എന്ന പേരു മാറ്റണമെന്ന് ആവശ്യപ്പെട്ട് കത്തോലിക്കാ കോണ്‍ഗ്രസും രംഗത്തെത്തിയിരുന്നു.

Content Highlight: eesho movie trailer starring jayasurya

We use cookies to give you the best possible experience. Learn more