Eesho Review | ഈ സിനിമയുടെ ജയവും പരാജയവും ജയസൂര്യയാണ്
Film Review
Eesho Review | ഈ സിനിമയുടെ ജയവും പരാജയവും ജയസൂര്യയാണ്
അന്ന കീർത്തി ജോർജ്
Wednesday, 5th October 2022, 8:26 pm

ചെറിയ പെണ്‍കുട്ടികള്‍ക്ക് നേരെ നടക്കുന്ന ലൈംഗികാതിക്രമങ്ങള്‍ പ്രമേയമാക്കിയെത്തുന്ന നാദിര്‍ഷയുടെ അടുത്ത സിനിമയാണ് ഈശോ. സംവിധായകനെന്ന നിലയിലുള്ള തന്റെ ട്രാക്ക് നാദിര്‍ഷ മാറ്റിപ്പിടിച്ചിരിക്കുന്ന ചിത്രം കൂടിയാണ് ത്രില്ലര്‍ സ്വഭാവത്തിലുള്ള ഈശോ. പക്ഷെ, ജയസൂര്യ എന്ന നടന്‍ ഈ സിനിമയുടെ വിജയത്തിനും പരാജയത്തിനും ഒരുപോലെ കാരണമാകുന്നുണ്ട്.

നാദിര്‍ഷയുടെ മുന്‍ ചിത്രമായ അമര്‍ അക്ബര്‍ അന്തോണിയുമായി സാമ്യമുള്ള ഒരു കഥാപരിസരം ചിത്രത്തിലുണ്ട്. ഏറ്റവും ക്ലോസായ സ്‌പേസുകളില്‍ കുട്ടികള്‍ ഉപദ്രവിപ്പിക്കപ്പെടാനുള്ള സാധ്യത, അവര്‍ അത് തുറന്ന് പറയാന്‍ മടിക്കുന്നതിനുള്ള കാരണങ്ങള്‍, തുറന്നുപറഞ്ഞാല്‍ കുട്ടിയും കുടുംബവും നേരിടേണ്ടി വരുന്ന വിക്ടിം ബ്ലെയിമിങ്ങും സ്ലട്ട് ഷേമിങ്ങും തുടങ്ങി വിവിധ വിഷയങ്ങള്‍ ചിത്രത്തില്‍ പരാമര്‍ശിക്കുന്നുണ്ട്.

വാളയാര്‍ പെണ്‍കുട്ടികളുടെ മരണം, കേരളത്തില്‍ അടുത്ത കാലത്തായി നടന്ന നിരവധി പോക്‌സോ കേസുകള്‍ തുടങ്ങിയവയൊക്കെ ചിത്രത്തിലെ ടൈറ്റില്‍ എഴുത്ത് മുതല്‍ കടന്നുവരുന്നുണ്ട്.

അതിനൊപ്പം പീഡിപ്പിക്കുന്നവനെ കൊന്നുതള്ളണമെന്ന ചില മോബ് ലോജിക്കിനൊപ്പം സഞ്ചരിക്കുന്ന ചിത്രം കൂടിയാണ് ഇതെന്ന് പറയാം. പ്രതികാരം, കോടതിക്കപ്പുറത്തെ നീതി നടപ്പിലാക്കലുകള്‍ തുടങ്ങിയവയും ചിത്രത്തിലുണ്ട്. സ്ഥിരമായി കണ്ടുവരുന്ന രീതിയില്‍ തന്നെയാണ് ഇവിടെ ചിത്രം സഞ്ചരിക്കുന്നത്.

ചില മാധ്യമങ്ങള്‍ നല്‍കുന്ന അടിസ്ഥാനരഹിതമായ സെന്‍സേഷണല്‍ വാര്‍ത്തകള്‍ കൂടി ചേര്‍ന്ന് മനുഷ്യരുടെ ജീവിതം തന്നെ നശിപ്പിക്കുന്നതും ഇവിടെ പരാമര്‍ശിക്കപ്പെടുന്നുണ്ട്.

ചിത്രത്തില്‍ മറ്റൊരു പ്രധാന ഘടകം അതിഥിതൊഴിലാളികളെ കുറിച്ച് പറയുന്ന കാര്യങ്ങളാണ്. ബംഗ്ലാദേശില്‍ നിന്നും ഇന്ത്യയിലേക്ക് കുടിയേറിയവരും അവരുടെ പിന്‍തലമുറക്കാരും കടന്നുപോയ ദുരിതങ്ങളെ കുറിച്ച് സിനിമ പറയുന്നുണ്ട്. അവരോട് മോശമായി പെരുമാറരുതെന്നും പ്രധാന കഥാപാത്രം ആവശ്യപ്പെടുന്നുണ്ട്.

അമര്‍ അക്ബര്‍ അന്തോണിയില്‍ അതിഥി സംസ്ഥാന തൊഴിലാളിയെ ചിത്രീകരിച്ച രീതിയെ കുറിച്ചുള്ള വിമര്‍ശനങ്ങളുടെ ഫലമായാണോ നാദിര്‍ഷ പുതിയ ചിത്രത്തില്‍ ഇങ്ങനെയൊരു ഭാഗം ഉള്‍പ്പെടുത്തിയതെന്ന് അറിയില്ല. പ്രധാന കഥയുമായി ബന്ധമില്ലെങ്കിലും ഈ ഭാഗങ്ങള്‍ ഏച്ചുകൂട്ടിയ നിലയിലായിരുന്നില്ല.

ചിത്രത്തിന്റെ ശക്തിയും ദൗര്‍ബല്യവും ഒരേ ഘടകങ്ങളാണ്; സുനീഷ് വരനാടിന്റെ തിരക്കഥ, നാദിര്‍ഷയുടെ സംവിധാനം, ജയസൂര്യയുടെയും ജാഫര്‍ ഇടുക്കിയുടെയും കഥാപാത്രങ്ങളും പെര്‍ഫോമന്‍സും.

രണ്ട് കഥാപാത്രങ്ങളും, പകുതി മുക്കാല്‍ ഭാഗവും ഒരൊറ്റ ലൊക്കേഷനിലുമായി നടക്കുന്ന ചിത്രം ബോറടിയില്ലാതെ, അല്‍പം ത്രില്ലിങ് സ്വഭാവത്തില്‍ തന്നെ കഥയെ മുന്നോട്ട് കൊണ്ടുപോകുന്നതില്‍ കുറച്ചൊക്കെ വിജയിക്കുന്നുണ്ട്.

ജയസൂര്യയുടെ കഥാപാത്രവും ജാഫര്‍ ഇടുക്കിയുടെ കഥാപാത്രവും മാത്രമുള്ള ആ രാത്രി രംഗങ്ങളും ഇരുവരും തമ്മിലുള്ള സംഭാഷണങ്ങളും മികച്ച രീതിയിലാണ് അവതരിപ്പിച്ചിട്ടുള്ളത്. ഈ ഭാഗത്തുള്ള ഇരുവരുടെയും ക്യാരക്ടര്‍ സ്‌കെച്ചും പെര്‍ഫോമന്‍സും മികച്ച് തന്നെ നില്‍ക്കുന്നുണ്ട്. ഈ ഭാഗത്തെ താരതമ്യേന കെട്ടുറപ്പുള്ള തിരക്കഥയെ ഭംഗിയായി എക്‌സിക്യൂട്ട് ചെയ്യാന്‍ കഴിഞ്ഞിട്ടുണ്ട്.

നാദിര്‍ഷ തന്റെ സ്ഥിരം ഴോണറില്‍ നിന്നും മാറ്റിപ്പിടിച്ചിരിക്കുന്നതും വ്യക്തമാകുന്നത് ഈ സീനുകളിലാണ്. പക്ഷെ, ചിത്രത്തിലെ ആദ്യ ഭാഗവും പാട്ടും സിനിമയിലേക്ക് പ്രേക്ഷകരെ കൊണ്ടുപോകുന്നതിന് പകരം അല്‍പം ലാഗാണ് അടിപ്പിക്കുന്നത്. അവസാന ഭാഗത്തും സിനിമ കൈവിട്ടുപോകുന്നുണ്ട്.

ജയസൂര്യ എന്ന നടനാണ് തന്റെ പെര്‍ഫോമന്‍സിലൂടെ സിനിമയെ ആസ്വാദ്യമാക്കുന്നത്. പക്ഷെ ജയസൂര്യ എന്ന നടന്‍ തന്നെയാണ് ചിത്രത്തിന്റെ സസ്‌പെന്‍സ് എലമെന്റുകള്‍ പ്രേക്ഷകരിലേക്ക് എത്തുന്നതില്‍ തടസമാകുന്നത് എന്നു കൂടി പറയേണ്ടി വരും.

സിനിമയുടെ തുടക്കം മുതല്‍ തന്നെ ഇയാളുടെ കഥാപാത്രത്തിന്റെ യഥാര്‍ത്ഥ അസ്തിത്വം മറച്ചുപിടിച്ച്, ആര്‍ക്കും പിടി കിട്ടാത്ത ഒരാളെന്ന നിലയിലാണ് അവതരിപ്പിക്കാന്‍ ശ്രമിക്കുന്നതെങ്കിലും അത് വിജയിക്കുന്നില്ല. ജയസൂര്യ ആയതിനാല്‍ തന്നെ മിക്കവാറും കഥയുടെ ട്രാക്ക് ഇങ്ങനെയായിരിക്കുമെന്ന തോന്നല്‍ പ്രേക്ഷകരിലുണ്ടാകുന്നുണ്ട്.

ആ ട്രാക്കില്‍ നിന്നും വ്യതിചലിക്കാതെയാണ് കഥ നീങ്ങുന്നത്. അതേസമയം ക്യാരക്ടര്‍ ആര്‍ക്കോ, ക്യാരക്ടര്‍ ഡിവലപ്പ്‌മെന്റോ അവകാശപ്പെടാനില്ലെങ്കിലും ജാഫര്‍ ഇടുക്കി എന്ന നടന്റെ പിള്ളേച്ചനില്‍ എന്തെങ്കിലുമൊരു ട്വിസ്റ്റിന് സാധ്യതയുണ്ടെന്ന തോന്നിക്കൊണ്ടുമിരുന്നു. ജാഫര്‍ ഇടുക്കിയുടെ വേഷങ്ങളിലെ വൈവിധ്യമാണ് അങ്ങനെയൊരു തോന്നലുണ്ടാക്കുന്നത്.

ഹീറോ നടന്മാരുടെ കേന്ദ്ര കഥാപാത്രങ്ങള്‍ നന്മയോ രക്ഷപ്പെടുത്തലോ മോട്ടിവേഷനോ പകരുന്ന നായകരായി തന്നെ തുടരുന്ന സ്ഥിരം പാറ്റേണ്‍ ഒരു സിനിമയുടെ ത്രില്ലര്‍ സ്വഭാവത്തെ വരെ ബാധിക്കുമെന്ന് കൂടുതല്‍ വ്യക്തമായതും ഈ ചിത്രം കണ്ടപ്പോഴാണ്.

ജാഫര്‍ ഇടുക്കിയും ജയസൂര്യയും കഴിഞ്ഞാല്‍, വളരെ കുറച്ച് സ്‌ക്രീന്‍ സ്‌പേസ് മാത്രമേ മറ്റെല്ലാ കഥാപാത്രങ്ങള്‍ക്കും ലഭിക്കുന്നുള്ളു. ഇക്കൂട്ടത്തില്‍, രണ്ടേ രണ്ട് സീനില്‍ മാത്രമെത്തുന്ന യദു കൃഷ്ണനാണ് പെര്‍ഫോമന്‍സ് കൊണ്ട് ഗംഭീരമാക്കുന്നുണ്ട്. വല്ലാത്ത ഒരു അസ്വസ്ഥത ഇയാള്‍ പ്രേക്ഷകരില്‍ സൃഷ്ടിക്കും.

ചില കറങ്ങിവരുന്ന ഷോട്ടുകളും നിഗൂഢത പകരുന്ന മൂവ്‌മെന്റുകളുമായി റോബി വര്‍ഗീസ് രാജിന്റെ ക്യാമറ ആസ്വാദനത്തെ സഹായിക്കുന്നുണ്ട്. ഒരു പാട്ട് മാത്രമാണ് ചിത്രത്തിലുള്ളത്. ഇതും അമര്‍ അക്ബര്‍ അന്തോണിയിലെ എന്നോ ഞാനെന്റെ മുറ്റത്തൊരറ്റത്ത് എന്ന പാട്ട് പോലെയുള്ള ഒന്നായിരുന്നു. ഇതാണ് മുന്‍ ചിത്രവുമായുള്ള ഈശോയുടെ മൂന്നാമത്തെ കണക്ഷന്‍.

ഈശോയുടെ ക്ലൈമാക്‌സും മിസ്റ്ററി റിവീല്‍ ചെയ്യുന്നതുമാണ് സിനിമയില്‍ ഏറ്റവും മോശം രീതിയില്‍ എക്‌സിക്യൂട്ട് ചെയ്തതായി തോന്നിയത്. ജയസൂര്യയുടെ കഥാപാത്രത്തിന്റെ മിസ്റ്ററി പറയുന്ന ഭാഗം അതിവേഗം എടുത്തു എന്നത് മാത്രമല്ല, ആ ഭാഗത്തെ പ്രെഡിക്ടബിളിറ്റി, കഥാപാത്രത്തിലെ ഷിഫ്റ്റ് കാണിച്ചിരിക്കുന്നതിലെ ധൃതി, ലോജിക്കില്ലാത്ത ചില വയലന്റ് ആക്ഷനുകള്‍ എന്നിവയെല്ലാം സിനിമാനുഭവത്തെ മോശമായി ബാധിച്ചിരുന്നു.

നാദിര്‍ഷ വരുന്ന ഭാഗവും സിനിമയുടെ സന്ദേശം എന്ന നിലയില്‍ ജയസൂര്യ പറയുന്ന ചില ഡയലോഗുകള്‍ കൂടിയാകുന്നതോടെ പരിചിതമായ ഒരു നിരാശ അനുഭവപ്പെടും.

പി.എസ്: ഈശോ എന്നത് ക്യാച്ചിയായ ഒരു തലക്കെട്ട് കണ്ടെത്തുക എന്ന ലക്ഷ്യത്തില്‍ നിന്ന് മാത്രം വന്നതാണെന്നാണ് ചിത്രം കണ്ടതിന് ശേഷം തോന്നിയത്. എല്ലാം നഷ്ടപ്പെട്ട് ക്രൂശിതനാകേണ്ടി വന്ന, ശിക്ഷകനും രക്ഷകനുമായി എത്തുന്ന, ഒരാളുടെ പ്രതിഫലനം എന്നെല്ലാമുള്ള അധികവായന വേണമെങ്കില്‍ നടത്താം. പക്ഷെ ഈയൊരു പേരിന്റെ പേരില്‍ അന്നുണ്ടായ വിവാദങ്ങളെല്ലാം എത്രമാത്രം അര്‍ത്ഥശൂന്യമായിരുന്നുവെന്ന് പ്രേക്ഷകര്‍ തീര്‍ച്ചയായും ഓര്‍ത്തുപോകും.

അന്ന് ഈ വിവാദകോലഹലങ്ങളെല്ലാം ഉണ്ടായ സമയത്ത് തന്നെ, ചിത്രം റിലീസ് ചെയ്യരുതന്നെ ആവശ്യപ്പെട്ടെത്തുന്നവരുടെയുള്ളിലുള്ളത് അസഹിഷ്ണുത മാത്രമാണെന്ന് വിമര്‍ശനമുയര്‍ന്നിരുന്നത്.

Content Highlight: Eesho Movie Review

അന്ന കീർത്തി ജോർജ്
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍, പോണ്ടിച്ചേരി സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.