Film News
റെക്കോഡ് മറികടന്ന് ഈശോ; സോണി ലിവില്‍ ട്രെന്‍ഡിങ് നമ്പര്‍ വണ്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2022 Oct 12, 10:52 am
Wednesday, 12th October 2022, 4:22 pm

സോണി ലിവ് ട്രെന്‍ഡിങ്ങില്‍ ഒന്നാം സ്ഥാനത്തെത്തി ജയസൂര്യ നായകനായ ചിത്രം ഈശോ. സമീപകാലത്ത് ഏറ്റവും കൂടുതല്‍ ആളുകള്‍ സോണി ലിവില്‍ കണ്ട ചിത്രമെന്ന നേട്ടവും ഈശോ സ്വന്തമാക്കിയിരിക്കുകയാണ്.

നാദിര്‍ഷ സംവിധാനം ചെയ്ത ചിത്രം ഒക്ടോബര്‍ അഞ്ചിന് സോണി ലിവിലൂടെ സ്ട്രീമിങ് ആരംഭിച്ച് അഞ്ചു ദിവസങ്ങള്‍ പിന്നിടുമ്പോഴാണ് പുതിയ റെക്കോഡുകള്‍ സ്വന്തമാക്കിയിരിക്കുന്നത്.

പതിനഞ്ചു ലക്ഷത്തില്‍ അധികം കാഴ്ച്ചക്കാരാണ് കഴിഞ്ഞ ദിവസങ്ങളില്‍ ചിത്രം കണ്ടത്. കൂടാതെ പതിനായിരത്തില്‍ അധികം പുതിയ സബ്‌സ്‌ക്രിബ്ഷന്‍ ആണ് ഈ ചിത്രത്തിലൂടെ സോണി ലൈവിന് ലഭിച്ചത്. സംവിധായകന്‍ നാദിര്‍ഷ തന്നെയാണ് ഈ വിവരം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചത്.

‘ഈശോ ഒക്ടോബര്‍ അഞ്ചിന് സോണി ലിവിലൂടെ സ്ട്രീമിങ് ആരംഭിച്ച് അഞ്ചു ദിവസങ്ങള്‍ പിന്നിടുമ്പോള്‍ പുതിയ റെക്കോഡുകള്‍ സ്വന്തമാക്കിയിരിക്കുകയാണ്. സോണി ലിവില്‍ പ്രദര്‍ശനം തുടരുന്ന ചിത്രം ഇപ്പോള്‍ ട്രെന്‍ഡിങ്ങില്‍ ഒന്നാം സ്ഥാനത്ത് ആണ്.

കൂടാതെ സമീപകാലത്ത് ഏറ്റവും കൂടുതല്‍ ആളുകള്‍ സോണി ലിവില്‍ കണ്ട ചിത്രമെന്ന നേട്ടവും ചിത്രം സ്വന്തമാക്കിയിരിക്കുകയാണ്. ആദ്യത്തെ അഞ്ച് ദിവസങ്ങള്‍ക്കുള്ളില്‍ ഒന്നര മില്ല്യണ്‍ കാഴ്ചക്കാരും പതിനൊന്നായിരം പുതിയ സബ്‌സ്‌ക്രൈബേഴ്‌സുമായി ഈശോ സോണി ലിവില്‍ റെക്കോഡുകള്‍ മറികടന്നു എന്നറിയുമ്പോള്‍ ഒരുപാട് ഒരുപാട് സന്തോഷം. ഈ ചെറിയ സിനിമയെ വലിയ വിജയമാക്കിയ പ്രേക്ഷകര്‍ക്ക് നന്ദി, ഒത്തിരി സ്‌നേഹം,’ എന്നാണ് നാദിര്‍ഷ ഫേസ്ബുക്കില്‍ കുറിച്ചത്.

ജാഫര്‍ ഇടുക്കി, നമിത പ്രമോദ്, സുരേഷ് കൃഷ്ണ, ഇന്ദ്രന്‍സ്, രജിത്ത് കുമാര്‍ എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

Content Highlight: eesho movie beat the record; Trending number one on Sony Live