കൊച്ചി: നാദിര്‍ഷയുടെ സംവിധാനത്തില്‍ ജയസൂര്യ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ഈശോയ്ക്ക് ക്ലീന്‍ യു സര്‍ട്ടിഫിക്കേറ്റ്. അരുണ്‍ നാരായണ്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ അരുണ്‍ നാരായണാണ് ചിത്രം നിര്‍മിക്കുന്നത്.
സുനീഷ് വാരനാടാണ് തിരക്കഥ. ജാഫര്‍ ഇടുക്കി, നമിത പ്രമോദ്, ജോണി ആന്റണി, സുരേഷ് കൃഷ്ണ തുടങ്ങിയവരാണ് ചിത്രത്തില്‍ അഭിനയിക്കുന്നത്.
കുട്ടികളും കുടുംബങ്ങളുമായി കണ്ടിരിക്കേണ്ട ചിത്രമാണ് ഈശോയെന്ന് സെന്‍സര്‍ ബോര്‍ഡ് പ്രവര്‍ത്തകര്‍ പ്രതികരിച്ചതായി നാദിര്‍ഷ പറഞ്ഞു.
നേരത്തെ സിനിമക്ക് ഈശോ എന്ന പേരിട്ടതിനെതിരെ വിദ്വേഷ പ്രചരണവുമായി ഒരു വിഭാഗമാളുകള്‍ രംഗത്തെത്തിയിരുന്നു. ക്രൈസ്തവ സമൂഹത്തെ അപമാനിക്കുന്നതാണ് ചിത്രത്തിന്റെ പേരെന്നാണ് ചില ഗ്രൂപ്പുകള്‍ പറയുന്നത്.
മുന്‍ എം.എല്‍.എ പി.സി. ജോര്‍ജ് അടക്കമുള്ളവര്‍ വിഷയത്തില്‍ വിദ്വേഷപരാമര്‍ശങ്ങളുമായെത്തിയിരുന്നു. ‘ഈശോ’ എന്ന പേരില്‍ സിനിമ പുറത്തിറങ്ങിയാല്‍ തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കില്ലെന്നായിരുന്നു പി.സി. ജോര്‍ജിന്റെ ഭീഷണി.
മുണ്ടക്കയം, കുട്ടിക്കാനം, പീരുമേട്, തിരുവനന്തപുരം, എറണാകുളം, ദുബായ് എന്നിവിടങ്ങളിലായി ചിത്രീകരണം പൂര്‍ത്തിയാക്കിയ ചിത്രം പ്രദര്‍ശനത്തിന് ഒരുങ്ങുകയാണ്.
റോബി വര്‍ഗീസാണ് ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. നാദിര്‍ഷാ തന്നെയാണ് സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. എന്‍.എം. ബാദുഷാ, ബിനു സെബാസ്റ്റ്യന്‍ എന്നിവരാണ് എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ്.