| Friday, 5th January 2018, 6:11 pm

ഈട രാഷ്ട്രീയം പറയാം... മറയില്ലാതെ

എഡിറ്റര്‍

അപേക്ഷക്കും ആജ്ഞക്കും ഇടയിലുള്ള ഇടത്തില്‍ നിന്നുകൊണ്ട് കേരളീയ ജനതയോട് സംവദിച്ച രണ്ടു വാക്കുകളായിരുന്നു “രാഷ്ട്രീയം പറയരുത്”. മൂര്‍ച്ഛ പാളുന്ന ക്ഷൗരക്കടയിലും, ലഹരി പാറുന്ന കള്ളുഷാപ്പിലും, ആവി പൊങ്ങുന്ന ചായപ്പീടികയിലും ഒരുകാലത്ത് മലയാളിയുടെ രാഷ്ട്രീയബോധത്തിന്റെ ഉശിരും ഉയിര്‍പ്പും അംഗീകരിക്കുന്ന വാക്കുകള്‍. പുതിയകാല സാഹിത്യവും കലയും രാഷ്ട്രീയത്തെ പരമപുച്ഛത്തോടെ നോക്കിക്കാണുന്ന രീതി ആസ്വാദകനെ ആലോസരപ്പെടുത്തുന്നില്ല. സാമ്പ്രദായിക രാഷ്ട്രീയം അതിന്റെ എല്ലാവിധ അധമപ്രവര്‍ത്തനങ്ങളും, ജനവിരുദ്ധമായ അജണ്ടകളും ഇത്രയേറെ പരസ്യമായി പുറത്തെടുത്തു വീശി, ജാള്യത ലവലേശമില്ലാതെ, ഞെളിഞ്ഞുനില്‍ക്കുന്ന കാലത്താണ് “ഈട” വന്നു പതിക്കുന്നത്.

രാഷ്ട്രീയ സിനിമയെന്നാല്‍ കുഴലൂത്തല്ലയെന്നും ആക്ഷേപഹാസ്യമല്ലയെന്നും മലയാളി പ്രേക്ഷകനോട് വൃത്തിയിലും വെടിപ്പിലും വിളിച്ചറിയിക്കുകയാണ് “ഈട”. മനുഷ്യന്റെ പക്ഷത്ത് നിന്നു കൊണ്ടാണ് സിനിമ സംസാരിക്കുന്നത്. അക്രമ രാഷ്ട്രീയത്തിന്റെ അനിവാര്യത കണ്ണൂര്‍ ഭൂമികയില്‍ നിന്നു കൊണ്ട് ചുമന്നു മടുത്ത മാനവികതയുടെ ശേഷിപ്പുകള്‍ അന്വേഷിക്കുന്ന രചന. ചോര ചിതറുന്ന പശ്ചാത്തലത്തിന് മുന്നിലൂടെ പ്രണയത്തിന്റെ ആര്‍ദ്രമായ നിഴലാട്ടങ്ങള്‍ അതീവമായ കൈയ്യടക്കത്തോടെയാണ് സംവിധായകന്‍ മെനഞ്ഞൊരുക്കിയിരിക്കുന്നത്.

സങ്കീര്‍ണ്ണമായ ഭാവങ്ങള്‍ അനായാസമായ് കയറിയിറങ്ങുന്ന ഷെയിന്‍ നിഗമിന്റെ നിഷ്‌കളങ്ക മുഖം മുഖ്യ കഥാപാത്രത്തെ കാണി മനസ്സില്‍ തറപ്പിച്ചു നിര്‍ത്തുകയാണ്. നിസ്സഹായതയുടെ ശരീരഭാഷയില്‍ നിന്നും ചെറുത്തു നില്‍പ്പിന്റെ ചടുലചലനങ്ങളിലേക്ക് ചുവടുമാറുന്ന നിമിഷങ്ങളില്‍ മലയാള സിനിമയ്ക്ക് അഭിനയത്തിന്റെ പുതിയ ലിപികള്‍ നല്‍കുകയാണ് ഈ യുവനടന്‍. പലപ്പോഴും ഷെയിനില്‍ നിന്നും പ്രസരിക്കുന്ന ഊര്‍ജ്ജം നായികാനടി നിമിഷയില്‍ പടരുന്നതായ് തോന്നും.

എഡിറ്റിംഗും സംവിധാനവും ഒരേ കരങ്ങളില്‍ വന്നതിന്റെ മികവും തികവും “ഈട”” യില്‍ ഉടനീളം അടയാളപ്പെടുന്നുണ്ട്. ബി. അജിത്ത്കുമാറിന് തന്റെ സിനിമയില്‍ നിന്നും എടുത്തു മാറ്റുവാനോ കൂട്ടിച്ചേര്‍ക്കുവാനോ ഒന്നും തന്നെയില്ല എന്ന് അഭിമാനിക്കാം. അത്ര കണിശതയോടെയാണ് അജിത്ത് തന്റെ ദൗത്യം നിര്‍വ്വഹിച്ചിരിക്കുന്നത്.

ബി. അജിത് കുമാര്‍

ആരെയും പ്രീണിപ്പിക്കാതെ ആരുടെയും പക്ഷം പിടിക്കാതെ സകലരേയും അലോസരപ്പെടുത്തുകയാണ് “ഈട”. തീവ്രമായ മനുഷ്യ വികാരങ്ങളില്‍ പ്രണയത്തിനാണ് മുന്‍സ്ഥാനം എന്ന പരമാര്‍ത്ഥം വെട്ടും കൊലയും ദൈനംദിന ജീവിതത്തിന്റെ ഭാഗമായ് മാറിയ കണ്ണൂരിന്റെ കലണ്ടറില്‍ കൈയ്യുറപ്പോടെ കുറിച്ചിടാന്‍ സിനിമ കാണിച്ച സത്യസന്ധതയും ധൈര്യവും എടുത്തു പറയാതെ വയ്യ.

ഈട കണ്ടിറങ്ങിയ നേരം, നല്ല സിനിമ കണ്ട അനുഭൂതി മാത്രമല്ല, പ്രേക്ഷകന്‍ എന്ന നിലയില്‍ നിലവാരമുള്ള സിനിമയുടെ ഭാഗമാകാന്‍ കഴിഞ്ഞതിലുള്ള സംതൃപ്തിയും അനുഭവപ്പെട്ടു.

എഡിറ്റര്‍

Latest Stories

We use cookies to give you the best possible experience. Learn more