| Monday, 23rd January 2023, 11:04 pm

സ്വീഡനിലെ ഖുര്‍ആന്‍ കത്തിക്കലും മുസ്‌ലിം രാജ്യങ്ങളുടെ പ്രതികരണങ്ങളും | World News

ഡൂള്‍ന്യൂസ് ഡെസ്‌ക്

സ്റ്റോക്ക്‌ഹോം: സ്വീഡനില്‍ തുര്‍ക്കി എംബസിക്ക് മുന്നില്‍ തീവ്ര വലതുപക്ഷ നേതാവ് ഖുര്‍ആന്‍ കത്തിച്ച സംഭവത്തില്‍ വിവിധ രാജ്യങ്ങളില്‍ നിന്നും പ്രതിഷേധമുയരുകയാണ്.

തുര്‍ക്കി വിദേശകാര്യ മന്ത്രാലയം, പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫ് എന്നിവര്‍ക്ക് പുറമെ നിരവധി മുസ്‌ലിം ഭൂരിപക്ഷ രാജ്യങ്ങള്‍ സംഭവത്തെ അപലപിച്ച് പ്രതികരിച്ചിട്ടുണ്ട്.

”സ്വീഡനിലെ ഒരു വലതുപക്ഷ തീവ്രവാദി വിശുദ്ധ ഖുര്‍ആനെ അപകീര്‍ത്തിപ്പെടുത്തിയ നീചമായ പ്രവര്‍ത്തിയെ അപലപിക്കാന്‍ വാക്കുകളില്ല. ലോകമെമ്പാടുമുള്ള 1.5 ബില്യണ്‍ മുസ്‌ലിങ്ങകളുടെ മതവികാരങ്ങളെ വ്രണപ്പെടുത്താന്‍ ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ മുഖപടം ഉപയോഗിക്കാനാവില്ല. ഇത് തീര്‍ത്തും അസ്വീകാര്യമാണ്,” എന്നാണ് പാക് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫിന്റെ ട്വീറ്റ്.

മൊറോക്കോ, ഇന്തോനേഷ്യ, സൗദി അറേബ്യ, യു.എ.ഇ എന്നീ രാജ്യങ്ങളും ഗള്‍ഫ് കോപറേഷന്‍ കൗണ്‍സില്‍, ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്‌ലാമിക് കോപറേഷന്‍ എന്നിവരും വിദ്വേഷകരമായ ഈ ഖുര്‍ആന്‍ കത്തിക്കല്‍ പ്രവര്‍ത്തിയെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചു.

സേനയ്ക്ക് മുന്നില്‍ വെച്ച് തന്നെ ഖുര്‍ആന്‍ കത്തിക്കാന്‍ സ്വീഡിഷ് അധികാരികള്‍ അനുവദിച്ചത് ആശ്ചര്യകരമാണെന്നായിരുന്നു മൊറോക്കോയുടെ പ്രതികരണം.

”വിശുദ്ധ ഗ്രന്ഥത്തിനെതിരായ മതനിന്ദാ പ്രവര്‍ത്തി മതപരമായ സഹിഷ്ണുതയെ വേദനിപ്പിക്കുകയും കളങ്കപ്പെടുത്തുകയും ചെയ്തു. ആവിഷ്‌കാര സ്വാതന്ത്ര്യം എന്നത് ഉത്തരവാദിത്തത്തോടെ വിനിയോഗിക്കാനുള്ളതാണ്,” എന്നാണ് വിഷയത്തില്‍ ഇന്തോനേഷ്യയുടെ പ്രതികരണം.

സ്വീഡിഷ് പ്രധാനമന്ത്രിയും സംഭവത്തില്‍ ദുഖം രേഖപ്പെടുത്തിക്കൊണ്ട് ട്വീറ്റ് ചെയ്തിട്ടുണ്ട്.

”അഭിപ്രായ സ്വാതന്ത്ര്യം ജനാധിപത്യത്തിന്റെ അടിസ്ഥാന ഘടകമാണ്. എന്നാല്‍ നിയമപരമായതെല്ലാം എപ്പോഴും ഉചിതമായിരിക്കണമെന്നില്ല.

അനേകം പേര്‍ വിശുദ്ധമായി കണക്കാക്കുന്ന ഒരു പുസ്തകം കത്തിക്കുന്നത് അങ്ങേയറ്റം അനാദരവുള്ള പ്രവര്‍ത്തിയാണ്. സ്റ്റോക്ക്‌ഹോമില്‍ നടന്ന സംഭവങ്ങളില്‍ അസ്വസ്ഥരായ എല്ലാ മുസ്ലിങ്ങളോടും സഹതാപം പ്രകടിപ്പിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു,” എന്നാണ് സ്വീഡിഷ് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തത്.

അതിനിടെ ഖുര്‍ആന്‍ കത്തിക്കുന്നതിന് വലതുപക്ഷ പ്രതിപക്ഷ പാര്‍ട്ടി നേതാക്കള്‍ക്ക് സ്വീഡിഷ് സര്‍ക്കാരിന്റെ അനുമതി ലഭിച്ചിരുന്നതായി റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു. സംഭവത്തില്‍ അങ്കാറയിലെ സ്വീഡിഷ് അംബാസഡറെ വിളിച്ചുവരുത്തിയ തുര്‍ക്കി വിശദീകരണം ചോദിക്കുകയുണ്ടായി.

സ്വീഡനിലെ തീവ്ര വലതുപക്ഷ നേതാവ് റാസ്മസ് പലുദന് (Rasmus Paludan) തുര്‍ക്കി എംബസിക്ക് മുന്നില്‍വെച്ച് ഖുര്‍ആന്‍ കത്തിക്കാനുള്ള അനുമതി നല്‍കിയത് സ്വീഡിഷ് സര്‍ക്കാരാണെന്നാണ് വാഷിങ്ടണ്‍ പോസ്റ്റിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത്.

സംഭവസമയത്ത് റാസ്മസ് പലുഡന്‍ സ്വീഡിഷ് പൊലീസിന്റെ സംരക്ഷണയിലായിരുന്നെന്നും റിപ്പോര്‍ട്ടിലുണ്ട്.

സംഭവത്തെ തുര്‍ക്കി അപലപിക്കുന്നുവെന്ന് സ്വീഡിഷ് അംബാസഡറെ വളരെ കൃത്യമായി ബോധിപ്പിച്ചിട്ടുണ്ടെന്നും ഖുര്‍ആന്‍ കത്തിച്ച പ്രവര്‍ത്തി പ്രകോപനപരവും വ്യക്തമായും വിദ്വേഷ കുറ്റകൃത്യവുമാണെന്ന് പറഞ്ഞതായും തുര്‍ക്കി വിദേശകാര്യ മന്ത്രാലയത്തില്‍ നിന്നുള്ള വൃത്തങ്ങള്‍ വ്യക്തമാക്കിയിരുന്നു.

‘സ്വീഡന്റെ നിലപാട് ഒട്ടും സ്വീകാര്യമല്ല. ഇത്തരം പ്രവര്‍ത്തികള്‍ അനുവദിക്കില്ലെന്നും ജനാധിപത്യ അവകാശങ്ങളുടെ മറവില്‍ ഇത്തരം വിശുദ്ധ മൂല്യങ്ങളെ അവഹേളിക്കുന്നതിനെ പ്രതിരോധിക്കാന്‍ കഴിയില്ലെന്നുമാണ് ഞങ്ങളുടെ നിലപാട്,” എന്നായിരുന്നു തുര്‍ക്കി വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രസ്താവന.

സംഭവത്തെ സ്വീഡന്‍ അപലപിച്ചിട്ടുണ്ടെങ്കിലും അവര്‍ അപലപിച്ചാല്‍ മാത്രം പോരെന്നും കൂടുതല്‍ ശക്തമായ നിലപാട് സ്വീകരിക്കണമെന്നും തുര്‍ക്കി അഭിപ്രായപ്പെട്ടു.

തുര്‍ക്കി തലസ്ഥാനമായ ഇസ്താംബൂളിലെ സ്വീഡിഷ് കോണ്‍സുലേറ്റിന് മുന്നിലും കഴിഞ്ഞ ദിവസം വലിയ പ്രതിഷേധങ്ങളാണ് നടന്നത്. സ്വീഡനുമായുള്ള എല്ലാ നയതന്ത്ര ബന്ധങ്ങളും അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട പ്രതിഷേധക്കാര്‍ സ്വീഡന്റെ ദേശീയപതാക കത്തിച്ചുകൊണ്ടും തങ്ങളുടെ രോഷം പ്രകടിപ്പിച്ചു.

ജനുവരി 21നായിരുന്നു സ്വീഡിഷ്- ഡാനിഷ് പൊളിറ്റീഷ്യനായ റാസ്മസ് പലുഡന്‍ സ്റ്റോക്ക്ഹോമിലെ തുര്‍ക്കി എംബസിക്ക് പുറത്തുവെച്ച് ഖുര്‍ആന്‍ കോപ്പി കത്തിച്ചത്. ഇതിന് സ്വീഡിഷ് സര്‍ക്കാരിന്റെ നിശബ്ദ പിന്തുണ ലഭിച്ചിട്ടുണ്ടെന്നാണ് പുറത്തുവരുന്ന വിവരം.

ഡെന്‍മാര്‍ക്കിലെ തീവ്ര വലതുപക്ഷ പാര്‍ട്ടിയായ സ്ട്രാം കുര്‍സിന്റെ (Stram Kurs party) തലവനും ഡാനിഷ്- സ്വീഡിഷ് ദേശീയതാ വംശീയവാദിയുമാണ് റാസ്മസ് പലുദന്‍. മുമ്പും ഇയാള്‍ ഇത്തരത്തില്‍ വംശീയപരവും ഇസ്‌ലാമോഫോബിക്കുമായ പ്രവര്‍ത്തികളുടെ പേരില്‍ കുപ്രസിദ്ധി നേടിയിട്ടുണ്ട്.

കഴിഞ്ഞ വര്‍ഷവും ഇയാള്‍ ഇത്തരത്തില്‍ ഖുര്‍ആന്‍ കോപ്പികള്‍ പരസ്യമായി കത്തിച്ചിരുന്നു.
ഇതിന് പുറമെ കഴിഞ്ഞയാഴ്ച സ്റ്റോക്ക്ഹോമില്‍ തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് എര്‍ദോഗന്റെ കോലം പലുദന്‍ കത്തിച്ചതായും ഡെയ്‌ലി മെയിലിന്റെ റിപ്പോര്‍ട്ടുണ്ടായിരുന്നു.

Content Highlight: Reactions on Quran Burning In Stockholm, Sweden

ഡൂള്‍ന്യൂസ് ഡെസ്‌ക്