| Friday, 18th November 2022, 1:08 pm

പണച്ചാക്കുകള്‍ നടത്തുന്ന ഫുട്‌ബോള്‍ എന്ന ബിസിനസില്‍ മനുഷ്യ വികാരങ്ങള്‍ക്ക് സ്ഥാനമില്ല, അഥവാ ഉണ്ടായിരുന്നെങ്കില്‍

എഡ്‌വിന്‍ ജോയ്

നമ്മള്‍ ഇന്ത്യയില്‍ ആയതുകൊണ്ടും ഇന്ത്യയിലെ പോപ്പുലര്‍ ഗെയിം ക്രിക്കറ്റ് ആയതുകൊണ്ടും ക്രിക്കറ്റിലെ രാജ്യാന്തര മത്സരങ്ങളാണ് അല്ലെങ്കില്‍ ദേശീയ ടീമുകള്‍ തമ്മിലുള്ള സീരീസുകളാണ് ഏറ്റവും പ്രധാനപ്പെട്ട മത്സരങ്ങള്‍. അതുകൊണ്ട് ഫുട്‌ബോളും അങ്ങനെയാണെന്ന് നമ്മള്‍ ഒരിക്കലും കരുതരുത്. അത് നമ്മുടെ കുറ്റമല്ല. നമ്മള്‍ ഉള്‍പ്പെടുന്ന സമൂഹത്തിന്റെ ഘടന അങ്ങനെയായതുകൊണ്ടാണ്.

ഫുട്‌ബോള്‍ മത്സരങ്ങള്‍ എന്നു പറഞ്ഞാല്‍ അത് ബേസിക്കലി ക്ലബ്ബ് മത്സരങ്ങളാണ്. പട്ടണങ്ങള്‍ കേന്ദ്രീകരിച്ച്, ടൗണുകള്‍ കേന്ദ്രീകരിച്ച്, ഫാക്ടറികള്‍ കേന്ദ്രീകരിച്ച് എന്തിന് പബ്ബുകള്‍ പോലും കേന്ദ്രീകരിച്ചിട്ടാണ് ഇന്ന് കാണുന്ന പല ഫുട്‌ബോള്‍ ക്ലബ്ബുകളുടെയും തുടക്കം.

ആധുനിക ഫുട്‌ബോള്‍ ഉടലെടുക്കുന്നത് ക്രിക്കറ്റ് പോലെ ഏതെങ്കിലും രണ്ട് രാജ്യങ്ങള്‍ തമ്മില്‍ കളിച്ചിട്ടല്ല, മറിച്ച് നേരത്തെ പറഞ്ഞ ഇംഗ്ലണ്ടിലെ ക്ലബ്ബുകളാണ് ആധുനിക ഫുട്‌ബോളിനെ വാര്‍ത്തെടുത്തത്.

പിന്നീട് ഒരുകാലത്ത് ഫുട്‌ബോളുമായി ബന്ധപ്പെട്ട രാജ്യാന്തര മത്സരങ്ങള്‍ക്ക് ഏറ്റവും പ്രധാനപ്പെട്ട വേദിയായിരുന്നു ഒളിമ്പിക്‌സ്. രാജ്യാന്തര ഫുട്‌ബോള്‍ മത്സരങ്ങളെ സംബന്ധിച്ച് ഒരുകാലത്ത് ലോകകപ്പിനേക്കാള്‍ ഏറ്റവും പ്രസ്റ്റീജസായ വേദി ഒളിമ്പിക്‌സ് ആയിരുന്നു.

രണ്ടാം ലോക മഹായുദ്ധത്തിന് ശേഷമാണ് പ്രത്യേകിച്ച് 1958ല്‍ ബ്രസീല്‍ ലോകകപ്പ് നേടിയതിനുശേഷമാണ് (അതും യൂറോപ്പില്‍ വെച്ച്) ഫുട്‌ബോള്‍ ലോകകപ്പിന്റെ പ്രചാരം ലോകമൊട്ടുക്ക് വര്‍ധിക്കുന്നത്.

സ്വാതന്ത്ര്യത്തിനുശേഷം ഇന്ത്യന്‍ ഫുട്‌ബോള്‍ പ്രധാനമായും ഫോക്കസ് ചെയ്തത് ഒളിമ്പിക്‌സില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കാനായിരുന്നു.

ഒളിമ്പിക്‌സിനെക്കാള്‍ കൂടുതല്‍ പ്രാധാന്യം ഫുട്‌ബോള്‍ ലോകകപ്പിന് ഇന്ത്യ ഒരുപക്ഷേ കൊടുത്തിരുന്നെങ്കില്‍ ഇന്ത്യ ബൂട്ടിട്ട് ബ്രസീലില്‍ പന്തുതട്ടിയേനെ. അവിടെയും അന്നത്തെ ഇന്ത്യന്‍ ഫുട്‌ബോള്‍ മാനേജ്‌മെന്റിനെ കുറ്റം പറയാന്‍ ഉദ്ദേശിക്കുന്നില്ല. കാരണം 72 വര്‍ഷം മുന്‍പത്തെ സാഹചര്യം വളരെ വ്യത്യസ്തമാണ്.

ഇനി കാര്യത്തിലേക്ക് വരാം;
ഒരു ഫുട്‌ബോള്‍ കലണ്ടര്‍ എന്നു പറയുന്നത് ഓഗസ്റ്റ് മുതല്‍ മെയ് മൂന്നാമത്തെ ആഴ്ച വരെ ഉള്ളതാണ്. ഇതില്‍ തന്നെ ഓഗസ്റ്റ് മുതല്‍ യൂറോപ്പ്യന്‍ ടൂര്‍ണമെന്റിന്റെ നോക്കൗട്ട് സ്റ്റേജ് വരെ ആ സീസണിന്റെ പീക്ക് ടൈമാണ്.

UCL, Europa, Conference എന്നിവയാണ് യൂറോപ്പിലെ യൂറോപ്പ്യന്‍ ടൂര്‍ണമെന്റുകള്‍. ഒരു ഗ്രൂപ്പില്‍ നാല് ടീമുകള്‍ ഉണ്ടാകും. അതായത് ഒരു ടീം ആറ് കളി കളിക്കണം. മൂന്നെണ്ണം സ്വന്തം ഗ്രൗണ്ടിലും മൂന്നെണ്ണം എതിരാളിയുടെ ഗ്രൗണ്ടിലും.

ഇനി ആഭ്യന്തര മത്സരങ്ങള്‍;
ഉദാഹരണത്തിന്, ഇംഗ്ലണ്ടില്‍ ഇ.പി.എല്‍, ഇ.എഫ്.എല്‍ കപ്പ്, എഫ്.എ കപ്പ്. ഇതുപോലെ ഓരോ രാജ്യത്തും മൂന്ന് ആഭ്യന്തര ടൂര്‍ണമെന്റുകളാണ് ഒരു ഫുട്‌ബോള്‍ കലണ്ടറില്‍ നടക്കുക. രാജ്യത്തിനുവേണ്ടി കളിക്കുന്ന പ്രധാനപ്പെട്ട കളിക്കാര്‍ സ്വാഭാവികമായും യൂറോപ്പിലെ മുന്‍നിര ടീമുകളില്‍ ആയിരിക്കുമല്ലോ കളിക്കുക.

ഇക്കഴിഞ്ഞ ഞായറാഴ്ച പ്രീമിയര്‍ ലീഗില്‍ കളിച്ച ആളുകള്‍ അടുത്താഴ്ച ഖത്തറില്‍ ലോകകപ്പ് കളിക്കാന്‍ പോവുകയാണ്. വളരെ ചുരുങ്ങിയ ദിവസങ്ങള്‍ മാത്രമാണ് അവര്‍ക്ക് പ്രിപ്പെയര്‍ ചെയ്യാന്‍ കിട്ടിയത്. ജൂണില്‍ നടക്കുന്ന വേള്‍ഡ് കപ്പ് ആണെങ്കില്‍ മിനിമം മൂന്നാഴ്ച എങ്കിലും ഇത് കിട്ടും.

ഒരു കളിക്കാരന്‍ ക്ലബ്ബിനുവേണ്ടി സൈന്‍ ചെയ്യുന്ന പടങ്ങളെല്ലാം നമ്മള്‍ കണ്ടിട്ടുണ്ടാവുമല്ലോ. ആ കോണ്‍ട്രാക്ട് വളരെ കോംപ്ലക്‌സ് ആണ്. ഇത്ര ശതമാനം കളികള്‍ കളിച്ചില്ലെങ്കില്‍, ടീമിന്റെ അല്ലെങ്കില്‍ മാനേജറിന്റെ നിര്‍ദേശങ്ങളുമായി ഒത്തുപോയിട്ടില്ലെങ്കില്‍ പണി കിട്ടും.

സ്വാഭാവികമായും എല്ലാ മാനേജര്‍മാര്‍ക്കും വേണ്ടത് ആ ടീമിന്റെ മികച്ച പ്രകടനം ആണല്ലോ. അല്ലെങ്കില്‍ മാനേജറിന്റെ പണി തെറിക്കും. അതുകൊണ്ടുതന്നെ ആ ടീമിലെ മികച്ച കളിക്കാരെ എന്തായാലും ആദ്യ പതിനൊന്നില്‍ ഇറക്കുകയും ചെയ്യും.

‘രാജ്യസ്‌നേഹം’ എന്നത് ലോകത്തിലെ തന്നെ ഏറ്റവും വലിയ ബിസിനസുകളില്‍ ഒന്നായ ഫുട്‌ബോളില്‍ വലിയ വിലയില്ലാത്ത ഒരു സാധനമാണ്. ആ ബിസിനസിനകത്ത് ലോകത്തിലെ തന്നെ എണ്ണം പറഞ്ഞ കോടീശ്വരന്മാര്‍ ഇന്‍വെസ്റ്റ് ചെയ്തിട്ടുള്ള ക്ലബ്ബുകള്‍ നന്നായി പെര്‍ഫോം ചെയ്യണം.

പരമാവധി കപ്പുകള്‍ അടിക്കണം. പരമാവധി പോയിന്റുകള്‍ നേടണം. അതുവഴി ആ ക്ലബ്ബില്‍ ഇന്‍വെസ്റ്റ് ചെയ്യുന്ന കമ്പനിയുടെ പ്രചാരം പരമാവധി വര്‍ധിച്ച് കൂടുതല്‍ കച്ചവടം നടക്കണം. അതിനപ്പുറത്തേക്ക് ‘പിറന്ന മണ്ണ്’ ‘ജനിച്ച നാട്’ പോലുള്ള സെന്റിമെന്റസ് അവിടെ ഇല്ല.

വ്യക്തിപരമായി ഖത്തറിലോ അല്ലെങ്കില്‍ മിഡില്‍ ഈസ്റ്റിലോ ഫുട്‌ബോള്‍ ലോകകപ്പ് പോലെയുള്ള ഏറ്റവും വലിയ കായിക മാമാങ്കം വരുന്നതിനോട് ഒരു എതിര്‍പ്പുമില്ല എന്ന് മാത്രമല്ല, അതിനെ വളരെയധികം സ്വാഗതം ചെയ്യുന്നു. കാരണം ലോകകപ്പ് പോലെയുള്ള ഒരു ഇവന്റ് മിഡില്‍ ഈസ്റ്റില്‍ വന്നു കഴിഞ്ഞാല്‍ അത് ആ പ്രദേശത്തുണ്ടാക്കാന്‍ പോകുന്ന മാറ്റങ്ങള്‍ വളരെ വലുതാണ്.

ഒരുപാട് ആശയങ്ങളും സംസ്‌കാരങ്ങളും ഒന്നിക്കുന്ന വേദിയാണ് ഒരു ഫുട്‌ബോള്‍ ലോകകപ്പ് അല്ലെങ്കില്‍ ഒളിമ്പിക്‌സ് പോലെയുള്ള ബ്രഹ്‌മാണ്ഡ ടൂര്‍ണമെന്റുകള്‍.

പക്ഷേ ഖത്തറിന് വേള്‍ഡ് കപ്പ് അനുവദിച്ചത് മുതല്‍ ഫിഫക്കകത്ത് നടന്നിരുന്ന പ്രശ്‌നങ്ങള്‍ പഠിക്കേണ്ടത് തന്നെയാണ്. 2010ല്‍ ഖത്തറിന് വേള്‍ഡ് കപ്പ് അനുവദിക്കുമ്പോള്‍ അന്നത്തെ ഫിഫ ബോര്‍ഡില്‍ ഉണ്ടായിരുന്നവര്‍ പലരും ക്രമക്കേടിന്റെ ഭാഗമായി പുറത്താക്കപ്പെട്ടു (കൂടുതല്‍ വിശദാംശങ്ങള്‍ക്കായി Tifo Football യൂട്യൂബ് ചാനലില്‍ കഴിഞ്ഞ മൂന്നുദിവസം വന്നിട്ടുള്ള വീഡിയോകള്‍ സജസ്റ്റ് ചെയ്യുന്നു)

ഇനി ഖത്തര്‍ ഒരു മിഡില്‍ ഈസ്റ്റ് രാജ്യമായതുകൊണ്ടും ജൂണ്‍, ജൂലൈ മാസങ്ങളില്‍ ചുട്ടുപൊള്ളുന്ന ചൂട് ആയതുകൊണ്ടും നവംബറില്‍ തന്നെ ലോകകപ്പ് വെച്ചു എന്നിരുന്നോട്ടെ. ഫുട്‌ബോള്‍ കലണ്ടര്‍ പരിഷ്‌കരിക്കാന്‍ 11 വര്‍ഷം ഫിഫയുടെ മുമ്പില്‍ ഉണ്ടായിരുന്നു. ഒരു തേങ്ങയും ചെയ്തില്ല.

ഒട്ടനവധി പ്രധാനപ്പെട്ട കളിക്കാരാണ് പരിക്കിന്റെ പിടിയില്‍ ഉള്ളത്. കുറേപേര്‍ക്ക് ലോകകപ്പ് മിസ്സായി. ലോകകപ്പിന് തൊട്ടുമുന്‍പ് അവസാനത്തെ ലീഗ് കളിയില്‍ മെസിക്കോ നെയ്മറിനോ റൊണാള്‍ഡോയ്‌ക്കോ പരിക്കേറ്റിരുന്നെങ്കില്‍ ഒരു ഫുട്‌ബോള്‍ ഫാന്‍ എന്ന നിലയില്‍ നിങ്ങളുടെ മാനസികാവസ്ഥ എന്താകുമായിരുന്നു? നെയ്മറിന്റെ പരിക്കിനെ സംബന്ധിച്ച് പറയുമ്പോള്‍ 2014 കൊളംബിയക്കെതിരെയുള്ള കളി ആര് മറക്കും?

മറ്റൊരു ഉദാഹരണം പറയാം, 2011 ക്രിക്കറ്റ് ലോകകപ്പ് ഫെബ്രുവരി മാസമാണ് തുടങ്ങിയത്. ജനുവരിയില്‍ ഐ.പി.എല്ലില്‍ മുംബൈക്ക് വേണ്ടി കളിക്കുന്ന സച്ചിനും ചെന്നൈക്ക് വേണ്ടി കളിക്കുന്ന ധോണിക്കും ടൂര്‍ണമെന്റിനിടെ പരിക്ക് പറ്റിയിരുന്നെങ്കില്‍ എന്താകുമായിരുന്നു നിങ്ങളുടെ മാനസികാവസ്ഥ? (ഐ.പി.എല്‍ പോലെയുള്ള ക്രിക്കറ്റ് ക്ലബ്ബ് മത്സരങ്ങള്‍ രണ്ട് മാസം കൊണ്ട് കഴിയും, പക്ഷേ ഫുട്‌ബോളില്‍ ക്ലബ്ബ് മത്സരങ്ങള്‍ 10 മാസം ഉണ്ടാകും)

ഇനി അതല്ല, വരാന്‍ പോകുന്ന ലോകകപ്പിന്റെ ടീം ബി.സി.സി.ഐ പ്രഖ്യാപിച്ചു എന്നിരിക്കട്ടെ. അതില്‍ സഞ്ജു സാംസണ്‍ ഇടംപിടിച്ചു എന്ന് കരുതുക. ലോകകപ്പിന്റെ തലേ ആഴ്ച താരം രാജസ്ഥാന് വേണ്ടി കളിക്കുന്നു, പരിക്ക് പറ്റുന്നു, ലോകകപ്പ് സഞ്ജുവിന് നഷ്ടമാകുന്നു എന്നാണെങ്കിലോ?

ഇതിനേക്കാള്‍ ഭീകരമാണ്, സാദിയോ മാനെയെ പോലെയുള്ള കളിക്കാര്‍ക്ക് പരിക്കേല്‍ക്കുമ്പോള്‍ സംഭവിക്കുന്നത്. സെനഗല്‍ എന്ന രാജ്യത്തിന്റെ മാത്രമല്ല ആഫ്രിക്ക എന്ന ഭൂഖണ്ഡത്തിന്റെ തന്നെ സ്വപ്നങ്ങള്‍ ചിന്നിച്ചിതറകുകയാണ്. ഫുട്‌ബോള്‍ ലോകകപ്പിന്റെ ചരിത്രത്തില്‍ ഒരിക്കല്‍ പോലും ഒരു ആഫ്രിക്കന്‍ ടീം സെമി കളിച്ചിട്ടില്ല. സെനഗലിന് ആ ഒരു സാധ്യത ഉണ്ടായിരുന്നു അത് ഇപ്പോള്‍ ഇല്ലാതായി.

ആധുനിക ഫുട്‌ബോള്‍ മുതലാളിത്തത്തില്‍ അധിഷ്ഠിതമായ ഒരു ബിസിനസ് ആണ്. ഈ ലോകത്തിലെ എണ്ണം പറഞ്ഞ കോടീശ്വരന്മാരും പണച്ചാക്കുകളും ആണ് ആ ബിസിനസ് നടത്തുന്നത്. അതിനകത്ത് മനുഷ്യ വികാരങ്ങള്‍ക്ക് സ്ഥാനമില്ല. ഉണ്ടായിരുന്നെങ്കില്‍ ഫുട്‌ബോള്‍ കലണ്ടര്‍ മാറ്റാന്‍ എന്നേ യൂറോപ്യന്‍ ലീഗുകള്‍ക്ക് കഴിയുമായിരുന്നു.

Content highlight: Edwin Joy writes about Football World Cup and Club Football

എഡ്‌വിന്‍ ജോയ്

We use cookies to give you the best possible experience. Learn more