ഫോണ്‍ ചോര്‍ത്തല്‍ വിവരം നല്‍കിയത് സി.ഐ.എ മുന്‍ ഉദ്യോഗസ്ഥന്‍
World
ഫോണ്‍ ചോര്‍ത്തല്‍ വിവരം നല്‍കിയത് സി.ഐ.എ മുന്‍ ഉദ്യോഗസ്ഥന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 10th June 2013, 11:26 am

[]വാഷിങ്ടണ്‍: അമേരിക്കയില്‍ പൗരന്‍മാരുടെ ഫോണ്‍ ചോര്‍ത്തുന്ന വിവരം പുറത്ത് വിട്ടത് യു.എസ് രഹസ്യാന്വേഷണ ഏജന്‍സിയായ സി.ഐ.എ മുന്‍ ഉദ്യോഗ്സ്ഥനാണെന്ന് ഗാര്‍ഡിയന്‍ പത്രം.[]

പൗരന്‍മാരുടെ ഫോണുകള്‍ അമേരിക്ക ചോര്‍ത്തുന്നതായി ദി ഗാര്‍ഡിയന്‍ ആയിരുന്നു പുറത്ത് വിട്ടത്. ഈ വിവരം തങ്ങള്‍ക്ക് നല്‍കിയത് സി.എന്‍.എയിലെ മുന്‍ ടെക്‌നിക്കല്‍ അസിസ്റ്റന്റായ എഡ്വേര്‍ഡ് സ്‌നോഡനാണെന്നാണ് ഗാര്‍ഡിയന്‍ വെളിപ്പെടുത്തിയിരിക്കുന്നത്.

എഡ്വേര്‍ഡിന്റെ അഭ്യര്‍ഥന പ്രകാരമാണ് വാര്‍ത്തയുടെ ഉറവിടം വെളിപ്പെടുത്തിയതെന്നും പത്രം പറയുന്നു. എഡ്വേര്‍ഡിന്റെ അഭിമുഖവും പത്രം പുറത്തുവിട്ടിട്ടുണ്ട്. വിവരങ്ങള്‍ കൈമാറിയതിന് അമേരിക്കന്‍ സര്‍ക്കാര്‍ തന്നെ പ്രോസിക്യൂട്ട് ചെയ്‌തേക്കുമെന്നും എന്നാല്‍ തെറ്റൊന്നും ചെയ്യാത്തതിനാല്‍ താന്‍ ഒളിവില്‍ പോകില്ലെന്നും എഡ്വേര്‍ഡ് അഭിമുഖത്തില്‍ പറയുന്നു.

2003 മുതല്‍ 2009 വരെയാണ് എഡ്വേര്‍ഡ് സി.ഐ.എയില്‍ ജോലി ചെയ്തത്. പിന്നീട് പ്രതിരോധ രംഗത്തെ കരാര്‍ ജോലികള്‍ നിര്‍വഹിക്കുന്ന ബൂസ് അല്ലന്‍ ഹാമില്‍ട്ടണ്‍ എന്ന സ്ഥാപനത്തിലേക്ക് മാറി.

അമേരിക്കയിലെ പ്രമുഖ ടെലികോം ശൃംഖലയായ വെരിസോണ്‍ ഉപയോക്താക്കളുടെ ഫോണ്‍ സര്‍ക്കാര്‍ ചോര്‍ത്തുന്നതായി വ്യാഴാഴ്ചയാണ് വാര്‍ത്ത വന്നത്. കൂടാതെ മൈക്രോസോഫ്റ്റ്, യാഹു, ഗൂഗ്ള്‍, ഫേസ്ബുക്, ആപ്പിള്‍, സ്‌കൈപ്, യൂ ട്യൂബ് തുടങ്ങിയ കമ്പനികളില്‍നിന്നും അമേരിക്ക വിവരങ്ങള്‍ ചോര്‍ത്തുന്നതായി വാര്‍ത്ത വന്നു.

പ്രിസം എന്ന പേരിലാണ് അമേരിക്ക പൗരന്‍മാരുടെ വിവരങ്ങള്‍ ചോര്‍ത്തിയത്. വിദേശ പൗരന്‍മാരുടെ വിവരങ്ങള്‍ ചോര്‍്ത്തുന്നതായും വാര്‍ത്തയുണ്ടായിരുന്നു. വിവരങ്ങള്‍ ചോര്‍ത്തുന്നതിനെ ന്യായീകരിച്ച് ഒബാമ നേരിട്ടെത്തുകയും ചെയ്തിരുന്നു. ആഭ്യന്തര സുരക്ഷ മുന്‍ നിര്‍ത്തിയാണ് വിവരങ്ങള്‍ ചോര്‍ത്തുന്നതെന്നായിരുന്നു ഒബാമയുടെ വിശദീകരണം.