| Wednesday, 26th June 2013, 3:19 am

സ്‌നോഡന്‍ സുരക്ഷിതനായി റഷ്യയില്‍: അമേരിക്കക്ക് കൈമാറില്ലെന്ന് പുടിന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

[]മോസ്‌കോ: അമേരിക്കയുടെ കണ്ണിലെ കരടായ എഡ്വേര്‍ഡ് സ്‌നോഡന്‍ റഷ്യയിലുണ്ടെന്നും യു.എസിന് കൈമാറില്ലെന്നും വ്‌ലാഡിമിര്‍ പുടിന്‍. അമേരിക്കന്‍ നേതൃത്വത്തെ എന്നും വെല്ലുവിളിച്ച റഷ്യന്‍ പ്രസിഡന്റ് തന്റെ ഫിന്‍ലാന്‍ഡ് സന്ദര്‍ശനത്തിന് മുമ്പായി നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് സ്‌നോഡന്‍ എവിടെയെന്ന രഹസ്യം വെളിപ്പെടുത്തിയത്.[]

സ്‌നോഡന്‍ എവിടെയാണെങ്കിലും ആ രാജ്യം അദ്ദേഹത്തെ അമേരിക്കക്ക് കൈമാറണമെന്ന് വൈറ്റ് ഹൗസ് വൃത്തങ്ങള്‍ പ്രഖ്യാപിച്ചിരുന്നു. തുടര്‍ന്നാണ് ഹോങ്കോങ്ങിലായിരുന്ന സ്‌നോഡന്‍ റഷ്യയിലെത്തിയത്.  യാത്രാമധ്യേ സ്‌നോഡന്‍ മോസ്‌കോ വിമാനത്താവളത്തിലുണ്ടെന്നും യു.എസിനു വിട്ടുകൊടുക്കില്ലെന്നും റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍ വ്യക്തമാക്കി. പുടിന് പുറമെ റഷ്യന്‍ വിദേശകാര്യമന്ത്രിയും പ്രസിഡന്റിന്റെ നിലപാട് വ്യക്തമാക്കി വാര്‍ത്താസമ്മേളനം നടത്തി.

റഷ്യയുമായി അമേരിക്ക കുറ്റവാളികളെ കൈമാറുന്ന കരാറൊന്നും നിലവിലില്ലെങ്കിലും ചാരവൃത്തയടക്കം ഗുരുതരമായ കുറ്റകൃത്യങ്ങള്‍ നടത്തിയ എഡ്വേര്‍ഡ് സ്‌നോഡനെ റഷ്യ പുറത്താക്കുമെന്ന് വിശ്വസിക്കുന്നു എന്ന അമേരിക്കന്‍ നാഷണല്‍ സെക്യൂരിറ്റി കൗണ്‍സില്‍ വക്താവിന് പുടിന്‍ മറുപടി കൊടുക്കുന്നുണ്ട്.

കുറ്റവാളികളെ കൈമാറുന്നതിന് യു.എസുമായി റഷ്യക്ക് ഒരു കരാറുമില്ല. റഷ്യന്‍ നിയമങ്ങള്‍ പ്രകാരം സ്‌നോഡന്‍ ഒരു കുറ്റവും ചെയ്തിട്ടില്ല. അതിനാല്‍ യു.എസിന്റെ ആവശ്യം പരിഗണിക്കാനാവില്ല. സ്‌നോഡന്‍ റഷ്യന്‍ അതിര്‍ത്തി വിട്ടിട്ടില്ല. അദ്ദേഹം സ്വതന്ത്രനാണ് അതേ സമയം സുരക്ഷിതനുമാണ്. എവിടെ പോകാനും സ്‌നോഡന് സ്വാതന്ത്ര്യമുണ്ട്. അവസാനം എങ്ങോട്ട് പോകുമെന്ന് അദ്ദേഹം തന്നെ തിരഞ്ഞെടുക്കും. റഷ്യന്‍ സുരക്ഷ ഏജന്‍സികള്‍ സ്‌നോഡനുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ചിട്ടില്ലെന്നും പുടിന്‍ വ്യക്തമാക്കി.

തിങ്കളാഴ്ച റഷ്യയിലെത്തിയ സ്‌നോഡന്‍ എയര്‍പോര്‍ട്ടിലെ “പോഡ്” സ്‌റ്റൈല്‍ ഹോട്ടലില്‍ തങ്ങുന്നുണ്ടെന്ന വിവരം നേരത്തെ വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. യാത്രാമധ്യേ മോസ്‌കോ വിമാനത്താവളത്തിലിറങ്ങിയ സ്‌നോഡന്‍ ഉടന്‍ റഷ്യ വിടുമെന്നും ഇത് അമേരിക്കയുമായുള്ള റഷ്യയുടെ ഉഭയകക്ഷി ബന്ധത്തില്‍ വിള്ളല്‍ വീഴ്ത്തില്ലെന്ന് പ്രതീക്ഷിക്കുന്നതായും പുടിന്‍ പറഞ്ഞു. എന്നാല്‍ സ്‌നോഡന് അഭയം നല്‍കുന്നതിനെതിരെ ചൈനക്കും റഷ്യക്കും അമേരിക്ക മുന്നറിയിപ്പ് നല്‍കിയിരുന്നു. അതിനിടെയാണ് അമേരിക്കയുടെ കടുത്ത വിമര്‍ശകനായ പുടിന്റെ പ്രഖ്യാപനം.

ടെലിഫോണ്‍, സൈബര്‍ വിവരങ്ങള്‍ ചോര്‍ത്തുന്ന വാര്‍ത്ത പുറത്തുവന്നയുടന്‍ ഹോങ്കോങ്ങിലേക്കു കടന്ന സ്‌നോഡന്‍ കഴിഞ്ഞ ദിവസം ക്യൂബയിലേക്കും തുടര്‍ന്ന് വെനസ്വല വഴി ഇക്വഡോറിലേക്ക് പോയതായും റിപ്പോര്‍ട്ടുണ്ടായിരുന്നു.

We use cookies to give you the best possible experience. Learn more